മലക്കപ്പാറ :മാതാപിതാക്കളുടെ നടുവിൽ ഉറങ്ങിക്കിടന്ന 4 വയസ്സുകാരനെ പുലി കടിച്ചെടുത്തോടി. പിന്നാലെ പാഞ്ഞ പിതാവു പുലിയെ നേർക്കുനേർ നേരിട്ട് കുഞ്ഞിനെ രക്ഷിച്ചു..
കേരള–തമിഴ്നാട് അതിർത്തിഗ്രാമമായ മലക്കപ്പാറയിലെ വീരൻകുടി ആദിവാസി ഉന്നതിയിലെ താമസക്കാരായ ബേബി– രാധിക ദമ്പതികളുടെ മൂത്ത മകൻ രാഹുലിനെയാണ് (4) ഇന്നലെ പുലർച്ചെ 2 മണിയോടെ പുലി പിടിച്ചത്.കരച്ചിൽ കേട്ടുണർന്ന ബേബി കുട്ടിയെ പുലി കഴുത്തിൽ കടിച്ചെടുത്ത് ഓടിമറയുന്നതാണു കണ്ടത്. കയ്യിൽ കിട്ടിയ കല്ലുമായി ബേബി പുലിയുടെ പിന്നാലെ പാഞ്ഞു. കാടിനകത്തേക്കു കടക്കുന്നതിനു തൊട്ടുമുൻപ് ബേബിക്ക് കുഞ്ഞിന്റെ കാലിൽ പിടികിട്ടി. അതേനിമിഷം, കയ്യിലിരുന്ന കല്ലുകൊണ്ടു പുലിയെ ആഞ്ഞിടിക്കുകയും ചെയ്തു. ഇതോടെ കുഞ്ഞിനെ ഉപേക്ഷിച്ചു പുലി കാട്ടിൽ മറഞ്ഞു. മാതാപിതാക്കളുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണു കുട്ടിയെ തിരികെ കുടിലിൽ എത്തിച്ചത്.
2 വയസ്സുകാരിയായ അനുജത്തിയും കുടിലിൽ ഉറങ്ങുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പും എത്തുന്ന സമയംകൊണ്ട് വീണ്ടും പുലി രണ്ടുവട്ടം പരിസരത്ത് എത്തി. ഉൾക്കാട്ടിൽ ഷീറ്റ് വലിച്ചുകെട്ടിയ മേൽക്കൂരയുടെ കീഴിൽ സാരി കൊണ്ടു മറച്ച കുടിലിലാണ് ഇവരുടെ താമസം.
കുഞ്ഞിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കു ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലെത്തിച്ച് ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി. തലയിൽ പുലിയുടെ കടിയേറ്റിട്ടുണ്ട്. പല്ല് തലയോട്ടി തുളച്ചുകയറി തലച്ചോറിൽ ക്ഷതം ഏൽപിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.