ഫ്‌ളോറിഡ: തെറ്റായ ദിശയിൽ ട്രക്ക് ഓടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ ഇന്ത്യൻ വംശജൻ ഹർജീന്ദർ സിങ് അമേരിക്കയിൽ തങ്ങുന്നത് അനധികൃതമെന്ന് വ്യക്തമാക്കി ട്രംപ് ഭരണകൂടം. ഏഴു വർഷം മുമ്പ്, 2018 സെപ്റ്റംബറിൽ അനധികൃതമായി യുഎസിൽ പ്രവേശിച്ച ഹർജീന്ദറിനെ രണ്ട് ദിവസത്തിന് ശേഷം അതിർത്തി സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു.
ഹർജീന്ദർ സിങ്ങിനെതിരെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. അറസ്റ്റിലായതിനു ശേഷം നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചെങ്കിലും, ഇന്ത്യയിലേക്ക് മടങ്ങാൻ തനിക്ക് ഭയമുണ്ടെന്ന് ഹർജീന്ദർ അന്ന് അവകാശപ്പെട്ടു. ഇത് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അംഗീകരിക്കുകയും 5,000 ഡോളറിന്റെ ഇമിഗ്രേഷൻ ബോണ്ടിൽ വിട്ടയക്കുകയും ചെയ്തുവെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.ഓഗസ്റ്റ് 12-ന് ഫ്‌ളോറിഡ ടേൺപൈക്കിൽ ഫോർട്ട് പിയേഴ്‌സിന് സമീപം മൂന്ന് പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹർജീന്ദർ സിങ് അറസ്റ്റിലായത്. മിനിവാനിൽ യാത്ര ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തെ ട്രക്ക് ഇടിക്കുകയായിരുന്നു. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തിൽ മരിച്ചത്. നരഹത്യയുടെ മൂന്ന് വകുപ്പുകൾ ചുമത്തി ഹർജീന്ദറിനെ അറസ്റ്റ് ചെയ്തു. ഫ്‌ളോറിഡയിലെ നിയമപ്രകാരം ഇതിന് 15 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
ട്രക്കിനുള്ളിൽ റെക്കോർഡ് ചെയ്ത വീഡിയോ വൈറലായതിനെ തുടർന്ന്, യുഎസ് റോഡുകളിലെ ഡ്രൈവിങ് അപകടങ്ങളുടെ പേരിൽ പല ഇന്ത്യക്കാരും ആക്രമിക്കപ്പെട്ടു. ഹർജീന്ദർ സിങ് ഇന്ത്യയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ സംഭവം രാഷ്ട്രീയ വിഷയമായി മാറി.ഹർജീന്ദർ സിങ് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ക്രിമിനൽ പശ്ചാത്തലം നിയമനടപടി അനിവാര്യമാക്കുന്ന സാഹചര്യമാണെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.