ആലപ്പുഴ: പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ ശനിയാഴ്ച ചുണ്ടനുകള്‍ ചീറിപ്പായും. ചെറുവള്ളങ്ങളും ചുണ്ടനുകളും തുഴക്കരുത്തില്‍ കുതിക്കുമ്പോള്‍ കരയില്‍ ആരവമുയരും. ചുണ്ടനുകളില്‍ എല്ലാവര്ക്കും ഒരൊറ്റ ലക്ഷ്യംമാത്രം. നെഹ്റുവിന്റെ പേരിലുള്ള വെള്ളിക്കപ്പ്. അതിനായി കൈമെയ് മറന്ന് അവര്‍ ആഞ്ഞുതുഴയും.
21 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 75 വള്ളങ്ങളാണ് എഴുപത്തൊന്നാമത് നെഹ്റുട്രോഫിയില്‍ മത്സരിക്കുന്നത്. മത്സരങ്ങള്‍ രാവിലെ 11-ന് ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി എത്തിയില്ലെങ്കില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന്, വള്ളങ്ങളുടെ മാസ്ഡ്രില്‍ നടക്കും. സിംബാംബ്വേയിലെ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്കുമാര്‍ ഇന്ദുകാന്ത് മോദി, സിംബാംബ്വേ അംബാസഡര്‍ സ്റ്റെല്ല നിക്കാമോ എന്നിവരാണ് മുഖ്യാതിഥികള്‍
ചുണ്ടന്‍വള്ളങ്ങളുടെ മത്സരങ്ങള്‍ ആറു ഹീറ്റ്സുകളിലായി നടക്കും. ആദ്യ നാലു ഹീറ്റ്സില്‍ നാലു വള്ളം, അഞ്ചാം ഹീറ്റ്സില്‍ മൂന്നു വള്ളം, ആറാമത്തെ ഹീറ്റ്സില്‍ രണ്ടു വള്ളം എന്നിങ്ങനെയാണ് മത്സരക്രമം. ഹീറ്റ്സില്‍ മികച്ച സമയംകുറിക്കുന്ന നാലു വള്ളം ഫൈനല്‍ പോരാട്ടത്തില്‍ പങ്കെടുക്കും. ചെറുവള്ളങ്ങളുടെ വിഭാഗത്തിലും ഫിനിഷ് ചെയ്യുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.കുറ്റമറ്റ ക്രമീകരണം
കഴിഞ്ഞവര്‍ഷം കല്ലുകടിയായി മാറിയ സ്റ്റാര്‍ട്ടിങ്-ഫിനിഷിങ് ഡിവൈസുകള്‍ ഇത്തവണ കുറ്റമറ്റതായാണ് തയ്യാറാക്കിയിരിക്കുന്നത്. ഫിനിഷിങ് ടൈമര്‍ കഴിഞ്ഞവര്‍ഷം ഉപയോഗിച്ച ഡിവൈസിന്റെ പുതുക്കിയ പതിപ്പാണ്. വിജയിയെ കൃത്യമായി കണ്ടെത്താന്‍ സാധിക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. ടൈമര്‍ സംബന്ധിച്ച് കഴിഞ്ഞവര്‍ഷം വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്റ്റാര്‍ട്ടിങ് ഡിവൈസും അവസാനവട്ടവും പരീക്ഷിച്ച് കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്. നെഹ്റുട്രോഫി കാണാനായി ആയിരങ്ങള്‍ ആലപ്പുഴയിലേക്കെത്തും. മത്സരം നടക്കുന്ന കായലിലും നഗരപരിസരങ്ങളിലും ശനിയാഴ്ച ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
മഴ ചതിക്കില്ലെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രംവെള്ളിയാഴ്ച രാവിലെമുതല്‍ തകര്‍ത്തുപെയ്യുന്ന മഴ വള്ളംകളിയാവേശത്തില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. മത്സരദിനം രാവിലെ കുറച്ചു മഴയുണ്ടാകുമെന്നും ഉച്ചകഴിഞ്ഞ് പ്രശ്നമുണ്ടാകില്ലെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചത്.
ചാര്‍ട്ടേഡ് ട്രിപ്പ് ഒന്ന്
നെഹ്റുട്രോഫിയുടെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ചാര്‍ട്ടേഡ് ട്രിപ്പ് കണ്ണൂരില്‍നിന്നെത്തും. 39 വള്ളംകളി പ്രേമികളുമായാണ് വരുന്നത്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലാണ് ചാര്‍ട്ടേഡ് ട്രിപ്പ് നടത്തുന്നത്. കൂടാതെ, ഓരോ ഡിപ്പോകള്‍ വഴിയും ടിക്കറ്റ് വില്‍പ്പനയുണ്ട്. വെള്ളിയാഴ്ചവരെ കെഎസ്ആര്‍ടിസി വഴി 55,000 രൂപയുടെ ടിക്കറ്റ് വില്‍പ്പന നടന്നു.
എന്‍ടിബിആര്‍ ജേഴ്സി അണിഞ്ഞാല്‍ സഹായം
തുഴച്ചില്‍ക്കാര്‍ റേസ് കമ്മിറ്റി നല്കിയ ജേഴ്സിതന്നെ അണിഞ്ഞാല്‍ പ്രത്യേക സഹായം നല്‍കുന്നത് പരിഗണനയില്‍. ചിലര്‍ എന്‍ടിബിആര്‍ നല്കുന്ന ജേഴ്സി മത്സരത്തില്‍ ധരിക്കാറില്ല. മറ്റു സ്പോണ്‍സര്‍മാരുടെ ജേഴ്സി ധരിക്കാറുണ്ട്. എന്‍ടിബിആറില്‍ ഒരുലക്ഷം രൂപ അടച്ചാല്‍ മറ്റു സ്പോണ്‍സര്‍മാരുടെ ജേഴ്സി ധരിക്കാന്‍ അനുമതി നല്‍കും. അനുമതി നേടാത്തവര്‍ക്ക് ഇത്തവണ ബോണസ് നല്‍കില്ല. എന്‍ടിബിആര്‍ നല്കുന്ന ജേഴ്സിയണിഞ്ഞ് മത്സരത്തിനു മുന്‍പും ശേഷവുമുള്ള ഫോട്ടോയെടുത്ത് അധികൃതര്‍ക്കു സമര്‍പ്പിച്ചാല്‍ പ്രത്യേക സഹായം നല്കാന് ധാരണയായിട്ടുണ്ട്. മത്സരശേഷം ഇക്കാര്യത്തില്‍ തീരുമാനമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.