ന്യൂഡല്‍ഹി: പ്രതിപക്ഷം ഉയര്‍ത്തിയ വോട്ട് കവര്‍ച്ച ആരോപണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷന് ഞായറാഴ്ച മാധ്യമങ്ങളെ കാണും. ഈ വര്‍ഷം ഫെബ്രുവരിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ശേഷം ഗ്യാനേഷ് കുമാര്‍ ആദ്യമായിട്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടുകവര്‍ച്ച നടത്തിയെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം, ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കിയേക്കും.ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വാര്‍ത്താസമ്മേളനത്തിന്റെ അജണ്ട കമ്മിഷന് വെളിപ്പെടുത്തിയിട്ടില്ല.
വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുമായി 'ഗൂഢാലോചന' നടത്തിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം ഔദ്യോഗിക വൃത്തങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും കമ്മിഷന് ശക്തമായി നിഷേധിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയും 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്തും, വോട്ടര്‍ പട്ടികയിലെ കൃത്രിമത്തിന് 'തെളിവ്' എന്ന് അവകാശപ്പെട്ട് രാഹുല്‍ ഗാന്ധി ചില കാര്യങ്ങള്‍ ഹാജരാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്കുള്ള പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ക്കിടയിലാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.ബിഹാറിലെ വോട്ടര്‍പട്ടിക പുതുക്കല്‍ മുതല്‍ ആധാര്‍ ബന്ധിപ്പിക്കല്‍ വരെയും, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് മുതല്‍ കഴിഞ്ഞ വര്‍ഷത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വരെയുമുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളില്‍ നിന്ന് കമ്മിഷന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.