പത്തനംതിട്ട: കൊടിസുനിയെപ്പോലെയുള്ളവര്ക്ക് ജയില്‍ വിശ്രമ, വിനോദകേന്ദ്രം മാത്രമാണെന്നും കൊടുംകുറ്റവാളികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടുന്നുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണെന്നും സിപിഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം മലയാലപ്പുഴ ശശി അവതരിപ്പിച്ച കരട് രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്.
കേരളത്തിലെ ക്രമസമാധാന രംഗത്തെപ്പറ്റി ജനങ്ങള്‍ക്ക് പരാതിയുണ്ട്. എല്ലാ റാങ്കിലുമുള്ള കുറേ പോലീസ് ഉദ്യോഗസ്ഥര്‍ അമിതാധികാരം ഉപയോഗിക്കുന്നു എന്നുമാത്രമല്ല അവര്‍ക്ക് തോന്നിയപോലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. അവരില്‍ ചിലര്‍ മന്ത്രിമാരെപ്പോലും വകവെക്കുന്നില്ല എന്നതിനുദാഹരണമാണ് എഡിജിപി അജിത്കുമാര്‍. കാപ്പാ കേസിലെയും പോക്സോ കേസിലെയും കുറേ പ്രതികള്‍ക്ക് രാഷ്ട്രീയ സ്വീകരണം ലഭിക്കുന്ന കാഴ്ച സാധാരണജനങ്ങളില്‍ ഉണ്ടാക്കുന്ന അമര്‍ഷവും പ്രതിഷേധവും അവഗണിക്കുന്നത് ഉചിതമാകില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഐഎഎസ്, ഐപിഎസ് തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോര് ഭരണത്തിന് ക്ഷീണം ഉണ്ടാക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്ക് ഭരണസിരാകേന്ദ്രങ്ങളില്‍നിന്ന് അമിത പരിഗണന കിട്ടുന്നുണ്ടെന്നും വിമര്‍ശനമുണ്ടായി.മുഖ്യമന്ത്രിക്ക് മുന്നില്‍ മന്ത്രിമാര്‍ കുമ്പിട്ടുനില്‍ക്കുന്നതായി സമ്മേളനപ്രതിനിധികള്‍ ആരോപണമുയര്‍ത്തി. മുഖ്യമന്ത്രി ഏകാധിപതിയെപോലെ പെരുമാറുന്നു. നവകേരള സദസ്സ് ആഡംബരയാത്ര മാത്രമായിരുന്നു. നവകേരളസദസ്സിനെതിരേ സമരം നടത്തിയ പ്രതിപക്ഷ സംഘടനകളെ നേരിട്ട രീതി ശരിയായില്ല. നവകേരള സദസ്സിനെതിരേ പ്രതിഷേധിച്ച കോണ്‍ഗ്രസുകാരുടെ തല അടിച്ചുപൊട്ടിക്കാന്‍ ഡിവൈഎഫ്ഐക്കാര്‍ക്ക് എന്തവകാശമെന്ന് പ്രതിനിധികള്‍ ചോദിച്ചു.
റാന്നി, അടൂര്‍, കോന്നി മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്.രാഷ്ട്രീയ അതിപ്രസരവും അഴിമതിയും സഹകരണമേഖലയെ പ്രതിസന്ധിയിലാക്കി. വിലക്കയറ്റം തടയാനുള്‍പ്പെടെ പണമില്ലാത്തത് വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്വന്തം മന്ത്രി ഭരിക്കുന്ന മൃഗസംരക്ഷണവകുപ്പ് പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ആരോഗ്യമേഖലയില്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന രീതി വലിയ വിമര്‍ശനം വിളിച്ചുവരുത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സീറ്റിലും പരാജയപ്പെട്ടതില്‍ തൃശ്ശൂരിലെ പരാജയം വലിയ വിമര്‍ശനത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കിലും തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.സിപിഐ ജില്ലാ സമ്മേളന പ്രതിനിധികള്‍ക്ക് ചായയ്ക്കൊപ്പം കൊട്ടാരക്കര ഉണ്ണിയപ്പം
കോന്നി: സിപിഐ ജില്ലാ സമ്മേളനത്തില്‍ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പവും വിതരണംചെയ്തു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടയിലാണ് റെഡ് വോളന്റിയര്‍മാര്‍ ചായയും ലഘുഭക്ഷണവുംകൊണ്ട് വേദിയില്‍ എത്തിയത്. അതിനുശേഷം പ്രതിനിധികള്‍ക്കും വിതരണംചെയ്തു. ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം ആയിരുന്നു ചായക്കൊപ്പം കഴിക്കാന്‍ നല്‍കിയത്. ജില്ലാ സമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാളുടെ നിര്‍ദേശപ്രകാരമാണ് കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് നടത്തിയത്. ആയിരം ഉണ്ണിയപ്പമാണ് വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തില്‍നിന്ന് വാങ്ങിയത്.
മൈക്ക് തകരാറിന് ഓപ്പറേറ്ററെ ശകാരിക്കേണ്ട കാര്യമില്ല''
മൈക്ക് കേടാകുന്നത് സ്വാഭാവികമാണ്, അതിന് ഓപ്പറേറ്ററെ ശകാരിക്കേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോന്നിയില്‍ സിപിഐ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് 'മൈക്ക് സിസ്റ്റം' തകരാറിലായത്. പ്രസംഗപീഠത്തില്‍ ഉണ്ടായിരുന്ന മൈക്ക് പ്രവര്‍ത്തനരഹിതമായി. പകരമായി കോഡ്ലെസ് മൈക്ക് പ്രസംഗിക്കാനായി നല്കി. രണ്ടുമിനിറ്റ് തടസ്സപ്പെട്ട പ്രസംഗം പുനരാരംഭിച്ചപ്പോഴായിരുന്നു ബിനോയ് വിശ്വത്തിന്റെ കമന്റ്. യന്ത്രങ്ങള്‍ കേടാകുക സാധാരണമാണ്. അതിനാരെയും പഴിക്കേണ്ടെന്നുപറഞ്ഞ് അദ്ദേഹം പ്രസംഗം തുടര്‍ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.