ആവാസവ്യുഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ പ്രേക്ഷശ്രദ്ധ നേടിയ സംവിധായകനാണ് കൃഷാന്ത്. തന്റെ എഴുത്തിലെ പുതുമ കൊണ്ടും മേക്കിങ്ങിലെ കയ്യടക്കം കൊണ്ടും കൃഷാന്തിൻ്റെ സിനിമകൾ എപ്പോഴും കയ്യടി നേടാറുണ്ട്. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം കൃഷാന്ത് ഒരുക്കുന്നു എന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു.
എന്നാൽ അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും വന്നിരുന്നില്ല. ഇപ്പോഴിതാ ഈ മോഹൻലാൽ സിനിമയെക്കുറിച്ച് ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ കൃഷാന്ത്. മോഹൻലാലിനൊപ്പമുള്ള ചിത്രം ഒരു ഡിറ്റക്റ്റീവ് കോമഡി ഴോണറിൽ ആകും ഒരുങ്ങുന്നതെന്നാണ് കൃഷാന്ത് വ്യക്തമാക്കിയത്. മോഹൻലാലിനൊപ്പമുള്ള സിനിമ ഏത് ഴോണറിൽ ആകും എന്ന ഒരു ആരാധകന്റെ കമന്റിന് മറുപടി പറയുകയായിരുന്നു സംവിധായകൻ.റെഡ്ഡിറ്റിലൂടെയായിരുന്നു കൃഷാന്തിൻ്റെ പ്രതികരണം. ലാലേട്ടൻ പടം ഉടനെ തുടങ്ങുമോ എന്ന ചോദ്യത്തിന് 'കുറച്ച് സിറ്റിംഗ് കൂടി ബാക്കിയുണ്ട്' എന്നായിരുന്നു സംവിധായകന്റെ മറുപടി. സിനിമയുടെ ഷൂട്ടിംഗ് 2026 ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, കൃഷാന്തിന്റെ ഏറ്റവും പുതിയ സിനിമയായ 'സംഘർഷ ഘടന' ആഗസ്റ്റ് എട്ടിന് പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്.വിഷ്ണു അഗസ്ത്യ, സനൂപ് പടവീടൻ, രാഹുൽ രാജഗോപാൽ, ഷിൻസ് ഷാൻ, സിലേഷ് കെ ലക്ഷ്മി, മൃദുല മുരളി, ജെയിൻ ആൻഡ്രൂസ് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. കൃഷാന്ദ് ഫിലിംസ് നിർമ്മിച്ച സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് രാജേഷ് നരോത്ത് ആണ്. സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രമായ ഹൃദയപൂർവ്വം ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ സിനിമ. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും.
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.