മഞ്ചേശ്വരം: നിയന്ത്രണം വിട്ടെത്തിയ കർണാടക ആർടിസി ബസ് ആറുപേരുടെ ജീവനെടുത്ത അപകടത്തിൽ ഞെട്ടിത്തരിച്ച് അതിർത്തിയായ തലപ്പാടി. കർണാടക കഴിഞ്ഞ് കേരളത്തിലേക്ക് സ്വാഗതം എന്ന ബോർഡ് വെച്ചിടത്താണ് ആറുപേരുടെ ജീവനെടുത്ത അപകടം നടന്നത്. ബസിടിച്ച ഓട്ടോയുടെ ഡ്രൈവറും ഒരു കുടുംബത്തിലെ അഞ്ചുപേരുമാണ് അപകടത്തിൽ മരിച്ചത്. കർണാടക കെ.സി.റോഡിൽനിന്ന് ഓട്ടോയിൽ കയറി തുമിനാട്ടെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു ഓട്ടോയിൽ സഞ്ചരിച്ചിരുന്നവർ. ബന്ധുവീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ അകലെവെച്ചാണ് ഇവർ അപകടത്തിൽപ്പെട്ടത്.
വലിയൊരു ഒച്ചകേട്ടാണ് കടയിൽനിന്ന് പുറത്തിറങ്ങിയത്. ഒരു ബസ് വന്ന് ഓട്ടോ സ്റ്റാൻഡിലുണ്ടായിരുന്ന ഓട്ടോയിലിടിച്ച് നിൽക്കുന്നതാണ് കണ്ടത് -അപകടത്തിന്റെ ദൃക്‌സാക്ഷിയും സമീപത്തെ ലോട്ടറിസ്റ്റാൾ ഉടമയുമായ ഹരീന്ദ്രൻ പറയുന്നു. ചോരയിൽ കുതിർന്നിരുന്നു ഓട്ടോ. അകത്തുണ്ടായിരുന്നവരെ പുറത്തേക്കെടുക്കാൻതന്നെ ഏറെ പ്രയാസപ്പെട്ടു -രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയ ലോറിഡ്രൈവർ സമീർ പറയുന്നു.കൂട്ടത്തിൽ പ്രായമേറെയില്ലാത്ത പെൺകുട്ടിയുടെ ചെവിയിൽനിന്ന് ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു. ഡ്രൈവർ വണ്ടിക്കുള്ളിൽ കുടുങ്ങിയ നിലയിലുമായിരുന്നു. വണ്ടിയിൽനിന്ന് പുറത്തെത്തിക്കുമ്പോൾതന്നെ ഓട്ടോയിലുണ്ടായിരുന്നവരുടെ ശരീരങ്ങളെല്ലാം നിശ്ചലമായിരുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ബസ് എത്തിയത് ദേശീയപാതയിലൂടെ..?കർണാടകയിൽനിന്ന് കാസർകോട്ടേക്ക് സർവീസ് നടത്തുന്ന കർണാടക ആർടിസി ബസുകളെല്ലാം സർവീസ് റോഡിന് പകരം ദേശീയപാതയിലൂടെയാണ് ഓടുന്നതെന്ന പരാതി ഉയർന്നിട്ട് മാസങ്ങളായി. വ്യാഴാഴ്ച അപകടത്തിൽപ്പെട്ട ബസും ദേശീയപാതയിലൂടെയാണ് വന്നതെന്നാണ് അപകടത്തിന് ദൃക്‌സാക്ഷികളായിരുന്നവരെല്ലാം പറയുന്നത്.
