ന്യൂഡൽഹി ∙ ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്‍റെ എതിർപ്പ് തള്ളി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ആയിരുന്നു ലിപുലേഖ് ചുരം, ഷിപ്കി ചുരം, നാഥുലാ ചുരം എന്നീ പാതകൾ വഴി അതിർത്തി വ്യാപാരം ആരംഭിക്കാൻ ധാരണയായത്.
മഹാകാളി നദിയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ലിമ്പിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ നേപ്പാളിന്റെ അവിഭാജ്യ ഭാഗങ്ങളാണെന്നാണ് നേപ്പാൾ സർക്കാരിന്റെ നിലപാട്. ഇവ നേപ്പാൾ ഭൂപടത്തിലും ഭരണഘടനയിലും ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.നേപ്പാളിന്റെ നിലപാട് അന്യായവും അംഗീകരിക്കാൻ കഴിയാത്തതും ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. 1954 ൽ ലിപുലേഖ് ചുരം വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വ്യാപാരം ആരംഭിച്ചതാണ്. ഇതു പതിറ്റാണ്ടുകളായി നടന്നുവരുന്നു. കോവിഡ്, മറ്റ് സംഭവ വികാസങ്ങൾ എന്നിവ കാരണം വ്യാപാരം ഇക്കഴിഞ്ഞ വർഷങ്ങളിൽ തടസപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും അത് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
അതിർത്തി പ്രശ്‌നങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കുന്നതിന് നേപ്പാളുമായി ക്രിയാത്മകമായ ഇടപെടലുകൾക്ക് ഇന്ത്യ സന്നദ്ധമാണെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. സിക്കിം, ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളുമായി നേപ്പാൾ 1850 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്നുണ്ട്.2020 മേയ് എട്ടിനു ഹിമാലയ മേഖലയില്‍ ചൈനാ അതിര്‍ത്തിയും ലിപുലേഖ് പാസും ബന്ധിപ്പിച്ച് 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നത്. തങ്ങളുടെ മേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നതെന്നാണ് നേപ്പാളിന്റെ വാദം. ഒരു മാസത്തിനിപ്പുറം ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതിലേക്കു വരെ കാര്യങ്ങള്‍ വഷളായിരിക്കുന്നു. അന്ന് ബിഹാര്‍ അതിര്‍ത്തിയില്‍ തര്‍ക്കപ്രദേശത്ത് എത്തിയ ഇന്ത്യക്കാര്‍ക്കു നേരെ നേപ്പാള്‍ സുരക്ഷാ ഗാര്‍ഡുകള്‍ നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യക്കാരന്‍ മരിക്കുകയും രണ്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.