തിരുവനന്തപുരം: ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ 50 ശതമാനമാക്കി വര്‍ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി കേരളത്തിന്റെ പരമ്പരാഗത മേഖലയ്ക്കു ഉള്‍പ്പെടെ വലിയ തിരിച്ചടി ഉണ്ടാക്കുന്നതാണെന്നും ട്രംപിന്റെ കോലം കത്തിച്ചു പ്രതിഷേധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.
ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രോൽപ്പന്നങ്ങള്‍, കശുവണ്ടി, കയര്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്ന കേരളത്തിന് വലിയ ആഘാതമാണ് ട്രംപിന്റെ നടപടി. രാജ്യത്തെ സംബന്ധിച്ചിടത്തോളം ടെക്സ്റ്റൈല്‍, മരുന്ന് നിര്‍മാണം,തുകല്‍, ആഭരണങ്ങള്‍, വിലപിടിപ്പുള്ള കല്ലുകള്‍ തുടങ്ങിയ എല്ലാ സാധനങ്ങള്‍ക്കും തീരുവ വര്‍ധനവിലൂടെ വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ഉണ്ടാവാന്‍ പോകുന്നത്. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കാന്‍ ഇറങ്ങി തിരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്ക് വലിയ തിരിച്ചടിയാണിതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാല്കീഴില് ജൂനിയര്‍ പങ്കാളിയായി നിലനില്‍ക്കുന്ന ഭരണകൂടത്തിനേറ്റ കനത്ത പ്രഹരമാണിതെന്നതിലും സംശയമില്ല. രാജ്യത്തിന് ഏറ്റവും ദോഷം ചെയ്യുന്ന ഈ സംഭവത്തില്‍ ശക്തമായി പ്രതികരിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കും കഴിയുന്നില്ല. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുവെന്നു പറഞ്ഞാണ് അമേരിക്ക 25 ശതമാനത്തില്‍ നിന്നും 50 ശതമാനമായി ചുങ്കം വര്‍ധിപ്പിച്ചത്.
എന്നാല്‍ അമേരിക്ക റഷ്യയില്‍ നിന്നും യുറേനിയവും വളവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട് എന്ന വസ്തുത മാധ്യമങ്ങള്‍ തന്നെ ട്രംപിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതിനോടു കൃത്യമായ നിലപാട് സ്വീകരിക്കാതെ ഉരുണ്ടു കളിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ചൈനയെ വളഞ്ഞു പിടിക്കാനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഒപ്പം നിന്ന് അമേരിക്കയെ സഹായിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ട്രംപിന്റെ ഈ തീരുമാനം. പാക്കിസ്ഥാന് ചുമത്തിയത് 19 ശതമാനം മാത്രമാണ്.
അതിശക്തിയായ ഇരട്ടചുങ്കം എന്നു പറഞ്ഞ് ചൈനക്ക് നേരെ ആദ്യം ട്രംപ് മുന്നോട്ടു വന്നെങ്കിലും പിന്നീട് ചര്‍ച്ച ചെയ്ത് 30 ശതമാനമായി കുറയ്ക്കുകയാണ് ചെയ്തത്. രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കുന്ന ഈ കരാറിനെതിരെ സിപിഎം ശക്തമായ പ്രതിഷേധം ഉയര്‍ത്തും. പ്രാദേശിക തലത്തില്‍ ട്രംപിന്റെ കോലം കത്തിച്ച് സാമ്രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.