കൊച്ചി: തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് സിറോ മലബാർ സഭ. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ നടത്തിവരുന്ന നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രസ്‌താവനകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും സിറോ മലബാർ സഭ.
ഛത്തീസ്ഗഢില്‍ ജയിലിലടക്കപ്പെട്ട കത്തോലിക്കാ സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാംപ്ലാനി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞത് അനവസരത്തിൽ ഉയർത്തിക്കൊണ്ടുവന്ന് ആക്ഷേപിക്കാനുള്ള സിപിഎം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണെന്നും സഭ പ്രസ്താവനയിൽ വ്യക്തമാക്കി. സന്യാസിനിമാരുടെ മോചനം സാധ്യമാക്കുന്നതിനു സഹായിച്ച കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും നേതാക്കൾക്കും മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും നന്ദി പ്രകാശിപ്പിക്കുന്ന സിറോമലബാർ സഭയുടെ ഔദ്യാഗികമായ പൊതുനിലപാട് ആവർത്തിക്കുകമാത്രമാണ് മാർ ജോസഫ് പാംപ്ലാനി ചെയ്‌തിട്ടുള്ളത്. എന്നാൽ ഈ വിഷയത്തിൽ തങ്ങളുടെ രാഷ്ട്രീയതാല്പര്യ സംരക്ഷണത്തിനായി ഒരു രാഷ്ട്രീയപാർട്ടി അവരുടെ വിവിധ സംവിധാനങ്ങളിലൂടെ അനവസരത്തിലുള്ള പ്രസ്‌താവനകൾ വഴി അകാരണമായി ബിഷപ്പിനെ അക്രമിക്കുകയാണുണ്ടായത്.സിറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല. സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്‌ഠിതമാണ്. തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും സഭയ്ക്കു മടിയില്ല.ആർക്ക് എപ്പോൾ നന്ദി പറയണം, ആരെ വിമർശിക്കണം എന്നതിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇടമില്ല. എന്നാൽ, ജനാധിപത്യ സംവിധാനത്തിൻ്റെ ഭാഗമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവയുടെ സമുന്നതരായ നേതാക്കളെയും അംഗീകരിക്കുന്നതിൽ സഭ ഒരു വീഴ്ച്‌ചയും വരുത്തിയിട്ടില്ല. ഇതേ ജനാധിപത്യ മര്യാദ രാഷ്ട്രീയ നേതാക്കൾ അവരുടെ പ്രസ്‌താവനകളിലും ഇടപെടലുകളിലും പ്രകടിപ്പിക്കണമെന്നു സഭ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.