തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം വരുംദിവസങ്ങളിൽ മൊഴി രേഖപ്പെടുത്തും. രാഹുലിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദസന്ദേശങ്ങളിൽ സംസാരിക്കുന്നവരുടെ മൊഴി രേഖപ്പെടുത്താനാണു നീക്കം
ഗർഭഛിദ്രം നടത്താൻ സമ്മർദം ചെലുത്തുന്ന രീതിയിൽ പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലുള്ളത് രാഹുൽ തന്നെയാണെന്ന് ആദ്യം സ്ഥിരീകരിക്കേണ്ടതുണ്ട്. തുടർന്ന്, വിവാഹവാഗ്ദാനം നൽകിയുള്ള പീഡനമടക്കം പരിശോധിക്കും. ഇതുസംബന്ധിച്ച മൊഴി നൽകാൻ വിസമ്മതിച്ചാൽ അന്വേഷണം വഴിമുട്ടും.രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ, അതിനുള്ള ആദ്യപടിയെന്ന നിലയിലാണ് അന്വേഷണസംഘം മൊഴിയെടുക്കാനൊരുങ്ങുന്നത്. ക്രൈംബ്രാഞ്ച് യൂണിറ്റ് 1 ഡിവൈഎസ്പി എൽ.ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. പീഡനം, ചൂഷണം എന്നിവയുടെ പേരിൽ രാഹുലിനെതിരെ ഇതുവരെ ആരും പൊലീസിൽ നേരിട്ട് പരാതി നൽകിയിട്ടില്ല.
അതുകൊണ്ടുതന്നെ, ക്രൈംബ്രാഞ്ച് അങ്ങോട്ടുചെന്ന് രേഖപ്പെടുത്തുന്ന മൊഴിയിൽ ശക്തമായ തെളിവുകൾ ലഭിച്ചാലേ അന്വേഷണം മുന്നോട്ടുനീങ്ങൂ. തനിക്കു ദുരനുഭവമുണ്ടായെന്നും ഹോട്ടലിലേക്കു ക്ഷണിച്ചെന്നും യുവനടി റിനി ആൻ ജോർജ് വെളിപ്പെടുത്തിയെങ്കിലും രാഹുലിന്റെ പേര് പറഞ്ഞിരുന്നില്ല. തനിക്കു മോശം സന്ദേശങ്ങളയച്ചെന്ന് ട്രാൻസ്ജെൻഡർ അവന്തിക ഉന്നയിച്ച ആരോപണത്തിലാണു രാഹുലിന്റെ പേരുള്ളത്.അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് ഉപയോഗിച്ചെന്ന കേസിൽ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹാജരായില്ല. തനിക്കു നോട്ടിസ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണു രാഹുൽ. എന്നാൽ, ഇന്നലെ ഹാജരാകുന്നതിന് നോട്ടിസ് നൽകിയിരുന്നുവെന്നാണു ക്രൈംബ്രാഞ്ചിന്റെ വാദം. മൊഴിയെടുക്കാൻ രാഹുലിനെ ക്രൈംബ്രാഞ്ച് വരുംദിവസങ്ങളിൽ ബന്ധപ്പെടുമെന്നാണു വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.