അയര്‍ലണ്ടില്‍ നിന്നും ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധ നേടുന്നു. എന്തുകൊണ്ടാണ് ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്.
ചില കാര്യങ്ങള്‍ സത്യമാണോ ?.. ആരാണ് ഈ പ്രതിഷേധം അയര്‍ലണ്ടിലെ ഇന്ത്യക്കാരുടെ പുതിയ രക്ഷകര്‍.. ഇവര്‍ ഇന്ത്യന്‍ കുടിയേറ്റക്കാരെ പ്രതിനിധികരിക്കുന്നുവോ..? കുടിയേറ്റ ജനതയ്ക്ക് പറയാനുള്ളത്..!!
വംശീയ ആക്രമണങ്ങള്‍ നടക്കുന്ന സമയത്ത് തന്നെയാണ് ഈ പോസ്റ്റുകൾ പ്രചരിക്കുകയും ചെയ്യുന്നത്. അതും അയര്‍ലണ്ടില്‍ ജീവിക്കുന്ന പ്രവാസികള്‍ തന്നെയാണ് ഇപ്രകാരം ചിന്തിക്കുന്നത്..
ഏറ്റവും കൂടുതല്‍ "thank you" യും please യും പറഞ്ഞിരുന്ന അയര്‍ലണ്ട് എന്ന രാജ്യം പെട്ടെന്ന് മാറി ചിന്തിക്കാന്‍ കാരണം, Ukraine - പലസ്തീന്‍ അഭയാര്‍ത്ഥി പ്രശ്നവും, അഭയാര്‍ത്ഥികള്‍ പെരുകിയതും വീടുകള്‍ കിട്ടാതെ വരികയും സമൂഹത്തില്‍ ഐറിഷ് സംസ്കാര മാറ്റവും എത്തിയത് കുറച്ച് ഒന്നും അല്ല ഐറിഷ് ജനതയുടെ മനസ്സമാധാനം കെടുത്തിയത്.
കൂടാതെ ഏറ്റവും കൂടുതല്‍ ക്രൈം അഭയാര്‍ത്ഥി, Migrants ഇവരുടെ ഇടയില്‍ നിന്ന് ആണ് എന്ന വ്യാജ പ്രചാരണവും ആണ്. അതായത് അഭയാര്‍ത്ഥികള്‍ കുട്ടികളെ ആക്രമിക്കുന്നു, ഇത് നിർബാധം സഞ്ചരിച്ചിരുന്ന ഐറിഷ് സമൂഹത്തെ ഭയാശങ്കയില്‍ ആക്കി, ചില വിദ്യാര്‍ഥികള്‍ പ്രലോഭനങ്ങളില്‍ ഉള്‍പ്പെട്ട് പെണ്‍ കെണികളില്‍ കുടുങ്ങിയത് വാര്‍ത്തകളില്‍ നിറഞ്ഞു. തീവ്ര വംശീയ ഗ്രൂപ്പില്‍ ഇവ പ്രചരിക്കപ്പെട്ടു, ഇത് ശരിയായ കുടിയേറ്റക്കാരെയും അല്ലാത്തവരെയും ഒരുപോലെ കാണുന്നതിലേയ്ക്ക് നയിച്ചു.
കൂടാതെ ഇന്ത്യന്‍ കമ്യൂണിറ്റി എന്ന് പറഞ്ഞു, മര്യാദ പാലിക്കാതെ, ഗ്രൗണ്ട് വാടക നല്‍കി അടിക്കടി ഉണ്ടായ മേളകളും ഒരു പരിധിവരെ പ്രശ്നം സൃഷ്ടിക്കുന്നു എന്ന് അയര്‍ലണ്ടില്‍ താമസിക്കുന്ന നിരവധി മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സമൂഹം പറയുന്നത് ശരി വയ്ക്കുന്ന രീതിയില്‍ തന്നെയാണ് താഴെയുള്ള പോസ്റ്റുകൾ ഉള്‍പ്പെട്ട പറയുന്നത്. നടിമാരും മറ്റും എത്തിയ മിക്ക മേളകളും sponsored promotional പ്രോഗ്രാം ആയി മാറി, കൂടാതെ ഇവ ഇന്ത്യന്‍ കമ്യൂണിറ്റികളില്‍ കടന്ന് കയറി കച്ചവട ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതാണ് കണ്ടത്. അതായത് ഇതിന്റെ ടിക്കറ്റ് വില്‍പ്പനയുടെ പിന്നില്‍ ഗൂഢ കച്ചവട ലക്ഷ്യം ഉണ്ട് എന്നത് പച്ചയായ പരമാര്‍ത്ഥം മാത്രം.
അതായത് ഐറിഷ് ജനതയുടെ സംസ്കാരത്തെ ഒറ്റപ്പെടുത്തി, അവര്‍ക്ക് പോലും പങ്കെടുക്കാന്‍ പറ്റാത്ത പരിപാടികള്‍ ആണ് നടന്നത്. ഫിലിപ്പീന്‍സ്, ജാപ്പനീസ്, ആഫ്രിക്ക.. തുടങ്ങിയ കമ്യൂണിറ്റികള്‍ എല്ലാവരേയും മാനിച്ച് പരിപാടികള്‍ നടത്തിയപ്പോഴാണ് ഇന്ത്യന്‍ ജനതയെ മാത്രം ഉയർത്തുന്ന ഇത്തരം സ്റ്റേജ് ഷോകള്‍ കച്ചവട ലക്ഷ്യത്തോടെ അരങ്ങു തകര്‍ത്തത്.
