പാലക്കാട്: തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതി വ്യാജമാണെന്നും, ഇതിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ വ്യക്തമാക്കി
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ വലിയൊരു ‘ബോംബ്’ വരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവന്ന പരാതി, 'പൊട്ടാത്ത നനഞ്ഞ ഓലപ്പടക്കം' മാത്രമാണെന്ന് കൃഷ്ണകുമാർ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. കൃഷ്ണകുമാറിന് പിന്തുണയുമായി ബിജെപി നേതാക്കളായ ശങ്കു ടി. ദാസ്, സന്ദീപ് വാചസ്പതി, യുവരാജ് ഗോകുൽ എന്നിവരും രംഗത്തെത്തി.വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ
ഭാര്യവീട്ടിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടതാണ് ഈ ആരോപണങ്ങളെന്ന് കൃഷ്ണകുമാർ പറഞ്ഞു. 2010-ൽ ഇതരമതസ്ഥനെ വിവാഹം കഴിച്ച പരാതിക്കാരി, വിൽപത്രവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ആ കേസിന് ബലം നൽകാൻ വേണ്ടിയാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതി നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു.
2015-ൽ താൻ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും, പിന്നീട് 2020-ൽ ഭാര്യ മത്സരിച്ചപ്പോഴും ഇതേ പരാതി ഉയർന്നിരുന്നു. ഈ പരാതി പോലീസ് അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുള്ളതും, കോടതി തള്ളിക്കളഞ്ഞതുമാണ്. വ്യാജ പരാതിയാണെന്ന് അറിഞ്ഞിരുന്നതിനാൽ അന്ന് മാധ്യമങ്ങൾ ഇത് വാർത്തയാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് പാർട്ടിക്ക് അകത്തുനിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന വ്യക്തിയാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഇരുന്ന് ഇതേ നീക്കങ്ങൾ നടത്തുന്നതെന്നും കൃഷ്ണകുമാർ ആരോപിച്ചു.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സമരത്തിൽ നിന്ന് പിന്നോട്ടില്ല
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും കൃഷ്ണകുമാർ പറഞ്ഞു. "2015-ലും 2020-ലും പൊട്ടാത്ത പടക്കം ഇപ്പോൾ പൊട്ടിച്ചാലും പൊട്ടാൻ പോകുന്നില്ല. എന്ത് ആരോപണം വന്നാലും രാഹുലിനെതിരായ സമരത്തിൽ നിന്ന് ബിജെപി പിന്നോട്ടില്ല," അദ്ദേഹം വ്യക്തമാക്കി. 'തേങ്ങയുടയ്ക്കാൻ പോകുന്നു' എന്ന് പറയുമ്പോൾ ഏത് തേങ്ങയാണെന്ന് തനിക്കറിയാമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
നേതാക്കളുടെ പിന്തുണകൃഷ്ണകുമാറിന് പിന്തുണയുമായി സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ രംഗത്തെത്തി. സഹോദരിമാർ തമ്മിലുള്ള സ്വത്ത് തർക്കത്തിൽ ആരംഭിച്ച കേസാണിതെന്നും, ഇത് വ്യാജ പരാതിയാണെന്ന് കോടതി തീർപ്പാക്കിയതാണെന്നും ശങ്കു ടി. ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 'പുല്ല് വില പോലുമില്ലാത്ത ഇവരുടെ ബോംബ് ഭീഷണി വിശ്വസിച്ച് ഒരു രാത്രി മുഴുവൻ കന്റോൺമെന്റ് ഹൗസിലേക്ക് പോയ മാധ്യമങ്ങൾക്ക് സ്നേഹപൂർവ്വം ഈ നനഞ്ഞ പടക്കം സമർപ്പിക്കുന്നു' എന്നും അദ്ദേഹം പരിഹസിച്ചു.
സന്ദീപ് വാചസ്പതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയാണ് വിമർശനം ഉന്നയിച്ചത്. "ബോംബാണെന്ന് പറഞ്ഞ് കൊണ്ടു തന്നത് ഒരു ഓലപ്പടക്കമെങ്കിലും ആണോ എന്ന് തിരിച്ചറിയാനുള്ള വകതിരിവ് പ്രതിപക്ഷ നേതാവിന് ഉണ്ടാവേണ്ടേ?" എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. "വർഷങ്ങളായി തുടരുന്ന ഒരു സ്വത്ത് തർക്കം, അതിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ട പീഡന ആരോപണം, 2023-ൽ കോടതി തീർപ്പാക്കിയ കേസ്. ഇതാണ് താങ്കൾക്ക് കിട്ടിയ ബോംബ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ ലക്ഷ്യമിട്ടായിരുന്നു യുവരാജ് ഗോകുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. "ബിജെപി ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയ ഒന്നിനെ മുന്തിയ ഇനം കാളയെന്ന് ധരിച്ച് വി.ഡി. സതീശൻ തൊഴുത്തിൽ കയറ്റി കെട്ടിയിട്ടുണ്ട്.... അതൊരു കഴുത മാത്രമാണെന്ന് തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും സതീശൻ ബാക്കിയുണ്ടായാൽ ഭാഗ്യം," യുവരാജ് ഗോകുൽ പരിഹസിച്ചു.
നേരത്തെ, കുറച്ചുവർഷം മുൻപ് കൃഷ്ണകുമാറിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് ഒരു യുവതി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരാതി നൽകിയിരുന്നു. തുടർന്ന് ആർ.എസ്.എസ്. സംസ്ഥാന ഓഫീസ്, വി. മുരളീധരൻ, എം.ടി. രമേശ് തുടങ്ങിയ നേതാക്കൾക്ക് മുമ്പാകെയും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.