കൊച്ചി ; കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി സോന എൽദോസ് (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് റമീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആത്മഹത്യ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനുമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്. സോനയുടെ ആത്മഹത്യക്കുറിപ്പിൽ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസ് നടപടി. റമീസിന്റെ വീട്ടുകാരെയും പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.ഒറ്റപ്പേജ് കുറിപ്പാണ് കണ്ടെത്തിയത്. വടിവൊത്ത അക്ഷരത്തില്‍ തീയതിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മലിൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു തിരിച്ചെത്തിയപ്പോൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. മൂന്നു മാസം മുൻപാണ് സോനയുടെ പിതാവ് എൽദോസ് മരിച്ചത്. സോനയുടെ ആത്മഹത്യക്കുറിപ്പ് : ‘‘ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ എനിക്ക് സാധിക്കുന്നില്ല.
ഇമ്മോറല്‍ ട്രാഫിക്കിനു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷേ അവൻ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. റജിസ്റ്റർ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേനെ അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാ കല്യാണം നടത്താമെന്ന് അവൻ പറയിച്ചു. റമീസ് ചെയ്ത തെറ്റുകൾ അവന്റെ വീട്ടിൽ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകൽച്ചയുണ്ടാക്കി. ഒരു കൂട്ടുകാരൻ എന്റെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു.വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയാൽ മാത്രം പോര, തന്റെ വീട്ടിൽ നിൽക്കണമെന്നും കര്‍ശനമായി പറഞ്ഞു. ചെയ്ത തെറ്റിന് ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്നേഹമോ റമീസിൽ ഞാൻ കണ്ടില്ല. എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി. വീട്ടിൽ ഇനിയും ഒരു ബാധ്യതയായി നിൽക്കാൻ സാധിക്കുന്നില്ല. അപ്പന്റെ മരണം തളർത്തിയ എന്നെ മുകളിൽ പരാമർശിച്ച വ്യക്തികൾ ചേർന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു. ഞാൻ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാൻ അപ്പന്റെ അടുത്തേക്ക് പോകുവാ’’, സോനയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെയാണ്.
ആത്മഹത്യ ചെയ്തോളാൻ വാട്സ്ആപ്പ് ചാറ്റ്, പൊലീസ് കണ്ടെത്തി സോനയെ മർദിച്ചതിന് തെളിവായി വാട്സാപ് ചാറ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്തോളാനായിരുന്നു റമീസിന്റെ മറുപടി. കോളജിൽ സഹപാഠികളായിരുന്ന സോനയും റമീസും വിവാഹം കഴിക്കുന്നതു സംബന്ധിച്ച് വീടുകളിൽ ആലോചന നടന്നിരുന്നു.
മതം മാറിയാൽ മാത്രമേ വിവാഹം നടക്കൂ എന്ന് റമീസിന്റെ വീട്ടുകാർ അറിയിച്ചിരുന്നു എന്നും ഇതിന് തങ്ങൾ സമ്മതിച്ചെന്നുമാണ് സോനയുടെ സഹോദരൻ ബേസിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അസന്മാർഗിക പ്രവർത്തിക്ക് റമീസിനെ എറണാകുളത്തെ ഒരു ലോഡ്ജിൽ നിന്ന് പിടികൂടിയതിനു ശേഷം മതം മാറാൻ തയാറല്ലെന്ന് സോന അറിയിച്ചിരുന്നുവെന്നും ബേസിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.