അതില്‍ ഫുഡ് വിതരണം ഉള്‍പ്പെട്ട ഐറിഷ് - ഇന്ത്യന്‍ കമ്പനികള്‍ നല്‍കിയ ഭക്ഷണം പലപ്പോഴും ഐറിഷ് ഫുഡ് അതോറിറ്റിയ്ക്ക് തലവേദന ഉണ്ടാക്കി. കൂടാതെ തമ്മില്‍ തമ്മില്‍ ഉള്ള ഇന്ത്യന്‍ ആളുകളുടെ വൈരാഗ്യമാണ് എന്ന പരമമായ സത്യം എല്ലാവര്‍ക്കും അറിയാവുന്നതാണുതാനും.
നാട്ടുകാരുടെ വീടുകള്‍ മുന്‍പില്‍ സൃഷ്ടിച്ച പാര്‍ക്കിങ് പ്രശ്‌നങ്ങള്‍, ഉച്ചത്തില്‍ പാട്ട് വച്ച് രാവിലെ മുതല്‍ ഇരുട്ട് വരെ നടത്തിയ മിക്ക പരിപാടികളും അകത്ത് ഹാളില്‍ നടത്താമെന്ന് ഇരിക്കെ, പല ഭാഗങ്ങളിലും ഇത് ലോക്കൽ ജനതയുമായി പ്രശ്‌നം സൃഷ്ടിക്കുന്നത് പതിവായി മാറി. ഇതെല്ലാം പൊതുവെ സഹായികളായ തദ്ദേശീയരുടെ ക്ഷമ പരീക്ഷിച്ചു.
ഇവിടെ എത്തുന്ന വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തോട് അടുക്കുന്നതിന് പകരം തന്നിരിക്കുന്ന വീടുകളില്‍ പ്രശ്നം സൃഷ്ടിക്കുന്നു, വാടക ലാഭത്തിന് വേണ്ടി ഒരു വീട്ടില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി സബ് ലെറ്റ് ചെയ്യുന്നു. പാര്‍ട് ടൈം ജോലി ചെയ്തു ലഭിക്കുന്ന പണം യൂറോ.. ആയപ്പോള്‍ "ആര്‍ഭാടം ആഭാസത്തിന്" വഴി മാറി, വഴിവിട്ട ബന്ധങ്ങളും നാട്ടില്‍ പാട്ടായി. അതിനിടെ വിദ്യാഭ്യാസം "പബ്കളിലും" നിശ പാര്‍ട്ടികളിലും, പിന്നീട് യാത്ര രാത്രി കാലങ്ങളില്‍ ആരും യാത്ര ചെയ്യാന്‍ മടിക്കുന്ന കള്ളുകുടിയും ഡ്രഗ്സ് കൈ മാറ്റവും നടക്കുന്ന തെരുവുകളില്‍ കൂടി, അവിടെ നടന്നു സമൂഹിക വിരുദ്ധരുടെ തല്ലു വാങ്ങി, ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍ അക്രമികള്‍ കൂടുതലും സമൂഹ്യ വിരുദ്ധര്‍ ആണ് എന്നതാണ് സത്യം.
അസമയത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും വലിയ ഉച്ചത്തില്‍ പാട്ട് വച്ച് നിശബ്ദമായ വഴികള്‍ വ്ളോഗുകള്‍ക്ക് ഇതിവൃത്തമാക്കി, എന്നാല്‍ സാധാരണക്കാരായ തദ്ദേശ ജനതയ്ക്ക് ഇതൊക്കെ താങ്ങുന്നതിനും അപ്പുറമായിരുന്നു. കുറച്ച് കാലം കണ്ടിട്ടില്ല എന്ന് നടിച്ച ഇക്കൂട്ടരുടെ ചെയ്തികള്‍ എല്ലാം തദ്ദേശജനതയുടെ സ്വസ്ഥത കെടുത്തി. മിക്കതും പോലീസ് കേസുമായി..ചിലര്‍ പിടിയിലായത് മുന്‍പും പിന്‍പും വാര്‍ത്തകളില്‍ sensation സൃഷ്ടിക്കുന്നു... ഐറിഷ് കമ്യൂണിറ്റികളില്‍ ഇന്ത്യക്കാരുടെ വില കെടുത്തി പ്രചരിക്കുന്നു.
