മലപ്പുറം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു ഓഗസ്റ്റ് ഒന്നിനു നടപ്പാക്കും. കുട്ടികളിൽ വിളർച്ചയും പോഷകാഹാരക്കുറവും കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ വിഭവങ്ങളുൾപ്പെടുത്തി മെനു പരിഷ്‌കരിച്ചത്.
ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിലേതെങ്കിലും ഒന്ന് ഉണ്ടാക്കാനാണ് നിർദേശം. ഇതിനൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവയുടെ ചമ്മന്തിയും വേണം. മറ്റുള്ള ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള വിഭവവും വേണം.
ഈ വർഷം പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസുവരേയുള്ള കുട്ടികൾക്ക് 6.78 രൂപയും എട്ടുവരേയുള്ള കുട്ടികൾക്ക് 10.17 രൂപയുമാണ് ഒരു ദിവസം ലഭിക്കുക. മെനു അനുസരിച്ചുള്ള ഭക്ഷണവിതരണം പ്രായോഗികമാക്കാൻ തദ്ദേശസ്ഥാപനങ്ങളേയോ സന്നദ്ധസംഘടനകളേയോ സമീപിക്കാനും സർക്കാർ നിർദേശിച്ചിരുന്നു.
മുരിങ്ങയില, ചക്കക്കുരു, കപ്പയ്ക്ക എന്നിവ നാട്ടിൽ നിന്നും ശേഖരിക്കാൻ നിർദേശമുണ്ട്. സർക്കാരിൽനിന്ന് ഫണ്ട് ലഭിച്ചാലും ഇല്ലെങ്കിലും പാചകത്തിനുള്ള വിഭവങ്ങൾ വാങ്ങി നൽകേണ്ട ഉത്തരവാദിത്വം പ്രഥമാധ്യാപകർക്കാണ്. നിലവിൽത്തന്നെ ഏറെ കഷ്ടപ്പെട്ടിട്ടാണ് വിഭവങ്ങൾ കണ്ടെത്തിയിരുന്നത്. പുതിയ മെനു പ്രകാരം വെള്ളിച്ചെണ്ണയുൾപ്പെടെയുള്ളവയുടെ ചെലവ് വലിയതോതിൽ വർധിക്കുമെന്നതിനാൽ ഇവ വാങ്ങി നല്കുന്നത് അധ്യാപകർക്ക് ബാധ്യതയുമായി മാറും.
500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി
500 കുട്ടികൾ വരേയുള്ള വിദ്യാലയങ്ങളിൽ ഒരു പാചകത്തൊഴിലാളിക്കുള്ള വേതനമാണ് സർക്കാർ നൽകുന്നത്. ചോറും രണ്ട് വിഭവങ്ങളും തയ്യാറാക്കേണ്ടതും പാലും മുട്ടയും ഒരുക്കേണ്ടതുമെല്ലാം ഒരാളാണ്. നാലുവർഷം മുൻപ് നിശ്ചയിച്ച 600 രൂപയാണ് ഇപ്പോഴും സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനം. മുൻപ് ഓരോ വർഷവും 50 രൂപ വീതം കൂട്ടുമായിരുന്നു. ഭൂരിഭാഗം തൊഴിലാളികളും അധികകൂലി കൊടുത്ത് മറ്റൊരാളെക്കൂടി വെക്കേണ്ടസ്ഥിതിയാണ്.
സർക്കാർ ഏജൻസികളെ ഏൽപ്പിക്കണം
ഉച്ചഭക്ഷണത്തുക വർധിപ്പിക്കുകയോ നിലവിലുള്ള തുക വച്ച് ലാഭകരമായി നടത്താൻ കഴിയുന്ന സർക്കാർ ഏജൻസികളെ ഏൽപ്പിക്കുകയോ ചെയ്യണം'- കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് പറഞ്ഞു.
തുക വർധിപ്പിക്കണം; പരിശീലനം നൽകണം
'ഉച്ചഭക്ഷണ വിഭവങ്ങൾക്കുള്ള തുക കമ്പോള നിലവാരമനുസരിച്ച് വർധിപ്പിക്കണം. പാചകച്ചെലവും തൊഴിലാളികളുടെ എണ്ണവും വേതനവും കാലാനുസൃതമായി പരിഷ്‌കരിക്കണം. പാചകത്തൊഴിലാളികൾക്കും ചുമതലയുള്ള അധ്യാപകർക്കും പുതിയ മെനുവിൽ കൃത്യമായ പരിശീലനവും നല്കണം'- കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറൽസെക്രട്ടറി ജി. സുനിൽകുമാർ എന്നിവർ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.