തോപ്പുംപടി: സർക്കാരിന്റെ അംഗീകാരമില്ലാതെ ’ഹേംസ്റ്റേ’ എന്ന പേര് ഉപയോഗിച്ച് ബിസിനസ് നടത്തുന്നതിനെ തടയാൻ ടൂറിസം വകുപ്പ് രംഗത്ത്. വകുപ്പിന്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് എടുക്കാത്ത സ്ഥാപനങ്ങളെ ’ഹോംസ്റ്റേ’ എന്ന പേരിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. കുടുംബങ്ങൾ താമസിക്കാത്ത വീടുകൾ ’ഹോംസ്റ്റേ’ എന്ന പേരിൽ മാർക്കറ്റ് ചെയ്യുന്നത് വ്യാപകമായതോടെയാണ് അധികൃതരുടെ ഇടപെടൽ.
കഴിഞ്ഞ ദിവസം ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടർ ഷിക്കാ സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളാ ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ഡയറക്ടർ എം.പി. ശിവദത്തൻ, അഡ്‌വൈസർ ഡോ. മുരളീമേനോൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്ക് ബ്രാൻഡ് സിംബലും, ക്യൂ ആർ കോഡും നൽകും. അംഗീകൃത ഹോംസ്റ്റേകളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയും വിധത്തിൽ മുദ്രയുള്ള ബോർഡുകൾ അവയ്ക്ക് മുന്നിൽ സ്ഥാപിക്കും. സംസ്ഥാനത്ത് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹോംസ്റ്റേകളുടെ വിവരങ്ങൾ പോലീസ് സ്റ്റേഷനുകൾക്കും, തദ്ദേശ സ്ഥാപനങ്ങൾക്കും കൈമാറും. അംഗീകാരമില്ലാത്ത ഹോംസ്റ്റേകൾ ഓൺലൈൻ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുന്നത് ടൂറിസം വകുപ്പ് തടയും. ഫ്ളാറ്റുകൾ സർവീസ് വില്ലകളായി പ്രവർത്തിക്കാൻ അനുമതി നൽകാനും തീരുമാനിച്ചു. ഇതിന് ഫ്ളാറ്റുകളിലെ റെസിഡെൻസ് അസോസിയേഷന്റെ അനുമതി ആവശ്യമാണ്.
അനധികൃത ഹോംസ്റ്റേകളിൽ ഓൺലൈൻ ബുക്കിങ്
ഓൺലൈൻ പോർട്ടലുകൾ വഴി, സംസ്ഥാനത്ത് 5000 ത്തിൽപ്പരം ഹോംസ്റ്റേകളിലേക്ക് ബുക്കിങ് നടക്കുന്നുണ്ട്. എന്നാൽ ഇവിടെ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾ 1200-ൽ താഴെയാണ്. അതിഥികൾക്ക് കുടുംബത്തോടൊപ്പം താമസിക്കാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഹോംസ്റ്റേ കൊണ്ട് ലക്ഷ്യമിടുന്നത്. കുടുംബത്തോടൊപ്പമുള്ള താമസം സുരക്ഷയും നല്ല വീട്ടുഭക്ഷണവും ഉറപ്പാക്കും. എന്നാൽ അനധികൃത ഹോംസ്റ്റേകൾ പലപ്പോഴും കുടുംബങ്ങൾ താമസിക്കാത്ത വീടുകളായിരിക്കും. ഇത് സുരക്ഷാ പ്രശ്നങ്ങൾക്കടക്കം കാരണമാകും.
ഹോംസ്റ്റേകൾക്ക് അംഗീകാരം ലഭിക്കാൻഹോംസ്റ്റേകൾക്ക് ക്ലാസിഫിക്കേഷൻ ലഭിക്കുന്നതിന് നിശ്ചിത രേഖകൾക്കൊപ്പം ടൂറിസം വകുപ്പിന് അപേക്ഷ നൽകിയാൽ മതി. അപേക്ഷകൾ ഓൺലൈനായി നൽകാം.
വേണ്ട രേഖകൾ: 1. വീടിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് 2. ലൊക്കേഷൻ, പൊസഷൻ സർട്ടിഫിക്കറ്റ് 3. റോഡിൽനിന്ന് വീട്ടിലേക്കുളള ലൊക്കേഷൻ പ്ലാൻ 4. കെട്ടിടത്തിന്റെ പ്ലാൻ 5. കെട്ടിടത്തിന്റെ ഫോട്ടോകൾ 6. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് 7. ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ (ലൈസൻസ് ആവശ്യമില്ല) 8. ഹോംസ്റ്റേയുടെ നിരക്ക് സംബന്ധിച്ച വിവരങ്ങൾ.
ഇതോടൊപ്പം 3,750 രൂപ ഫീസും നൽകണം. ഹോംസ്റ്റേകളുടെ സൗകര്യങ്ങൾ പരിശോധിച്ചുറപ്പിച്ചശേഷം സിൽവർ, ഡയമണ്ട്, ഗോൾഡ് എന്നിങ്ങനെ ക്ലാസിഫിക്കേഷനും നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.