കൊച്ചി: വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാച്ചെലവ് കുറയ്‌ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഫിക്കിയുടെ സഹകരണത്തോടെ സിയാൽ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂലധനച്ചെലവ് കുറച്ച് സമയനഷ്ടമില്ലാതെ യാത്ര ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.വ്യോമയാന വ്യവസായത്തിൽ സിയാൽ ജനകീയ മാതൃക തീർത്തു. മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച സിയാൽ സാങ്കേതികവിദ്യ മാറ്റങ്ങൾ പൂർണമായും ഉൾക്കൊണ്ടു. വ്യോമഗതാഗതം ശക്തിപ്പെടുന്നത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കും. സിവിൽ ഏവിയേഷൻ ഹബ്ബായി മാറാൻ കേരളത്തിന് ഏറെ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാലിൽ ആരംഭിക്കുന്ന എയർപോർട്ട് ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
ആരോഗ്യ കേന്ദ്രത്തിന്റെ താക്കോൽദാനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു.വ്യവസായമന്ത്രി പി.രാജീവ് അധ്യക്ഷനായി. ബെന്നി ബെഹ്നാൻ എംപി, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, സിയാൽ ഡയറക്ടർമാരായ അരുണ സുന്ദർരാജൻ, എൻ.വി. ജോർജ്, വർഗീസ് ജേക്കബ്, ഡപ്യുട്ടി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഡോ.എസ്.സെന്തിൽ നാഥൻ, ഫിക്കി സീനിയർ ഡയറക്ടർ മനോജ് മേത്ത, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, എയർപോർട്ട് ഡയറക്ടർ ജി.മനു എന്നിവർ പങ്കെടുത്തു.
സീപ്ലെയിൻ, ഹെലികോപ്റ്റർ, ഈവിറ്റോൾ എന്നിവ സമന്വയിപ്പിച്ച് എയർ ടാക്‌സി ആരംഭിച്ചാൽ കേരളത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാകുമെന്ന് ഉച്ചകോടിയിൽ നടന്ന പാനൽ ചർച്ചയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. എയർ ടാക്‌സി സർവീസ് ആരംഭിക്കുന്നതിൽ സിയാലിന് നിർണായക പങ്ക് വഹിക്കാൻ കഴിയും. അർബൻ മൊബിലിറ്റിക്ക് ഹെലികോപ്റ്റർ, സീപ്ലെയിൻ, ഈവിറ്റോൾ എന്നിവയുടെ സാധ്യതകൾ തേടി നടന്ന ചർച്ചയിൽ തുമ്പി ഏവിയേഷൻ സിഎംഡി ഗ്രൂപ്പ് ക്യാപ്റ്റൻ ഡോ. കെഎൻജി നായർ മോഡറേറ്ററായി.ഇമൊബിലിറ്റിയുടെ ഭാവി ഹൈബ്രിഡ് എയർ ടാക്‌സികളാണെന്ന് ചർച്ചയിൽ പങ്കെടുത്ത സർള ഏവിയേഷൻ വൈസ് പ്രസിഡൻറ് പായൽ സതീഷ് പറഞ്ഞു. മൂന്നാർ, തേക്കടി, ആലപ്പുഴ, ശബരിമല എന്നിവിടങ്ങളിലേക്ക് എയർ ടാക്സി സാധ്യമാണ്. സിയാലിൽ ഓപ്പറേഷനൽ ഹബ് തുടങ്ങാൻ താല്പര്യമുണ്ടെന്നും അവർ പറഞ്ഞു. തീർഥാടന, വിനോദ സഞ്ചാര കണക്റ്റിവിറ്റിക്ക് ഹൈബ്രിഡ് എയർ ടാക്‌സി മികച്ചതാണെന്നും അവർ ചൂണ്ടിക്കാട്ടി. സീപ്ലെയ്ൻ ഓപ്പറേഷൻ നടത്തുന്നതിനായി കൂടുതൽ അടിസ്‌ഥാന സൗകര്യം ഒരുക്കണമെന്ന് ഡി ഹാവിലാൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡ് ഇന്ത്യ ആർഎസ്ഒ പ്രതിനിധി സയ്ദ് കമ്രാൻ ഹുസൈൻ പറഞ്ഞു.
റോഡുകൾക്കായി അടിസ്‌ഥാന സൗകര്യം ലഭ്യമല്ലാത്ത സ്‌ഥലങ്ങളിൽ സീപ്ലെയ്ൻ അനുയോജ്യമാണെന്ന് ചിപ്‌സൺ സിഎംഡി സുനിൽ നാരായൺ അഭിപ്രായപ്പെട്ടു. ഹെലികോപ്റ്റർ ഓപ്പറേഷനായി കൂടുതൽ ഹെലിപാഡുകൾ ആവശ്യമാണ്. ഒറ്റ എൻജിൻ ഹെലികോപ്റ്ററുകൾക്ക് റൂഫ് ടോപ്പുകളിൽ നിന്ന് പറന്നുയരാനുള്ള അനുമതി നൽകണമെന്നും പാനൽ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കേരളത്തിലെ വ്യോമയാന സൗകര്യങ്ങളും നിക്ഷേപക സാധ്യതകളും പ്രയോജനപ്പെടുത്തുക,
കേരളത്തെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുക, പ്രാദേശിക ഏവിയേഷൻ, ലോജിസ്റ്റിക്സ് ഹബ് എന്നിവ ശക്തിപ്പെടുത്തുക, ഡിജിറ്റൽ എയർ ട്രാവൽ, എംആർഒ ഇക്കോ സിസ്റ്റം എന്നിവയെ കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഏവിയേഷൻ മേഖലയിലെ തന്ത്രപ്രാധാന മാറ്റങ്ങൾ, നയരൂപീകരണം, അടിസ്‌ഥാന സൗകര്യ വികസനം തുടങ്ങിയവ ഉച്ചകോടി ചർച്ച ചെയ്യും. ഉച്ചകോടി ഞായറാഴ്ച സമാപിക്കും. സമാപന സമ്മേളനം കൊച്ചി മുനിസിപ്പൽ കോർപറേഷൻ മേയർ എം.അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.