സിഡ്നി: ഓസ്ട്രേലിയയില്‍ കുടിയേറ്റക്കാര്‍ക്കെതിരേ കൂറ്റന്‍ പ്രക്ഷോഭം. 'മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ' എന്ന തീവ്രവലതുപക്ഷ സാമൂഹികമാധ്യമഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധമാര്‍ച്ചുകളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
ഓസ്ട്രേലിയയിലേക്കുള്ള ബഹുജന കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍ ആളുകള്‍ സംഘടിച്ചത്. രാജ്യത്തിന്റെ കുടിയേറ്റ നയങ്ങള്‍ ഓസ്ട്രേലിയയുടെ ഐക്യത്തെ നശിപ്പിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.ഇന്ത്യക്കാര്‍ക്കെതിരേ അടക്കമുള്ള വിദ്വേഷം നിറഞ്ഞ നോട്ടീസുകളും ലഘുലേഖകളും പ്രതിഷേധക്കാര്‍ പുറത്തിറക്കിയിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരേ, പ്രത്യേകിച്ച് ഇന്ത്യക്കാരെയും ലക്ഷ്യമിട്ടുള്ള വാക്കുകളും പരാമര്‍ശങ്ങളുമായിരുന്നു ഈ നോട്ടീസുകളിലുണ്ടായിരുന്നത്. നൂറുവര്‍ഷത്തിനിടെ വന്ന ഗ്രീക്കുകാരേക്കാളും ഇറ്റലിക്കാരേക്കാളും അധികം ഇന്ത്യക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ഓസ്ട്രേലിയയിലെത്തി എന്നായിരുന്നു ഒരു നോട്ടീസില്‍ എഴുതിയിരുന്നത്. ഓസ്ട്രേലിയയുടെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനം വരുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള കണക്കുകളും ഇവര്‍ നിരത്തിയിരുന്നു.2013 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഓസ്ട്രേലിയയിലെ ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായെന്നും അത് 8.5 ലക്ഷത്തിലെത്തിയെന്നുമാണ് പ്രതിഷേധക്കാരുടെ അവകാശവാദം. ഇതിനുപുറമേ നമ്മുടെ രാജ്യത്തെ തിരികെകൊണ്ടുപോകൂ, നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കൂ തുടങ്ങിയ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടീസുകളും ലഘുലേഖകളും സംഘാടകര്‍ പുറത്തിറക്കിയിരുന്നു. ഓസ്ട്രേലിയയിലെ ഭൂരിപക്ഷവിഭാഗം ജനങ്ങളും തങ്ങള്‍ക്കൊപ്പമാണെന്നും പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു.അതേസമയം, 'മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ'യുടെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം വംശീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. പ്രതിഷേധക്കാര്‍ക്ക് നിയോ-നാസി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം റാലികളെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് ഓസ്ട്രേലിയന്‍ മന്ത്രി മുറായ് വാട്ട് പറഞ്ഞു. നിയോ നാസി ഗ്രൂപ്പുകളാണ് ഇത്തരം സംഘടനയ്ക്കും റാലിയ്ക്കും പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്ക് നിയോ-നാസി ബന്ധമുണ്ടെന്ന ആരോപണം 'മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ' സംഘാടകര്‍ നിഷേധിച്ചിട്ടുണ്ട്.ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്‍ക്കെതിരേ വിവിധ നഗരങ്ങളില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധമാര്‍ച്ച്
0
ഞായറാഴ്ച, ഓഗസ്റ്റ് 31, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.