ദേശീയപാതയിലൂടെ അമിതവേഗത്തിലെത്തിയ ബസാണ് നിയന്ത്രണംവിട്ട് ഓട്ടോയിലും തുടർന്ന് ബസ് കാത്തിരുന്നവരെയും ഇടിച്ച് സ്റ്റാൻഡിലുണ്ടായിരുന്ന ഓട്ടോയിലിടിച്ച് നിന്നത്. ദേശീയപാതയിലൂടെയുള്ള സർവീസും അമിതവേഗവും സംബന്ധിച്ച് ജില്ലാ വികസനസമിതി യോഗത്തിൽ ഉൾപ്പെടെ ജനപ്രതിനിധികൾ പരാതി ഉന്നയിച്ചതുമാണ്. ബസുകൾ ദേശീയപാതയിലൂടെ സർവീസ് നടത്തുന്നതിനാൽ സർവീസ് റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽനിന്നാൽ യാത്രക്കാർക്ക് ബസ് കിട്ടുന്നില്ലെന്നായിരുന്നു പരാതി.
വ്യാഴാഴ്ചയുണ്ടായ അപകടം ഈ പരാതികൾക്കെല്ലാം അടിവരയിടുന്നതായിരുന്നു. തലപ്പാടിയിലുണ്ടായ വാഹനാപകടം ഏറെ നടുക്കമുള്ളതും ദയനീയവുമാണെന്നും മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിക്കുന്നതായും എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു.തലപ്പാടി-ചെർക്കള റീച്ചിൽ ദേശീയപാതാനവീകരണം പൂർത്തിയായി റോഡ് തുറന്നതോടെ അപകടങ്ങളും വർധിക്കുകയാണ്. അമിതവേഗവും കനത്ത മഴയും അപകടത്തിന് കാരണമാകുന്നതായും സർവീസ് റോഡ് മാത്രം ഉപയോഗിക്കേണ്ട കെഎസ്ആർടിസി ബസുകൾ പലപ്പോഴും ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതും അപകടത്തിലേക്ക് നയിച്ചേക്കാം.
സർവീസ് റോഡിലും ദേശീയപാതയിലും മത്സരയോട്ടം നടത്തുന്നതും യാത്രയ്ക്കിടെ ചില ഡ്രൈവർമാർ പാൻമസാല അടക്കമുള്ളവയും ഹെഡ് സെറ്റുമൊക്കെ ഉപയോഗിക്കുന്നതായും നേരത്തേതന്നെ പരാതികളുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സംഭവസ്ഥലത്ത് എത്തിയ എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി കർണാടക മുഖ്യമന്ത്രിയോടും കർണാടക സ്പീക്കർ യു.ടി.ഖാദറോടും ആവശ്യപ്പെടുമെന്നും എംഎൽഎ അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടക്കുന്ന ദേർളകട്ടെ യേനെപ്പോയ ആശുപത്രിയിലെത്തി തുടർപ്രവർത്തനങ്ങൾക്കും എംഎൽഎ നേതൃത്വം നൽകി.
തേഞ്ഞുതീർന്ന ചക്രങ്ങളും ലഹരി ഉപയോഗവുംആറുപേരുടെ ജീവനെടുത്ത കർണാടക ആർടിസി ബസിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചും ഇതിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലഹരി ഉപയോഗത്തെക്കുറിച്ചും നാട്ടുകാർക്കിടയിൽ ആക്ഷേപങ്ങളും പരാതികളും ഏറെയാണ്. വ്യാഴാഴ്ച അപകടത്തിൽപ്പെട്ട ബസിന്റെ ആറിൽ നാലുചക്രങ്ങളും തേഞ്ഞുതീർന്ന് മൊട്ടയായ നിലയിലാണ്. ബസിന്റെ ബോഡിയിൽ വലിയ കാലപ്പഴക്കം തോന്നുന്നില്ലെങ്കിലും ടയറുൾപ്പെടെയുള്ളവയെല്ലാം പഴയതാണ്. ഈ ടയറുമായി സർവീസ് നടത്തുന്നത് ബസിലെ യാത്രക്കാർക്ക് ഉൾപ്പെടെ ഭീഷണിയാണ്. എപ്പോൾ വേണമെങ്കിലും ഈ ടയർ പൊട്ടിത്തെറിച്ചേക്കാമെന്ന നിലയാണുള്ളത്. കൂടാതെ ഇത്തരം ടയറുപയോഗിച്ച് ഓടുമ്പോൾ മഴക്കാലത്ത് ബ്രേക്ക് കിട്ടാതാകുന്നതും വലിയ അപകടഭീഷണിയാണ്.
