കഴിഞ്ഞ കുറച്ച് കാലങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍. ധനശ്രീ വര്‍മയുമായുള്ള വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളും വിവാഹമോചനവുമെല്ലാം ചര്‍ച്ചയായി.
എന്നാല്‍ ഇതുവരെ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് ചാഹല്‍ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റ് ഷോയില്‍ ധനശ്രീയുമായുള്ള വിവാഹ തകര്‍ച്ചയെ കുറിച്ചും സുഹൃത്തായ ആര്‍ജെ മഹ്വേഷ് പ്രതിസന്ധി ഘട്ടത്തില്‍ തന്നെ എങ്ങനെ സഹായിച്ചു എന്നതിനെ കുറിച്ചും ചാഹല്‍ മനസ് തുറന്നു.
ധനശ്രീയുമായുള്ള ബന്ധം തകരാന്‍ കാരണം മഹ്വേഷ് അല്ലെന്നും വിവാഹമോചന സമയത്ത് ആകെ തകര്‍ന്നുപോയ തന്നെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സഹായിച്ചത് മഹ്വേഷ് ആണെന്നും ചാഹല്‍ പറയുന്നു. വിഷാദരോഗം കാരണം ഉറക്കം നഷ്ടപ്പെട്ടപ്പോള്‍, മാനാസികാരോഗ്യം തകര്‍ന്നപ്പോള്‍ താന്‍ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും ചാഹല്‍ പറയുന്നു. ആ സമയത്ത് കൂടെനിന്ന മഹ്വേഷിനെ കുറിച്ച് ഇത്തരത്തിലുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നിയെന്നും ചാഹല്‍ വ്യക്തമാക്കുന്നു. മഹ്വേഷുമായുള്ള പ്രണയാഭ്യൂഹങ്ങളും ചാഹല്‍ നിഷേധിച്ചു.
'ആദ്യമായാണ് എന്നെ ഒരു പെണ്‍കുട്ടിയുടെ കൂടെ പുറത്തുകാണുന്നത്. അപ്പോള്‍തന്നെ കഥകള്‍ മെനയാന്‍ തുടങ്ങി. ഞങ്ങള്‍ ട്രെന്‍ഡിങ്ങായി മാറി. ആളുകള്‍ക്ക് ഞങ്ങളെ ബന്ധിപ്പിക്കണമെങ്കില്‍ അങ്ങനെ ചെയ്തോട്ടെ. സോഷ്യല്‍ മീഡിയയില്‍ 'കുടുംബം തകര്‍ത്തവള്‍' എന്നെല്ലാം കാണുന്നത് മഹ് വേഷിനെ വളരേയധികം ബുദ്ധിമുട്ടുണ്ടാക്കി. ആളുകള്‍ പലതും മോശമായി പറഞ്ഞു. എന്തിനാണ് എന്റെ കൂടെ നടക്കുന്നത് എന്നുവരെ ആളുകള്‍ ചോദിച്ചു. എന്നെ ഇതില്‍ നിന്നെല്ലാം പുറത്തുകടക്കാന്‍ സഹായിച്ച ആളെത്തന്നെ ചേര്‍ത്ത് കഥകളുണ്ടാക്കിയത് കണ്ടപ്പോള്‍ വലിയ വിഷമം തോന്നി.
അവള് സുഹൃത്തുക്കളോടൊപ്പം പുറത്തുപോയാലും എന്നെ അതിലേക്ക് വലിച്ചിഴച്ചു. ഞങ്ങള്‍ നാല് പേരുടെ കൂടെ ഇരുന്നാലും ഞങ്ങല്‍ രണ്ട് പേരുടേയും ചിത്രം മാത്രം ക്രോപ്പ് ചെയ്ത് ഉപയോഗിക്കും. ഞങ്ങള്‍ ഡിന്നര്‍ ഡേറ്റിന് പോയതാണെന്ന് പറഞ്ഞ് അത് ഇപ്പോഴും സോഷ്യല്‍ മീഡിയയിലുണ്ട്. അവിടെ മറ്റ് സുഹൃത്തുക്കളുമുണ്ടായിരുന്നു. പക്ഷേ ഫോട്ടോ ഞങ്ങളുടേത് മാത്രമാണ് വന്നത്. ഇത് ഒരുപാട് തവണ സംഭവിച്ചപ്പോള്‍ ഇനിയും കഥകളുണ്ടാക്കുമെന്ന് പേടിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകുന്നത് പോലും ഒഴിവാക്കി. അതിനുപോലും കഴിയാതെയായി.
സോഷ്യല്‍ മീഡിയ എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അവളെ സംബന്ധിച്ച് അത് ആദ്യത്തെ അനുഭവമായിരുന്നു. ഇത്തരം കാര്യങ്ങള്‍ അവഗണിക്കാന്‍ ഞാന്‍ അവളോട് പറഞ്ഞു. പക്ഷേ അവളുടെ ജോലി സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടതായതിനാല്‍ ഇതെല്ലാം എപ്പോഴും മുന്നിലെത്തും. എന്താണ് സംഭവിക്കുന്നതെന്ന് അവളുടെ വീട്ടുകാരും ചോദിക്കാന്‍ തുടങ്ങി. 'യൂസി, ഞാന്‍ എന്തുചെയ്യാനാണ്? ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ആളുകള്‍ എന്നെക്കുറിച്ച് ഇത്തരം കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് വിഷമം തോന്നുന്നു' എന്ന് അവള് എന്നോട് പറഞ്ഞു.' -ചാഹല്‍ വ്യക്തമാക്കുന്നു.
ഒരു ഹോട്ടലിന് പുറത്ത് വെച്ച് ആളുകള്‍ തങ്ങളെ കണ്ട ഒരു സംഭവവും ചാഹല്‍ ഓര്‍ത്തെടുത്തു. 'ഞാന്‍ ഒരു ഷൂട്ടിനായി ജെഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ പോയതായിരുന്നു. അവള് ആ സമയത്ത് അവിടെ അടുത്തുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടാമെന്ന് അവള് പറഞ്ഞു. ഞങ്ങള്‍ അന്ന് അവിടെ നില്ക്കുമ്പോള് ആരോ ഫോട്ടോയെടുത്ത് 'എന്താണ് ഇവിടെ നടക്കുന്നത്' എന്ന രീതിയില്‍ ക്രോപ്പ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതിന് പിന്നാലെ നൂറുകണക്കിന് മോശം കാര്യങ്ങള്‍ എഴുതുകയും ചെയ്തു. അത് വളരെ നിലവാരം കുറഞ്ഞ പ്രവൃത്തിയാണ്. എനിക്ക് ആ കാര്യം ഓര്‍ത്ത് വളരെ വിഷമം തോന്നി. ഒരു പെണ്‍കുട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ ഇങ്ങനെയൊക്കെ പറയാന്‍ കഴിയും?. ഇത് രണ്ട് പേര്‍ക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ പ്രയാസമുണ്ടാക്കുക.'-അഭിമുഖത്തില്‍ ചാഹല്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.