ഉപദേശിക്കുവാന്‍ ചെന്ന മുന്‍കാല കുടിയേറ്റ പ്രവാസികളെ "അങ്കിള്‍ സിൻഡ്രോം" എന്ന് പറഞ്ഞു കളിയാക്കുന്ന പുതിയ തലമുറയെ ആയിരുന്നു കഴിഞ്ഞ ചില വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ കാണുവാന്‍ കഴിഞ്ഞത് . എന്നാല്‍ പഴയ കുടിയേറ്റ ജനത 20-25 കൊല്ലം ആയി അയര്‍ലണ്ടില്‍ താമസിക്കുന്ന ആളുകള്‍, തദ്ദേശീയ ജനതയുടെ സംസ്കാരത്തോട് ഒപ്പം ജീവിച്ചു, അവരുടെ കൂടെ ഇടപഴകി, അവരെ ഐറിഷ് ജനതയുടെ സ്നേഹത്തോടെ സ്വീകരിച്ചു..എന്നിരുന്നാലും ഒറ്റപ്പെട്ട വംശീയ അക്രമങ്ങള്‍ മുന്‍പും അയര്‍ലണ്ടില്‍ ഉണ്ടായിരുന്നു,
എന്ത് കൊണ്ട് അയര്‍ലണ്ടില്‍ പ്രവാസി കുടുംബങ്ങള്‍ ആക്രമിക്കപെടുന്നില്ല, എന്നത് മാറ്റി ചിന്തിക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നു.. ഇവിടെ നടക്കുന്ന പ്രതിഷേധങ്ങളില്‍ പലതും അതാത് കമ്മ്യുണിറ്റികളില്‍ പൊലീസുമായി ചേര്‍ന്ന് തീര്‍ക്കണം എന്ന് തന്നെയാണ് മിക്ക അയര്‍ലണ്ട് പ്രവാസികളുടെയും ആഗ്രഹം.
എന്നാല്‍ താത്കാലിക പ്രശസ്തിയും രാഷ്ട്രീയ ലാഭവും മുന്‍നിര്‍ത്തി ഇവയെ തങ്ങളുടെ വഴിയിലേക്ക് മാറ്റിവിടുന്ന രീതിയില്‍ പല പ്രതിഷേധങ്ങളും മാറ്റപ്പെടുന്നു, ഇപ്പോള്‍ മുന്നില്‍ ഉള്ളവര്‍ ആരും യഥാർത്ഥ കമ്യൂണിറ്റി പ്രതിനിധികള്‍ അല്ല, എന്നാണ് മിക്ക കുടിയേറ്റ കുടുംബങ്ങളും ഈ പ്രശ്നം ഇപ്പോള്‍ വിലയിരുത്തുന്നത്. ഉദാഹരണത്തിന് Ireland india Council, Kranthi, Desi Community.. തുടങ്ങിയ community.. കളെ നയിക്കുന്നത് ആരാണ്..?അതായത് ഇതെല്ലാം.. ചില സ്വയം പ്രഖ്യാപിത കമ്യൂണിറ്റികള്‍ മാത്രം. ഇവര്‍ ഒക്കെ അവരുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി നിലകൊള്ളുന്ന ചില കൂട്ടങ്ങള്‍ മാത്രം.
എല്ലാ അക്രമങ്ങളും വംശീയമല്ല, സാഹചര്യങ്ങള്‍ വിലയിരുത്തല്‍ നടത്തണം... മര്യാദകൾ മറക്കപ്പെടുന്നുവോ??..
പോസ്റ്റിന്റെ പൂര്‍ണ രൂപം
മര്യാദകൾ മറക്കപ്പെടുന്നുവോ??
ഇവിടെ ഈ ദിവസങ്ങളിൽ നടക്കുന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ, നിയമത്തിന്റെയും മനുഷ്യാവകാശത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ സമാന്തരമായി എന്റെ പിഴ ചൊല്ലി നാം തിരുത്തേണ്ട ചില മേഖലകളുണ്ട് . അവ നാം തിരിച്ചറിയാതെ പോയാൽ പോംവഴികൾ ഇല്ലാത്തവണ്ണം കാര്യങ്ങൾ ഇനിയും വഷളാകാൻ ഇടയുണ്ട്. നാം കണ്ടതുപോലെ കൊച്ചു കുഞ്ഞുങ്ങൾ പോലും അതിന്റെ ഫലം അനുഭവിക്കണം.
ആദ്യം തിരിച്ചറിയേണ്ടത് നമ്മൾ പ്രവാസികളാണെന്ന യാഥാർഥ്യമാണ് . ഇവിടെ നമ്മൾ വീട്ടുകാരല്ല വിരുന്നുകാരാണ്. ഐറിഷ് പാസ്പോർട്ട് എന്നൊക്കെ പറയുന്നത് ഒരു ഔപചാരികത മാത്രം. വീട്ടുകാരുടെയത്ര സ്വാതന്ത്ര്യം വിരുന്നുകാർക്കില്ല എന്നത് സ്വയം തിരിച്ചറിയേണ്ടത് വീട്ടുകാരല്ല വിരുന്നുകാരാണ്. അല്ലെങ്കിൽ അപമാനവും അവഹേളനവും അപകടവും ദൂരത്തല്ല.
