റിയാദ്: പെട്രോൾ പമ്പിൽ വച്ച് തീപിടിച്ച ട്രക്കിൽ സാഹസികമായി കയറി ഓടിച്ചു മാറ്റി വലിയൊരു ദുരന്തമൊഴിവാക്കി സൗദി യുവാവ്.
റിയാദ് പ്രവിശ്യയിലെ ദവാദ്മിയിലാണ് സംഭവം. സൗദി പൗരൻ മാഹിർ ഫഹദ് അൽ ദൽബാഹിയാണ് സ്ഫോടനാത്മക സാഹചര്യത്തിൽ സമാനതകളില്ലാത്ത ധൈര്യം കാണിച്ച് തീ ആളിത്തുടങ്ങിയ കാലിത്തീറ്റ നിറച്ച വാഹനം ഓടിച്ചു മാറ്റിയത്. കത്തുന്ന ട്രക്കിലേക്ക് ചാടിക്കയറുന്നതും പെട്രോൾ പമ്പിൽ നിന്ന് അത് ഓടിച്ചുകൊണ്ടുപോകുന്നതും കാണിക്കുന്ന വിഡിയോകളും ഫോട്ടോകളും സാമൂഹമാധ്യമത്തിൽ വൈറലായിട്ടുണ്ട്.ദൽബാഹിയുടെ ധൈര്യത്തെയും ആലോചനയേയും പ്രശംസിക്കുന്നതോടൊപ്പം എല്ലാവരും ഭയപ്പാടോടുകൂടി നിന്നപ്പോൾ സ്വയം അപകടകരമായ ദൗത്യം ഏറ്റെടുത്തതിന് അദ്ദേഹത്തിന്റെ വീരോചിതമായ പ്രവൃത്തിക്ക് ഔദ്യോഗിക അംഗീകാരം നൽകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. നാട്ടിലേക്കു പോകുന്ന വഴിയിലുള്ള കടയിൽ നിർത്തി സാധനം വാങ്ങുന്നതിനിടയിലാണ് പെട്രോൾ പമ്പിൽ ട്രക്കിൽ തീ ആളിപ്പടരുന്നത് കണ്ടത്.
ട്രക്ക് ഡ്രൈവർ തീ അണയ്ക്കാൻ നോക്കുന്നുണ്ടെങ്കിലും കൈവിട്ടുപോകുന്ന തരത്തിലായിരുന്നു കാര്യങ്ങൾ. തീ പടർന്നാൽ പമ്പും അവിടയുള്ള ആളുകളുമൊക്കെ കത്തിച്ചാമ്പലാവും. പമ്പിലെ ഇന്ധന ടാങ്കുകളിലേക്ക് തീപടർന്നാൽ ഒരാൾക്കു പോലും രക്ഷപെടാനാവാത്ത വിധം ആ പ്രദേശത്ത് വലിയ സ്ഫോടനം ഉണ്ടായേക്കാം. പിന്നെ ഒന്നും ആലോചിക്കാതെ ഓടിയെത്തി വണ്ടിക്കുള്ളിൽ ചാടി കയറി ആളികത്തുന്ന ട്രക്ക് പമ്പിനു പുറത്ത് ദൂരത്തേക്ക് ഓടിച്ചു മാറ്റുകയായിരുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്ന ദൽബാഹി പറഞ്ഞു.സ്വജീവൻ തൃണവൽക്കരിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ അൽ ദൽബാഹിയുടെ മുഖത്തും, തലയിലും കൈകാലുകളിലും സാരമായ പൊള്ളലേറ്റു. സ്ഥലത്തെത്തിയ രക്ഷാ പ്രവർത്തകർ റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് ദൽബാഹിയെ കൊണ്ടുപോയി പ്രത്യേക മെഡിക്കൽ സംഘങ്ങളുടെ ചികിത്സയിലാണിപ്പോൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.