തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങുന്നതിനായി ആശുപത്രി സൂപ്രണ്ടിന് ഡോ. ഹാരിസ് ചിറയ്ക്കൽ നൽകിയ കത്തുകൾ പുറത്ത്.
ഉപകരണങ്ങളില്ലെന്ന് സൂപ്രണ്ടിനെ അറിയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഡോ. ഹാരിസിനു നൽകിയ കാരണംകാണിക്കൽ നോട്ടീസിലെ സർക്കാർ വാദം പൊളിയുന്നതാണ് ഈ കത്തുകൾ.രണ്ടു കത്തുകൾ നൽകിയിട്ടുണ്ടെങ്കിലും ലിത്തോക്ലാസ്റ്റിന് അനുബന്ധ ഉപകരണങ്ങൾ ഇല്ലെന്ന കാര്യം സൂപ്രണ്ടിനെയോ, പ്രിൻസിപ്പലിനെയോ അറിയിച്ചിട്ടില്ലെന്നാണ് മെമ്മോയിൽ പറഞ്ഞിരുന്നത്. ഈ വർഷം മാർച്ച് 10, ജൂൺ ആറ് എന്നീ തീയതികളിലാണ് ഡോ. ഹാരിസ് സൂപ്രണ്ടിന് കത്തുകൾ നൽകിയത്.യൂറോളജി വിഭാഗത്തിൽ സ്ഥാപിച്ചിട്ടുള്ള ലിതോക്ലാസ്റ്റ് എന്ന ഉപകരണത്തിന് അനുബന്ധ സാമഗ്രികൾ വേണമെന്നാണ് രണ്ടു കത്തിലെയും ആദ്യവാചകങ്ങൾ. ഈ സാധനങ്ങൾ നൽകുന്ന അംഗീകൃത ഏജൻസി അറിയിച്ചിട്ടുള്ള വിലയും രണ്ടുകത്തുകളിലും ഡോ. ഹാരിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉപകരണങ്ങളില്ലെന്ന് ഡോ. ഹാരിസ് വെളിപ്പെടുത്തിയ ജൂൺ 27-നുശേഷം അടിയന്തരമായി ലിതോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണം വാങ്ങിയതിനുള്ള രേഖകളും പുറത്തുവന്നു. ഉപകരണം നൽകിയ ഏജൻസി മെഡിക്കൽ കോളേജിന് നൽകിയിട്ടുള്ള ഇൻവോയിസ് വിവരങ്ങളാണ് പുറത്തുവന്നത്..
ഹാരിസിന് നോട്ടീസ് നൽകിയത് വകുപ്പുതലത്തിലുള്ള സ്വാഭാവിക നടപടിമാത്രമാണെന്ന് മന്ത്രി വീണാ ജോർജ്. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ആശുപത്രി വികസന സമിതി വഴി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് സൂപ്രണ്ടിന്റെ വാങ്ങൽപരിധി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്.
എംപി ഫണ്ടിൽനിന്നുവാങ്ങി യൂറോളജി വകുപ്പിനു നൽകിയിരുന്ന ഒരു ഉപകരണത്തിെന്റ ഭാഗം കാണുന്നില്ലെന്നകാര്യവും അന്വേഷണസമിതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് വകുപ്പുതലത്തിൽ മറ്റൊരന്വേഷണം നടത്തുന്നുണ്ട്.
നിലവിലുള്ള ചട്ടങ്ങൾ മറികടന്ന് ഉപകരണങ്ങൾ വാങ്ങിയാൽ ഓഡിറ്റ് പ്രശ്നങ്ങളും മറ്റും വരുന്നുണ്ട്. അത്തരം നിർദേശങ്ങൾ പരിശോധിക്കാൻ മറ്റൊരു സമിതിയും രൂപവത്‌കരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.