കലാകാലങ്ങളായി ഈ ജനത അവരുടെ ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്ന ഒരു നിലവാരമുണ്ട്. വൃത്തിയുടെ കാര്യത്തിൽ, ഡ്രൈവിങ്ങിന്റെ കാര്യത്തിൽ,
മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുന്ന കാര്യത്തിൽ, ഭക്ഷണരീതികളുടെ കാര്യത്തിൽ, പൊതുസ്ഥലത്തെ പെരുമാറ്റത്തിന്റെ കാര്യത്തിൽ, രാഷ്ട്രീയത്തിൽ, വരി നിൽക്കുന്ന കാര്യത്തിൽ..അങ്ങനെയെന്തെല്ലാം. നമ്മൾ മൂലം അത് ഒന്നൊന്നായി ഇല്ലാതാകുമ്പോൾ അവരുടെ അഭിമാനവും സ്വസ്ഥതയും വ്രണപ്പെടുമെന്നത് സ്വഭാവികമായ ഒരു വസ്തുത മാത്രം.
നമ്മുടെ സംസ്കാരത്തെ പൂർണമായും ഉപേക്ഷിക്കുക എന്നത് ചിന്തിക്കാനാവില്ല. എങ്കിലും പ്രവാസത്തെ പുണർന്നവർ എന്ന നിലയിൽ നമ്മുടെ ചില രീതികളെ പൂർണമായോ ഭാഗികമായെങ്കിലുമോ ഉപേക്ഷിക്കാതെ, ഞാൻ ഇങ്ങനെയേ ജീവിക്കൂ എന്നു വാശിപിടിച്ചാൽ ഫലം അനുഭവിക്കേണ്ടി വരുന്നത് മര്യാദക്കു ജീവിക്കുന്ന നിരപരാധികൾ കൂടിയായിരിക്കും.
ഈയിടെ ഒരു എസ്റ്റേറ്റിൽ മദ്യപിച്ചു ലക്കുകെട്ട ഒരു മലയാളി പാർക്കിംഗ് ഏരിയയിൽ നിന്ന് നിയന്ത്രണം വിട്ട കാറുമായി കുട്ടികൾ കളിച്ചുകൊണ്ടിരുന്ന മൈതാനത്തിലൂടെ ഓടിച്ച് ഭാഗ്യം കൊണ്ടുമാത്രം ആരെയും ഇടിക്കാതെ നിന്നു. എവിടെയാണ് താമസിക്കുന്നതെന്നു ചോദിച്ചപ്പോൾ അതുപോലും അയാൾക്ക് പറയാനാവുന്നില്ല. അവിടെ താമസിക്കുന്ന എല്ലാ മലയാളികളും അയാളുടെ ഈ മോശം പ്രവൃത്തിയാൽ വിലയിരുത്തപ്പെടുമെന്നതിൽ ആർക്കാണ് സംശയം?
1,ജോലിസ്ഥലത്ത് മീൻ വറുത്തതും സാമ്പാറും കൂട്ടിക്കുഴച്ച് കൈകൊണ്ടു വാരി കഴിക്കുന്നത് കണ്ടാൽ നമുക്ക് നാവിൽ വെള്ളമൂറും. എന്നാൽ ഇവിടത്തുകാരിൽ അതുണ്ടാക്കുന്നത് ഓക്കാനവും കലിയുമാണെന്നത് ഓർത്താൽ നമുക്ക് നന്ന്.
2,ഇവിടത്തെ ഡ്രൈവിങ്ങിന്റെ സാമാന്യ നിയമങ്ങൾ പോലും മനസ്സിലാക്കാതെ വണ്ടിയുമെടുത്ത് റോഡിലേക്കിറങ്ങുന്ന മലയാളികളും ഓർക്കുക, മുഴുവൻ മലയാളി സമൂഹത്തെയുമാണ് നമ്മൾ വിലകുറഞ്ഞവരാക്കുന്നത്. സീബ്രാ ലൈനുകളെയും കാൽനടക്കാരെയും അല്പം പോലും മാനിക്കാത്ത ഡ്രൈവിംഗ് സംസ്കാരം നമുക്ക് ഉപേക്ഷിക്കാം. പ്രത്യേകിച്ച് കാത്തുനിൽക്കാൻ അല്പം പോലും ക്ഷമയില്ലാത്ത ഒരു ഡ്രൈവിംഗ് സംസ്കാരം നമ്മുടെ രക്തത്തിൽ ഉണ്ട്. അതുപോലെ കുഞ്ഞുങ്ങളെ മടിയിൽ ഇരുട്ടി യാത്ര ചെയ്യുക, പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലത്തു തന്നെ പാർക്ക് ചെയ്യുക തുടങ്ങിയ കലാപരിപാടികൾ നമുക്കിടയിൽ സർവ്വ സദ്ധാരണമാവുകയാണ്. ഇവിടെയുള്ളവർ ഡ്രൈവിങ്ങിൽ കാണിക്കുന്ന മാന്യതയും മര്യാദയും അവർ തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട്.
