ധര്‍മസ്ഥല(കര്‍ണാടക): ധര്‍മസ്ഥല കേസില്‍ പ്രത്യേക അന്വേഷണസംഘത്തിലെ(എസ്ഐടി) ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാക്ഷിയുടെ അഭിഭാഷകന്. സിര്‍സി സ്റ്റേഷനിലെ ഇന്‍സ്പെക്ടറും എസ്ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡയ്ക്കെതിരേയാണ് ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത്.
ഇന്‍സ്പെക്ടര്‍ മഞ്ജുനാഥ ഗൗഡ കഴിഞ്ഞ ദിവസം സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചെന്നുമാണ് ആരോപണം. ധര്‍മസ്ഥല കേസില്‍ എസ്ഐടി സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത്.
സാക്ഷിയെ ഭീഷണിപ്പെടുത്തിയ എസ്ഐടി അംഗമായ മഞ്ജുനാഥ ഗൗഡയ്ക്കെതിരേ കേസെടുക്കണമെന്ന് ധര്‍മസ്ഥല ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കുഴിച്ചിട്ട മൃതദേഹങ്ങള്‍ എസ്ഐടി എടുത്തില്ലെങ്കില്‍ തങ്ങള്‍ എടുക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹി ജയന്ത് മാധ്യമങ്ങളോട് പറഞ്ഞു.
നാലാംനാള്‍ ഒന്നും കണ്ടെത്താനായില്ല; ഇന്ന് മൂന്നിടങ്ങളില്‍ പരിശോധന
ധര്‍മസ്ഥല: ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പ്രകാരം നേത്രാവതി പുഴയ്ക്കരയില്‍ വെള്ളിയാഴ്ച നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. അടയാളപ്പെടുത്തിയ ഏഴ്, എട്ട് സ്ഥലങ്ങളില്‍ രാവിലെ 11.30- ഓടെ മണ്ണുനീക്കി പരിശോധിച്ചു. കുഴിക്കുമ്പോള്‍ നീരുറവ വരുന്നത് തിരച്ചിലിന് തടസ്സമായി. പമ്പ് കൊണ്ടുവന്ന് വെള്ളം നീക്കിയാണ് പരിശോധന തുടര്‍ന്നത്.
മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്നു പറഞ്ഞത് 13 ഇടങ്ങളിലാണ്. ഇതില്‍ എട്ട് സ്ഥലങ്ങളില്‍ നാലുദിവസങ്ങളിലായി പരിശോധിച്ചു. ശനിയാഴ്ച മൂന്നിടങ്ങളില്‍ മണ്ണുനീക്കി പരിശോധിക്കും. ധര്‍മസ്ഥല-സുബ്രഹ്മണ്യ റോഡിന് തൊട്ടരികെയാണ് ഈ സ്ഥലങ്ങള്‍. ഗതാഗതതടസ്സമുണ്ടാവാതെ മണ്ണുനീക്കി പരിശോധിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കഴിഞ്ഞ ദിവസം ആറാം സ്ഥലത്ത് കുഴിച്ചപ്പോള്‍ കിട്ടിയത് അഞ്ച് പല്ലും രണ്ട് തുടയെല്ലും ഒരു താടിയെല്ലുമാണ്. ഇത് പുരുഷന്റെതാണെന്ന പ്രാഥമിക നിമഗനത്തിലാണ് അന്വേഷണസംഘം. അസ്ഥികള്‍ ബെംഗളൂരുവിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു.
അന്വേഷണ സംഘത്തലവന് ആഭ്യന്തരമന്ത്രിയെ കണ്ടു പ്രണബ് മൊഹന്ദി ഉടന്‍ ചുമതലയൊഴിയില്ലെന്ന് ആഭ്യന്തരമന്ത്രി
ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്ഐടി) തലവന്‍ ഡിജിപി പ്രണബ് മൊഹന്ദി വെള്ളിയാഴ്ച ആഭ്യന്തര മന്ത്രി ജി.പരമേശ്വരയെ സന്ദര്‍ശിച്ചു. അന്വേഷണസംഘത്തില്‍നിന്ന് പ്രണബ് മൊഹന്ദി ഒഴിഞ്ഞേക്കുമെന്ന് അഭ്യൂഹം പ്രചരിക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച.
ഡയറക്ടര്‍ ജനറല്‍ റാങ്ക് ഓഫീസര്‍മാരായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പാനലില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. എസ്ഐടി തലവന്‍ സ്ഥാനമൊഴിയുമെന്നും കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചേക്കുമെന്നുമാണ് അഭ്യൂഹം പരന്നത്. എന്നാല്‍, പ്രണബ് മൊഹന്ദി ഉടന്‍ കേന്ദ്ര സര്‍വീസിന്റെ ഭാഗമാകില്ലെന്ന് കൂടിക്കാഴ്ചക്കുശേഷം മന്ത്രി പരമേശ്വര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അദ്ദേഹത്തിന് കേന്ദ്ര സര്‍വീസില്‍ പ്രവേശിക്കാനായി സംസ്ഥാനത്തെ ചുമതലയില്‍നിന്ന് വിടുതല്‍ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര നിര്‍ദേശം വരുമ്പോഴാണ് ഇതില്‍ തീരുമാനമെടുക്കുക. അത്തരം നിര്‍ദേശങ്ങളൊന്നും കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇതുവരെ എത്തിയിട്ടില്ലെന്നും പരമേശ്വര പറഞ്ഞു. ഈ വിഷയം മൊഹന്ദിയുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാവിഭാഗം ഡിജിപിയാണ് നിലവില്‍ പ്രണബ് മൊഹന്ദി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.