ഇതിനോടൊപ്പം ഈ വണ്ടിയിലെ ഡ്രൈവർമാർ ലഹരിയുപയോഗിച്ചാണ് വണ്ടിയോടിക്കുന്നതെങ്കിൽ കാര്യം കുറച്ചുകൂടി പ്രയാസത്തിലാകും. ലഹരിയുടെ ആസക്തയിൽ റോഡിലെ വണ്ടിയുടെ നിയന്ത്രണം കൈയിൽനിന്ന് പോകാനുള്ള സാധ്യതയും കൂടുതലാണ്. വ്യാഴാഴ്ച അപകടത്തിൽപ്പെട്ട വണ്ടിയുടെ ഡ്രൈവർ കാബിനിലെ സീറ്റിന് മുൻവശത്തായി കണ്ടെത്തിയ ഉപയോഗിച്ചശേഷം സൂക്ഷിച്ച നിലയിലുണ്ടായിരുന്ന പാൻമസാലയുടെ പായ്ക്കറ്റും ചുണ്ണാമ്പും ഈ വാഹനത്തിലെ ഡ്രൈവറും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന ആളാണെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.
തലപ്പാടിയിൽ കർണാടക ആർടിസി ബസ് ഓട്ടോയിലിടിച്ച് ആറുമരണം
കേരള-കർണാടക അതിർത്തിയായ തലപ്പാടിയിലെ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ കർണാടക എസ്‌ആർടിസി ബസ് ഓട്ടോയിലിടിച്ച് ആറുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മംഗളൂരു കെസി റോഡ് സ്വദേശികളായ ഓട്ടോഡ്രൈവർ ഹൈദർ അലി (47), ഹവ്വാമ്മ (72), ഖദീജ (60), നബീസ (52), ആയിഷ ഫിദ (19), ഹസ്‌ന (11) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം ഓട്ടോയിലുണ്ടായിരുന്നവരാണ്. കാസർകോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോകുന്ന ബസാണ് അപകടത്തിൽ പെട്ടത്.
തലപ്പാടി ദേശീയപാതയിൽ ഓട്ടോറിക്ഷയിലിടിച്ച് കറങ്ങിയശേഷം റോഡരികിലെ ഇരുമ്പുവേലിയും തകർത്ത് പിറകോട്ട് നീങ്ങിയ ബസ് റോഡിൽനിന്ന് താഴേക്ക് തെറിച്ചുവീണു. ഇതിനിടയിൽ ഇവിടെ ബസ് കാത്തുനിൽക്കുകയായിരുന്ന രണ്ടുപേരെയും ഇടിച്ച് തെറിപ്പിച്ചു. കാസർകോട് പെരുമ്പളയിലെ ലക്ഷ്മി, മകൻ സുരേന്ദ്രൻ എന്നിവരുടെ മേലേക്കാണ് ബസ് പതിച്ചത്. ഇതിൽ ലക്ഷ്മിയുടെ പരിക്ക് ഗുരുതരമാണ്. സമീപത്തെ ഓട്ടോസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ചാണ് ബസ് നിന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് അപകടം. ബസിന്റെ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ പൂർണമായും തകർന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടം നടന്നയിടത്തെ ഇരുമ്പുവേലിക്ക് സമീപത്തായി ട്രാഫിക് പോലീസിന്റെ ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്. ബസ് വീഴുന്നതിനിടെ ഇടിച്ച ഇരുമ്പുവേലിയുടെ 35 മീറ്ററോളം ഭാഗം തകർന്നിട്ടുണ്ട്.
മോട്ടോർവാഹനവകുപ്പിന്റെ പരിശോധനയ്ക്കുശേഷമേ അപകട കാരണം കണ്ടെത്താനാകൂവെന്ന് ജില്ലാ പോലീസ് മേധാവി ബി.വി. വിജയ്ഭരത് റെഡ്ഡി പറഞ്ഞു. ബസ് ഡ്രൈവർ നിജലിംഗപ്പയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.