3, കൂട്ടം കൂടി സംസാരിച്ച് നടന്നു പോകുന്ന ഒരുകൂട്ടം മലയാളി ചെറുപ്പക്കാർ. എതിരെ വരുന്ന ഒരു പ്രായമായ സ്ത്രീയെ പരിഗണിക്കുകപോലും ചെയ്യാതെ നടപ്പു തുടരുകയാണ്. അരികിലേക്ക് മാറി ഒതുങ്ങി നിൽക്കേണ്ടി വരുന്ന ആ സ്ത്രീയുടെയുടെയുള്ളിൽ നുരഞ്ഞുപൊന്തുന്ന വിപരീത വികാരം സ്ഫോടനാത്മകമാണെന്ന് മറക്കാതിരിക്കുക
4,പൊതു ഇടങ്ങളിൽ പ്രത്യേകിച്ച് ബസുകൾ ,ബസ്സ് സ്റ്റോപ്പുകൾ,ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നാട്ടിലേക്ക് വീഡിയോ കോൾ വിളിച്ച് ഉച്ചത്തിൽ മലയാളം പറയുന്നവരേ, വേണമെങ്കിൽ നിങ്ങൾക്ക് പറയാം അതെന്റെ സ്വതന്ത്ര്യമാണെന്ന്. മനസ്സിലാക്കുക, അപമര്യാദയാണ് അപകടമാണ്.
5, വർദ്ധിച്ചു വരുന്ന ആഘോഷങ്ങളാണ് മറ്റൊന്ന്. മലയാളി മഹാ സംഗമങ്ങൾ സൃഷ്ടിക്കുന്ന ഗതാഗത കുരുക്കിലും കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങളിലും ( നമ്മുടെ ഒരു സ്വര സംസ്കാരമാണത്) പെട്ടു പോകുന്ന ഓരോ സ്വദേശിയുടെ ഉള്ളിലും വിപരീത വികാരത്തിന്റെ ഒരു കടൽ ഇരമ്പുന്നുണ്ട്.
6, റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്ന ഒരാൾക്കായി വണ്ടി നിർത്തിക്കൊടുത്തു. നന്ദി സൂചകമായി ഒന്നു നോക്കുകയോ കൈ വീശി കാണിക്കാതെയോ ആ വ്യക്തി റോഡ് മുറിച്ചു കടന്നു പോയാൽ മിക്കവാറും ഉറപ്പിച്ചോളൂ അതൊരു മലയാളി ആണ്. അത് കാണുന്ന മലയാളിയായ എനിക്ക് ദേഷ്യം തോന്നുന്നുവെങ്കിൽ ഇവിടത്തുകാർക്ക് ദേഷ്യം എത്രത്തോളമെന്ന് ഊഹിക്കുക.
7,ഇവിടത്തെ കുട്ടികൾ സ്വൈര വിഹാരം നടത്തിക്കൊണ്ടിരുന്ന ചിൽഡ്രൻസ് പാർക്കുകളിൽ നമ്മുടെ കുട്ടികളും ഇപ്പോൾ ധാരാളമായി കളിക്കുന്നുണ്ട്. ഊഴം കാത്തുനിന്ന് ഓരോ റൈഡിലും കയറുക എന്ന സാമാന്യ മര്യാദ നമ്മുടെ കുട്ടികൾ കാണിക്കുന്നുണ്ടെന്ന് പ്രിയ മാതാപിതാക്കളേ നിങ്ങൾ ശ്രദ്ധിക്കണം. പല കളിസ്ഥലങ്ങളിലും ഇന്ന് സർവസാധാരണമായി കാണുന്ന ഒരു മര്യാദലംഘനമാണിത്
8,ഹെൽത്ത് ആൻഡ് സേഫ്റ്റിയുടെ നിബന്ധനകൾ പാലിക്കാതെ പൊതു ഇടങ്ങളിൽ ഭക്ഷണം വിതരണം ചെയ്യപ്പെടുകയും അത് പിടിക്കപ്പെടുകയും ചെയ്യുമ്പോൾ അതിൽ പാരവയ്പ്പ് എന്ന്പറഞ്ഞ് കലഹിക്കുന്നതിലുപരി ഒരു നിയമലംഘനം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. നമുക്ക് ശ്രദ്ധിക്കാം. നമ്മുടെ വിലയല്ലേ ഇടിയുന്നത്.
9, മുത്തുക്കുടകളും പട്ടുസാരിയും വെള്ളമുണ്ടും ഉണ്ടെങ്കിലേ നമ്മുടെ പെരുന്നാളുകൾ പൂർണമാകൂ എന്ന ചിന്തയും ഉപേക്ഷിക്കേണ്ടതാണ്. ആത്മീയതയും വിശ്വാസവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഇത്തരം ബാഹ്യ പ്രകടനങ്ങൾ ഇവിടെയുള്ളവർക്ക് അല്പം പോലും ദഹിക്കുന്നില്ല എന്നു മാത്രമല്ല അവിടെയൊരു അസഹിഷ്ണുത വളരുന്നുമുണ്ട് എന്ന് തിരിച്ചറിയാതെ പോയാൽ അവിടെയും നാം ഒറ്റപ്പെടും. സംശയമില്ല. പിന്നെ ഇത്തരം കാര്യങ്ങൾ കാണുന്നവർ അവരുടെ സ്വതവേയുള്ള ശീലം കൊണ്ട്, മനോഹരം അവിശ്വസനീയം എന്നൊക്കെ പറയുമെന്നു മാത്രം. മുത്തുക്കുടകളും പട്ടുചേലയും ആളുകൾ കുറഞ്ഞ അകവാതിൽ പരിപാടികളിലേക്ക് തൽക്കാലത്തേക്കെങ്കിലും ഒതുക്കണം.
