തിരുവനന്തപുരം: തന്റെ മുറിയിൽ കണ്ട ബില്ല് എറണാകുളത്ത് നിന്നും നന്നാക്കിക്കൊണ്ടുവന്ന നെഫ്രോസ്‌കോപ്പിന്റേതെന്ന് ഡോക്ടർ ഹാരിസ് ചിറക്കൽ. ഉപകരണങ്ങൾ തിരിച്ചറിയാത്തവരാണ് മുറിയിൽ കയറി പരിശോധിച്ചത്
നെഫ്രോസ്‌കോപ്പ് എറണാകുളത്തേക്ക് അയച്ചിട്ട് രണ്ട് മാസമായിരുന്നു. താൻ അവധിയിലായിരുന്നപ്പോഴാണ് ഉപകരണം തിരികെ വന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യൂറോളജിയുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തിയത്. വിവാദം ഒത്തുതീർപ്പാക്കാൻ തന്നോട് ചില പ്രമുഖർ ആവശ്യപ്പെട്ടിരുന്നു. അത് അനുസരിച്ചതിന് ശേഷവും കുടുക്കാനുള്ള ശ്രമങ്ങൾ നടന്നെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു.മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ വാദങ്ങൾ പൂർണമായും തള്ളുന്നതാണ് ഹാരിസിന്റെ പ്രതികരണം. മോസിലോസ്‌കോപ്പ് ഒന്നല്ല രണ്ടെണ്ണം യൂറോളജി വകുപ്പിൽ ഉണ്ട്. മോസിലോസ്‌കോപ്പ് ഇല്ലെന്നു പറഞ്ഞ് പ്രിൻസിപ്പൽ ഓടി നടക്കേണ്ട. യൂറോളജി വകുപ്പിൽ ഉപകരണക്ഷാമം ഉണ്ട്. ഉപകരണങ്ങൾ റിപ്പയർ ചെയ്ത് ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. ചില ഘട്ടങ്ങളിൽ ഡോക്ടർമാർ തന്നെ പൈസ കൊടുത്ത് റിപ്പയർ ചെയ്യാറുണ്ട്. എറണാകുളത്തോ ബാംഗ്ലൂരിലോ ഉള്ള ഏജൻസിക്കാണ് റിപ്പയർ ചെയ്യാൻ അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നന്നാക്കി കൊണ്ടുവന്ന നെഫ്രോസ്‌കോപ്പ് ആണ് പെട്ടിയിൽ ഉണ്ടായിരുന്നത്. ഇതൊന്നും അറിയാത്ത ആളുകളാണ് എന്റെ മുറി കയറി പരിശോധിച്ചത്.നെഫ്രോസ്‌കോപ്പ് ഏതാണെന്നോ മോസിലോസ്‌കോപ്പ് ഏതാണെന്നോ ഇവർക്കറിയില്ല. മുറികയറി പരിശോധിച്ചവർ ഏതെങ്കിലും സാധനം എടുത്തു മാറ്റിയാൽ ആരറിയുമെന്നും ഹാരിസ് പറഞ്ഞു. നെഫ്രോസ്‌കോപ്പുകൾ നന്നാക്കി തരുമോ എന്നറിയാൻ എറണാകുളത്തേക്ക് അയച്ചിരുന്നു. രണ്ട് മാസമായി, ഞാൻ അവധിയിലായിരുന്ന സമയം നെഫ്രോസ്‌കോപ്പുകൾ തിരിച്ചെത്തി. ഉപകരണം കാണാനില്ലെങ്കിൽ എന്നെയും കൂടെ നിർത്തിയാണ് അന്വേഷണം നടത്തേണ്ടത്. വിദഗ്ധ സമിതിക്കെതിരെയാണ് അന്വേഷണം വേണ്ടതെന്നും ഹാരിസ് പറഞ്ഞു.
യൂറോളജി വകുപ്പുമായി ബന്ധമില്ലാത്തവരാണ് വിദഗ്ധ സമിതിയിൽ ഉള്ളത് അവരാണ് ഇതൊക്കെ അന്വേഷിച്ചത്. വിദഗ്ധ സമിതി എന്നോടൊന്നും ചോദിച്ചില്ലെന്നും ഹാരിസ് പറഞ്ഞു. ഉന്നത തലത്തിലുള്ള ഒരാൾ ഇന്ന് രാവിലെ എന്നെ വിളിച്ചിരുന്നു. ഈ വിഷയത്തിൽ സന്ധി ഉണ്ടായതാണ്, അവർക്കെതിരെ ഇനി ഒന്നും പറയാൻ പാടില്ലെന്ന് പറഞ്ഞു. എല്ലാം ഞാൻ സമ്മതിച്ചതാണ് എന്നിട്ടും എന്നെ കുടുക്കാനുള്ള ശ്രമങ്ങൾ അവർ നടത്തുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് എനിക്കിനി വേണ്ട. മെമ്മോയ്ക്ക് തിങ്കളാഴ്ച മറുപടി നൽകുമെന്നും ഹാരിസ് പറഞ്ഞു. നെഫ്രോസ്‌കോപ്പ് പല സൈസുകളിലുണ്ട്. പിസിഎൻഎൽ ശസ്ത്രക്രിയയ്ക്ക് ആണ് ഇത് ഉപയോഗിക്കുന്നത്. വൃക്കയിലെ കല്ല് പൊടിക്കാനുള്ള സാങ്കേതികവിദ്യയാണ്. അതൊരു യൂറോളജി വിദഗ്ധന് മാത്രമേ മനസ്സിലാക്കാൻ കഴിയൂവെന്നും ഹാരിസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.