തിരുവനന്തപുരം∙ പാർട്ടി അകത്തളങ്ങളിലെ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി പുറത്തുവന്ന വിവരങ്ങൾ സിപിഎമ്മിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. പക തീർക്കാനുള്ള ഇവരുടെ വ്യഗ്രത അന്തഃപുര രഹസ്യങ്ങളിലേക്കുള്ള വാതിൽ തുറക്കാൻ കാരണമാകുമോ എന്നാണ് പാർട്ടിയുടെ ആശങ്ക. പോരടിക്കുന്ന രാജേഷ് കൃഷ്ണയെയും മുഹമ്മദ് ഷർഷാദിനെയും തള്ളാനും കൊള്ളാനും കഴിയാത്ത സാഹചര്യം സിപിഎമ്മിനു മുന്നിലുണ്ട്
മധുര പാർട്ടി കോൺഗ്രസിൽ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉൾപ്പെടുത്തിയതിനെതിരെ ഷർഷാദ് പിബി അംഗമായ അശോക് ധാവ്‌ളെയ്ക്കു നൽകിയ പരാതിയാണ് ഇപ്പോൾ പുറത്തുവന്നത്. രാജേഷിനെ പ്രതിനിധിയായി തിരഞ്ഞെടുത്ത ലണ്ടനിലെ പാർട്ടി സമ്മേളനത്തിൽ ധാവ്‌ളെയാണ് പങ്കെടുത്തത് എന്നതുകൊണ്ടാണ് അദ്ദേഹത്തിനു പരാതി നൽകിയത്. അന്നു കോഓർഡിനേറ്ററായിരുന്ന പ്രകാശ് കാരാട്ടിനും പരാതി കൈമാറിയിരുന്നു. എന്നാൽ ചോർന്നതു ധാവ്‌ളെയ്ക്ക് നൽകിയതാണ്. ആ ചോർച്ചയ്ക്കെതിരെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് കഴിഞ്ഞ ദിവസം ഷർഷാദ് നൽകിയ പരാതിയിലെ വിവരങ്ങളും ചോർന്നു. സിപിഎം പൊളിറ്റ്ബ്യൂറോ ഇന്നു ഡൽഹിയിൽ ചേരാനിരിക്കെയാണ് സംഭവവികാസങ്ങൾ. തനിക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ അടങ്ങുന്ന ഒരു പരാതി, താൻ തന്നെ കൊടുത്ത മാനനഷ്ടക്കേസിന്റെ ഭാഗമായി രാജേഷ് കൃഷ്ണ കോടതിയിൽ സമർപ്പിച്ചതിലാണ് അദ്ഭുതം. പുറത്തുവന്ന വിവരങ്ങൾ ഒരു വ്യാജരേഖയുടെ ഭാഗമാണെന്ന് ഇതോടെ പാർട്ടിക്ക് സമർഥിക്കാൻ കഴിയാതെയായി. പിബിക്ക് ഷർഷാദ് നൽകിയ പരാതി എന്നനിലയിൽ തന്നെയാണ് അതു കോടതി രേഖകളിലുള്ളത്. വ്യാജരേഖ അല്ലെങ്കിൽ അതിൽ സർക്കാരിനും പാർട്ടിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പരിശോധിച്ചോ എന്നതാണ് അടുത്ത ചോദ്യം. ഈ പരാതി ചർച്ച ചെയ്താണ് രാജേഷിനെ മധുര പാർട്ടി കോൺഗ്രസിൽനിന്ന് മാറ്റിനിർത്തിയത്.കത്തിൽ കഴമ്പുണ്ടെന്ന് പാർട്ടിക്ക് ആ ഘട്ടത്തിൽ തോന്നിയിട്ടുണ്ടെന്നു വ്യക്തം. സർക്കാരും പാർട്ടിയുമായി ബന്ധപ്പെട്ട പണമിടപാടുകൾ സംബന്ധിച്ച അതീവ ഗുരുതരമായ ആരോപണങ്ങൾ ഒരു കേസിന്റെ ഭാഗമാകുകയും കോടതി രേഖയാകുകയും ചെയ്ത സാഹചര്യത്തിൽ പാർട്ടിക്ക് അക്കാര്യത്തിലും നിലപാട് എടുക്കേണ്ടി വരും. ഈ പ്രതിസന്ധി കണക്കിലെടുത്താണ് ഇന്നലെ തിരക്കിട്ട പ്രതികരണങ്ങൾക്ക് നേതാക്കൾ മുതിരാതിരുന്നത്. കത്ത് ചോർത്തിയത് എം.വി.ഗോവിന്ദന്റെ മകനാണെന്ന് ഷർഷാദ് പുറത്തുപറയുക മാത്രമല്ല ചെയ്തിരിക്കുന്നത്; ബേബിക്കു നൽകിയ കത്തിലും ആ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഗോവിന്ദന് പാർട്ടിക്കകത്തും പുറത്തും നിലപാട് വ്യക്തമാക്കേണ്ടി വരും. സംസ്ഥാന സെക്രട്ടറിയായി കൊല്ലം സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം നേരിടുന്ന വ്യക്തിപരമായ വലിയ പ്രതിസന്ധി കൂടിയാണിത്. രാജേഷിന് ഗോവിന്ദനോടും മകനോടുമുള്ള അടുപ്പം ഇതിനകം വ്യക്തമാണ്. ഷർഷാദിനു പിന്നിൽ ആരെല്ലാമാണെന്നാണ് അടുത്ത ചോദ്യം. ഇ.പി.ജയരാജന്റെ പങ്ക് സംശയിക്കുന്നവരുണ്ടാകുമെങ്കിലും പിബിക്കു നൽകിയ കത്ത് ഷർഷാദ് ആർക്കും ചോർത്തിക്കൊടുത്തിട്ടില്ലെന്ന വിവരമാണ് ഉള്ളത്. കോടതി നടപടിക്രമത്തിന്റെ ഭാഗമായി ഷർഷാദിനും ബന്ധപ്പെട്ട മാധ്യമങ്ങൾക്കും രേഖകൾ ലഭിച്ചപ്പോഴാണ് പിബിക്ക് കൈമാറിയ കത്തും അതിൽ ഉൾപ്പെട്ട വിവരം പുറത്തായത്. അടുത്ത ദിവസം തന്നെ ബേബിക്ക് ഷർഷാദ് ആ ചോർച്ചയുടെ പേരിൽ പരാതി നൽകുകയും ചെയ്തു. അതിനു ശേഷം ചില തിരക്കിട്ട നീക്കങ്ങൾ നടക്കുന്നുണ്ട്. വേറെയും ചില പരാതികൾ പിബിക്ക് കേരളത്തിൽ നിന്ന് പോയിട്ടുണ്ട്. കണ്ണൂരിലെ സമവാക്യങ്ങൾ ഒട്ടും ഭദ്രമല്ല. ‘അവതാരങ്ങൾക്കെതിരെ’ മുന്നറിയിപ്പ് നൽകിയിട്ടുള്ള പിണറായി വിജയൻ ഇക്കാര്യത്തിലെടുക്കുന്ന നിലപാട് എം.വി.ഗോവിന്ദനും വിരുദ്ധർക്കും ഒരുപോലെ നിർണായകമാണ്.അകത്തളങ്ങളിൽ കഥാപാത്രങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി പുറത്തുവന്ന വിവരങ്ങൾ സിപിഎമ്മിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. മറുപടിപറയേണ്ടിവരും.
0
തിങ്കളാഴ്ച, ഓഗസ്റ്റ് 18, 2025






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.