10, അല്പമെങ്കിലും പിന്തുണ കിട്ടാൻ സാധ്യതയുണ്ടായിരുന്ന ദേവാലയങ്ങളിൽ നിന്നും നമ്മൾ പൂർണമായും അകലുകയാണ്. വിചിന്തനം നല്ലതായിരിക്കും. മലയാളി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ആരാധനാലയങ്ങളിൽ നിന്നും മാറി , നമുക്ക് നമ്മുടെ രീതികൾ മാത്രം മതി എന്ന മട്ടിൽ ചിന്തിക്കുന്നതിന്റെ പോരായ്മകൾ നാം മനസിലാക്കി വരുമ്പോഴേക്കും സമയം ഒരുപാട് കടന്നു പോയിരിക്കും.
11, പകർച്ച വ്യാധി പോലെ പടരുന്ന റീൽസ് സംസ്കാരമാണ് മറ്റൊരു ഭീഷണി. ജോലി സ്ഥലത്തും നടുറോഡിലും നഗരമധ്യത്തിലും പാർക്കിലും എന്നുവേണ്ട സകലയിടത്തും അന്യന്റെ സൗകര്യത്തെ അല്പം പോലും മാനിക്കാതെ മലയാളം പാട്ടും വച്ച് ഇന്ത്യൻ വസ്ത്രങ്ങളും അണിഞ്ഞ് ആടിപ്പാടുന്ന റീൽസ് നിർമ്മാതാക്കളേ……പ്ലീസ് . ലീഡിലിലും ടെസ്കോയിലും കയറി, ഓരോന്നു വാങ്ങി അത് ഉയർത്തിപ്പിടിച്ച് ആരെയും ഗൗനിക്കാതെ ഹലോ ഗെയ്സ് ഞാൻ നാളത്തെ ബ്രേക്ക് ഫാസ്റ്റിന് ഇതാണ് വാങ്ങാൻ പോകുന്നത് ട്ടോ. നല്ലതാണ് ട്ടോ എന്ന രീതിയിൽ ചെയ്യപ്പെടുന്ന റീൽസ് കാണുന്നവർക്കും ആ കടയിലുള്ളവർക്കും ഉണ്ടാക്കുന്ന ഇഷ്ടക്കേട് പ്രിയപ്പെട്ട റീൽസ് മലയാളികളേ നമ്മൾ തിരിച്ചറിയുകതന്നെ വേണം.
12, പത്തോ ഇരുപതോ അടി അകലെ മാറി പെഡസ്ട്രിയൻ ക്രോസിംഗ് ഉണ്ടെന്നിരിക്കെ വണ്ടിയുടെ ഒഴിവു നോക്കി , അതും ഹെഡ് ഫോണും വച്ച് അരുതാത്ത സ്ഥലത്തു കൂടി റോഡ് മുറിച്ചു കടക്കുന്ന മലയാളി യുവതീയുവാക്കളെക്കൊണ്ട് റോഡുകൾ നിറഞ്ഞിരിക്കുന്നു. ഇതു കാണുന്ന സ്വദേശികൾ നമ്മളെ വെറുക്കും.തീർച്ച. ഫലം അനുഭവിക്കുന്നതോ ആറും ഏഴും വയസുള്ള കുഞ്ഞുങ്ങളും.
13, സമയ നിഷ്ഠയാണ് മറ്റൊന്ന്. പിറന്നാളുകൾ ,ആദ്യകുർബാന തുടങ്ങിയ പരിപാടികൾക്ക് ഹാളുകൾ ബുക്ക് ചെയ്ത സമയം കഴിഞ്ഞും സോറി സോറി എന്ന് പറഞ്ഞ് സമയം വീണ്ടും വീണ്ടും നീട്ടുകയും വേസ്റ്റ് അവിടെത്തന്നെ തള്ളി പോവുകയും ചെയ്തു ചെയ്ത് മലയാളി എന്ന് കേട്ടാൽ എല്ലാ ഹാളുകളുടെയും വാതിൽ അടഞ്ഞു തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
14, കാർ ബൂട്ട് ബാറുകളാണ് മലയാളികളെ മുച്ചൂടും നാണം കെടുത്തുന്ന മറ്റൊരു കാര്യം. ഏതൊരു ആഘോഷം നടന്നാലും ജീവിതത്തിൽ ഒരിക്കലും മദ്യം കാണാത്തത്ര ആവേശത്തോടെ കാറിന്റെ ഡിക്കി തുറന്നു വച്ച് നടത്തുന്ന മദ്യശാലകൾ മലയാളികളെ എത്രമാത്രം അപമാനിതരാക്കിയിട്ടുണ്ടെന്നത് വിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കും. നമുക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കിട്ടിക്കൊണ്ടിരുന്ന എത്രയോ ഹാളുകൾ ഈ ഒരൊറ്റ കാരണത്താൽ നമുക്ക് കിട്ടാതായി.
