മലയാളി കന്യാസ്ത്രീകളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും, അതേസമയം നാലഞ്ചു വർഷമായി താനും കുടുംബവും ക്രിസ്തുമത വിശ്വാസമാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കി കമലേശ്വരി

ന്യൂഡൽഹി: ഒരാഴ്ചയായി ഛത്തീസ്ഗഢിലെ ജയിലിൽക്കഴിയുന്ന രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും.

നിയമവിദഗ്‌ധരുമായി ചർച്ചനടത്തിയശേഷം കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യാണ് വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. പഴുതടച്ച ജാമ്യാപേക്ഷ നൽകാനാണ് തീരുമാനം. മുതിർന്ന അഭിഭാഷകരെ നിയോഗിക്കും. മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല.

മനുഷ്യക്കടത്ത് ഉൾപ്പെട്ടിട്ടുള്ളതിനാൽ എൻഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച ജാമ്യാപേക്ഷ നൽകിയാലും എപ്പോൾ പരിഗണിക്കുമെന്ന് പറയാനാകില്ല. ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽനിന്നടക്കം മുതിർന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കുമെന്ന് കന്യാസ്ത്രീകളുടെ കുടുംബങ്ങൾക്കൊപ്പം ഛത്തീസ്ഗഢിലുള്ള കോൺഗ്രസ് എംഎൽഎമാരായ സജീവ് ജോസഫും റോജി എം. ജോണും പറഞ്ഞു.

അതിനിടെ, അറസ്റ്റിലായ കന്യാസ്ത്രീകളുടെ സന്ന്യാസസഭയായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റിന്റെ (ഗ്രീൻ ഗാർഡൻസ്) മദർ സുപ്പീരിയർ ഇസബെൽ ഫ്രാൻസിസ് ദുർഗിലെത്തി. സിബിസിഐയുടെ സന്ന്യാസപ്രതിനിധി സംഘവും ജയിലിൽ കന്യാസ്ത്രീകളെ സന്ദർശിച്ചു. 

കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരടങ്ങുന്ന എംപിമാരുടെ സംഘം വെള്ളിയാഴ്ച ദുർഗിലെത്തി കന്യാസ്ത്രീകളെ കാണും. കന്യാസ്ത്രീകളുടെ അറസ്റ്റിനെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദും അഖിലേന്ത്യാ കിസാൻസഭയും അപലപിച്ചു. 

പോലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി പറഞ്ഞു. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെയും അവർക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാൻ മാണ്ഡവിനെയും പോലീസ് അറസ്റ്റുചെയ്തത്.

ഛത്തീസ്ഗഢിലെ ജയിലിൽക്കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് വഴിയൊരുങ്ങുമെന്നാണ് കേരളത്തിൽ നിന്നുള്ള എംപിമാരുടെ പ്രതീക്ഷ. ഇരുവരും നിരപരാധികളാണെന്ന് ബോധ്യപ്പെട്ടെന്ന നിലയിലാണ് അമിത് ഷാ സംസാരിച്ചതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം എംപിമാർ പറഞ്ഞു. എൻഐഎ കോടതിയിൽനിന്ന് ഈ കേസ് വിടുതൽ ചെയ്യിക്കുന്നതിന് ആവശ്യമായ അപേക്ഷ സംസ്ഥാന സർക്കാർ നൽകും.

എത്രയുംവേഗം ജാമ്യം കിട്ടുമെന്ന പ്രതീക്ഷയാണ് അമിത് ഷാ പങ്കുവെച്ചത്. പ്രതിഷേധങ്ങളുടെ ഫലമാണിതെന്ന് എംപിമാർ പറഞ്ഞു. വിഷയത്തിൽ ബിജെപിക്കെതിരേ ദേശീയതലത്തിലും കേരളത്തിലും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അമിത് ഷായുടെ ഇടപെടൽ.

രക്ഷിതാക്കളുടെ സമ്മതപ്രകാരവും തന്റെ ഇഷ്ടപ്രകാരവുമാണ് കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിലേക്ക് പോകാനിറങ്ങിയതെന്ന് കമലേശ്വരി പറഞ്ഞു. ആരും തന്നെ കടത്തിക്കൊണ്ടു പോയതല്ല. ആഗ്രയിൽനിന്ന് ഭോപാലിലേക്ക് പോകാനും അവിടെ ഒരു ക്രിസ്ത്യൻ ആശുപത്രിയിൽ ജോലി ചെയ്യാനുമായിരുന്നു ഉദ്ദേശ്യം. തനിക്ക് പതിനായിരംരൂപ ശമ്പളവും ഭക്ഷണവും വസ്ത്രങ്ങളും താമസവും വാഗ്‌ദാനം ചെയ്തിരുന്നതായും യുവതി പറഞ്ഞു.

സുഖ്മാൻ മാണ്ഡവി എന്നയാൾക്കൊപ്പം താനുൾപ്പെടെ മൂന്ന് യുവതികൾ ജൂലായ് 25-ന് അതിരാവിലെ ദുർഗ് റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. കുറച്ച് മണിക്കൂറുകൾക്കകം കന്യാസ്ത്രീകളുമെത്തി. അവരെ മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. അതിനിടെ ഒരാൾ വന്ന് എതിർപ്പുന്നയിക്കുകയും പിന്നീട് ബജ്‌റംഗ്‌ദളിന്റെ പ്രവർത്തകർ അയാളോടൊപ്പം ചേരുകയും ചെയ്തു. അവർ ഭീഷണിപ്പെടുത്താനും അപമാനിക്കാനും തുടങ്ങി. 

തുടർന്ന് റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴും ഭീഷണിപ്പെടുത്തി. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള താൻ നാരായൺപുർ ജില്ലാ ആസ്ഥാനത്തേക്ക്‌ ദിവസവും പത്തുകിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ജോലിക്കുപോകുന്നത്. ദിവസവും 250 രൂപയാണ് കൂലി ലഭിക്കുന്നത്. പള്ളിയിൽവെച്ച് പരിചയപ്പെട്ട സുഖ്മാൻ മാണ്ഡവിയാണ് ആശുപത്രിയിലെ ജോലിയെക്കുറിച്ച് പറഞ്ഞത്. 

സുഖ്മാന്റെ സഹോദരി ഉൾപ്പെടെ ആ മേഖലയിലെ ഒട്ടേറെ പെൺകുട്ടികൾ ആശുപത്രിയിൽ ജോലിക്കുപോയിട്ടുണ്ട്.നാലഞ്ചുവർഷമായി തന്റെ കുടുംബം ക്രിസ്തുമതവിശ്വാസമാണ് തുടരുന്നതെന്ന് കമലേശ്വരി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !