കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുന്നുവെന്നുള്ള അന്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരിച്ച് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്.
മെസി വരും എന്നതില്‍ തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവസാന നിമിഷം വരെ അതിന് വേണ്ടി പരിശ്രമിച്ചെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. മെസി വരില്ലെന്ന് വലിയ പ്രചാരണം നടന്നു. ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ പോലുംവിശ്വസിക്കാത്ത അവസ്ഥയിലേക്ക് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ കാര്യങ്ങള്‍ കൊണ്ടുപോയി എത്തിച്ചു. വിവാദങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കുന്നുവെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.ഇത്തരത്തില്‍ ഒരു ഉദ്യമം ഏറ്റെടുക്കുമ്പോള്‍ കേരളത്തിലെ കായികരംഗത്ത് വളര്‍ച്ചയുണ്ടാകണം എന്നാണ് കരുതിയതെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. നമ്മുടെ നാട് വളരണം എന്നാണ് ചിന്തിച്ചത്. അതിന് അത്രയും വലിയ റിസ്കാണ് എടുത്തത്. കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അത്രയും തന്റേടമുള്ള സര്‍ക്കാര്‍ വേണം. സംസ്ഥാന സര്‍ക്കാരാണ് എല്ലാ കാര്യങ്ങളും മുന്നിട്ട് നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ അടക്കം അനുമതി വാങ്ങി. കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാന് അടക്കം വലിയ പഴികേട്ടുവെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. മെസിയും അര്‍ജന്റീന ടീമും വരില്ലെന്ന് പ്രചാരണം ഉണ്ടായപ്പോള്‍ ഒപ്പം നിന്ന ഒരുപാട് ആളുകളുണ്ട്. ഗോകുലം ഗോപാലന് അടക്കം വലിയ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഒരു പ്രധാന മാധ്യമം അര്‍ജന്റീനയ്ക്ക് മെയില്‍ അയയ്ക്കുന്ന സാഹചര്യം ഉണ്ടായെന്നും ആന്റോ അഗസ്റ്റിന് ചൂണ്ടിക്കാട്ടി. മെസി വരുമോ? എപ്പോള്‍ വരും? എത്ര രൂപയ്ക്കാണ് എഗ്രിമെന്റ്? ഏത് രീതിയില്‍ നടക്കും തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മെയില്‍. ഇതിന് പുറമേ ആറ് പാരഗ്രാഫില്‍ ചില കാര്യങ്ങളും അവര്‍ ഉന്നയിച്ചു. അതില്‍ ഇന്ത്യയില്‍ ഒരു മികച്ച സ്റ്റേഡിയം ഇല്ല എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു അവര്‍ ഉന്നയിച്ചത്. ഇതിന് പുറമേ കളിക്കാര്‍ എത്തിയാല്‍ അവര്‍ക്ക് താമസിക്കാന്‍ ഹോട്ടല്‍ ഇല്ലാത്ത കാര്യവും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപോലെ ഒരു സംസ്ഥാനത്തില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം വന്ന് കളിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യവും അവര്‍ ഉന്നയിച്ചു. ഇത്രയും ചെറിയ കമ്പനികളുമായാണോ എഗ്രിമെന്റ്വെയ്ക്കുന്നതെന്നും അവര്‍ ചോദിച്ചതായും ആന്റോ അഗസ്റ്റിന് ചൂണ്ടിക്കാട്ടി. മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്താന്‍ ഏതെങ്കിലും ചെറിയ സാധ്യതയുണ്ടെങ്കില്‍ അതുകൂടി അടയ്ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും ആന്റോ അഗസ്റ്റിന് കൂട്ടിച്ചേര്‍ത്തു
ഒരാഴ്ച്ക്കുള്ളില്‍ ഇത് സംബന്ധിച്ച് വ്യക്തമായ പ്ലാന്‍ ഉണ്ടാകുമെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. ഒരു ലോകകപ്പ് തന്നെ കാണാന്‍ കഴിയുന്ന വിധത്തിലായിരിക്കും സൗകര്യങ്ങള്‍ ഒരുക്കുക. തിരുവനന്തപുരത്ത് വലിയ മാമാങ്കമായിരിക്കും നടക്കുക. എതിര് ടീമായി വരിക വലിയ ടീമായിരിക്കുമെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. കേരളം ലോകകപ്പ് ആവേശത്തിലേയ്ക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണം. ഇത് കായിക കേരളമാണെന്ന് കാണിച്ചു കൊടുക്കണം. സര്‍ക്കാരും പ്രതിപക്ഷവും അടക്കം എല്ലാവരും ഇതിനായി പൂര്‍ണമായും ഇറങ്ങണം. നാടിന്റെ ആഘോഷമാക്കി ഇതിനെ മാറ്റണം എന്നും ആന്റോ അഗസ്റ്റിന് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.