15, ഇന്ത്യൻ വാദ്യ സംഗീത ഉപകരണങ്ങളുടെ രാജാവ് എന്നാണ് ചെണ്ടയെ വിളിക്കുന്നത്. ശബ്ദം ഏറ്റവും കൂടുതൽ അകലേക്ക് കേൾപ്പിക്കാൻ സാധിക്കുന്ന ഉപകരണം ആയതുകൊണ്ടാണ് ചെണ്ടയെ അങ്ങനെ വിളിക്കുന്നത്. അയർലൻഡിനെ സംബന്ധിച്ചിടത്തോളം മലയാളികൾ എവിടെ ഒരുമിച്ചു കൂടിയാലും ചെണ്ട ഇല്ലാതെ പറ്റില്ല എന്ന സ്ഥിതി ആയിരിക്കുന്നു. ഇതുണ്ടാക്കുന്ന താളസുഖം ആസ്വദിക്കുന്നത് നമ്മൾ മാത്രമാണ്. ഇവിടത്തുകാർക്ക് അതൊരു ശബ്ദ മലിനീകരണം തന്നെയാണ്. പൊതുസ്ഥലത്ത് ശബ്ദമുണ്ടാക്കുന്നത് അങ്ങേയറ്റം വെറുക്കുന്ന ഒരു ജനത ജീവിക്കുന്ന രാജ്യമാണിതെന്ന് നമുക്ക് മറക്കാതിരിക്കാം.
16, ജോലി സ്ഥലത്തെ മലയാളം സംസാരമാണ് മറ്റൊന്ന്. സംസ്കാര ശൂന്യതയാണ്. തിരുത്തപ്പെടേണ്ടതാണ്.
ഇതുപോലെ ഇനിയും എത്രയോ കാര്യങ്ങൾ…..പ്രിയപ്പെട്ടവരേ നമ്മുടെ സംസ്കാരത്തിന്റെ നല്ല വശങ്ങളെയോർത്ത് നമുക്ക് അഭിമാനിക്കാം. പക്ഷേ ആ സംസ്കാരവുമായി തികച്ചും വ്യത്യസ്തമായ ഒരു ഇടത്തിലാണ് നാം ഉള്ളത്. ഏതൊരാൾക്കും സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കാൻ തക്ക ഒരു സാംസ്കാരിക വ്യവസ്ഥിതി ഉള്ള ഒരു രാജ്യത്തു തന്നെയാണ് നാം ജീവിക്കുന്നത്. അല്പം കൂടി ആ രീതികളെ മനസിലാക്കാനും ജീവിക്കാനും നമുക്ക് ശ്രമിക്കാം.
ഇതിൽ സത്യമുണ്ടെന്ന് തോന്നിയാൽ നിങ്ങൾ പരമാവധി share ചെയ്യണം. കഴിയുന്നത്ര മലയാളികളിലേക്ക് എത്തിക്കണം
അല്‍പം ചരിത്രം The great #IRISH_FAMINE (#IERLAND) 1845 - 1849 ( അയർലണ്ടിലെ കൊടിയ ദാരിദ്ര്യം )
വർഷാന്തരൾക്ക് മുൻപ് ലോകം കണ്ടതിൽ വച്ചു കൊടിയ ദാരിദ്ര്യം പേറിയ ഒരു രാജ്യമായിരുന്നു അയർലൻഡ്, കണ്ണുനീരിന്റെയും വേദനയുടെയും രോഗങ്ങളുടെയും അടിച്ചമർത്തലുകളുടെയും നിരവധി ചരിത്രങ്ങൾ പഴയ അയർലൻഡിന് പറയുവാനുണ്ട്.
1740 മുതൽ 1741 വരെ 480000ത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ അതീവ ശൈത്യത്തിന് ശേഷം അയർലണ്ടിലെ അടുത്ത ക്ഷാമം, അതായിരുന്നു 1845 കാലഘട്ടത്തിൽ അരങ്ങേറിയ കൊടിയ ക്ഷാമം അഥവാ കൊടിയ വിശപ്പ് എന്നറിയപ്പെടുന്ന Great Famine (The great hunger) .
ഇന്നു കാണുന്ന സൗന്ദര്യത്തിന്റെയും, സമൃദ്ധിയുടെയും അയർലൻഡ് ആയിരുന്നില്ല അന്നത്തെ കാലത്ത്. ഇടയ്ക്കിടെ വരുന്ന ക്ഷാമം നിയന്ത്രണമില്ലാതെ അനവധി മരണങ്ങൾക്ക് ഇടയായി തീർന്നു, കൊടിയ ദാരിദ്ര്യം മുഖാന്തരം ദിനംപ്രതി തകർന്നടിഞ്ഞു കൊണ്ടിരുന്ന ജീവിതസാഹചര്യം ആയിരുന്നു അന്ന് അയർലൻഡിന് ഉണ്ടായിരുന്നത് മാത്രമല്ല ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അലയുന്ന അയർലൻഡ് മനുഷ്യരെ അന്ന് എല്ലായിടത്തും കാണുവാൻ സാധിക്കുമായിരുന്നു, ചില സ്ഥലങ്ങളിൽ മാത്രം വളർന്നുനിൽക്കുന്ന ചോളപാടങ്ങൾ എന്നാൽ തന്നെയും അത് എടുക്കുവാൻ അനുവാദം ഇല്ലായിരുന്നു, എന്നാൽ സ്വന്തം കുടുംബം വിശപ്പിന്റെ കാഠിന്യം മുഖാന്തരം മരണം മുന്നിൽ കണ്ടു നിൽക്കുമ്പോൾ ആ പാടത്ത് പോയി അവിടെനിന്ന് ഒരു നേരത്തെ ഭക്ഷണം, "അല്പം ചോളം ഒന്നും മോഷ്ടിച്ചാൽ അവരെ നാടുകടത്തുന്ന ഒരു പ്രവണതയും അയർലൻഡിൽ അക്കാലത്ത് ഉണ്ടായിരുന്നു. അനേകം സ്ത്രീകളെയും യുവാക്കളെയും നിർബന്ധിത നാടുകടത്തലിനു വിധേയപ്പെടുത്തി ജീവിതം തകർക്കപ്പെടുകയും ഉണ്ടായി എന്നേക്കുമുള്ള ഒരു യാത്രയായി അവരുടെ ജീവിതം അവിടെ അവസാനിച്ചിരുന്നു പിന്നെ ഒരിക്കൽ പോലും സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുവാൻ തന്റെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുവാൻ പോലും അവർക്ക് സാധിച്ചിരുന്നില്ല.
താഴെ കാണുന്ന ചിത്രം 1845 മുതൽ 1852 വരെ ഉള്ള കാലഘട്ടത്തിൽ, അയർലൻഡിലെ കൊടിയ ദാരിദ്ര്യം മുഖാന്തരം മരണമടഞ്ഞതും, ഓസ്ട്രേലിയയിലേക്ക് നാടുകടത്തപ്പെട്ട ഐറിഷ് മനുഷ്യരുടെ ഓർമ്മയെ കാണിക്കുന്നു. ഏകദേശം 1 million ജനം ഈ കാലഘട്ടത്തിൽ മരണപെടുകയുണ്ടായി. അതോടൊപ്പം ക്ഷാമകാലത്ത് അയർലണ്ടിലെ ബഹുഭൂരിപക്ഷം ആളുകൾക്കും പോഷകാഹാരക്കുറവുള്ളതിനാൽ ഭയാനകമായ അണുബാധകൾ പടർന്നിരുന്നു അഞ്ചാംപനി, ക്ഷയം, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഹൂപ്പിംഗ് ചുമ, കോളറ എന്നിവയായിരുന്നു മാരകമായ ചില രോഗങ്ങൾ.
കൊടിയ ദാരിദ്ര്യം വർധിച്ചപ്പോൾ ചില സന്ദർഭങ്ങളിൽ നരഭോചികൾ ആയി അയർലണ്ടിലെ മനുക്ഷ്യർ മാറി എന്നും പറയപ്പെടുന്നു.
താഴെ ചിത്രത്തിൽ ദാരിദ്ര്യം കരണം കുടുംബത്തിലുള്ളവർക്ക് ആഹാരത്തിനായി അടുത്ത പാടത്തു നിന്നും " corn" പറിച്ചത് കരണം Botany Bay (Australia) എന്ന സ്ഥലത്തേക്ക് നാട് കടത്തപെട്ട തന്റെ ഭർത്താവിനെ ഓർത്തു വിലപിക്കുന്ന ബന്ധിയാക്കപ്പെട്ട ഭാര്യ (ഇന്ന് കാണുന്ന ഓസ്ട്രേലിയൻ ജനത്തിൽ കൂടുതലും പല സ്ഥലങ്ങളിൽ നിന്നും നാട് കടത്തപെട്ടവരും, സ്വയം പലയാനം ചെയ്തവരും ആണ് , യഥാർത്ഥ ഓസ്ട്രേലിയൻ വംശം, Aboriginal Australians എന്ന കാട്ടു വർഗം ആണ് ) ആ നാടുകടത്തലിന്റെയും, കൊടിയ പട്ടിണിയുടെയും ഓർമയെ അറിയിക്കുന്ന ഒരു ഗാനവും അയർലണ്ടിൽ പ്രസിദ്ധമാണ്, " the fields of athenry " ഒരു നെടുവീർപ്പോടെയല്ലാതെ ഐറീഷ് ജനതയ്ക്കു ആ ഗാനം ഓർക്കനാകില്ല Ireland football club ഈ ഗാനം അവരുടെ കളിയുടെ സമയങ്ങളിൽ ആലപിക്കാറുണ്ട് . ( ഈ കാലയളവിൽ ബ്രിട്ടീഷ്, സ്വാധീനവും ക്ഷാമത്തിന് ഒരു കാരണമാണ് എന്ന് അവകാശപെടുന്നവരും ഉണ്ട് )
കടപ്പാട്: ചിത്രം ചരിത്രം - തോമസ് ഫെർണാണ്ടസ്
കടപ്പാട്: അയര്‍ലണ്ട് മലയാളി കുടിയേറ്റ അംഗം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.