ബെംഗളൂരു: ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനക്കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത് അതിവേഗത്തിൽ.
കേസ് രജിസ്റ്റർ ചെയ്ത് 14 മാസത്തിനുള്ളിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിക്കൊണ്ടുള്ള വിധി പുറത്തുവന്നത്. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. രേവണ്ണയ്ക്കുള്ള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രജ്ജ്വൽ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.
വിധിക്ക് ശേഷം കോടതിയിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ, വികാരാധീനനായ രേവണ്ണ പൊട്ടിക്കരഞ്ഞു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) സൈബർ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, രേവണ്ണ യുവതിയെ രണ്ട് തവണ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നായിരുന്നു ആരോപണം. തെളിവായി അതിജീവിത ഒരു സാരി സമർപ്പിച്ചിരുന്നു. ഫോറൻസിക് പരിശോധനയിൽ ഈ സാരിയിൽ ബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബലാത്സംഗം തെളിയിക്കുന്നതിനുള്ള പ്രധാന തെളിവായി കോടതി ഇത് സ്വീകരിച്ചത് കേസിൽ നിർണ്ണായകമായി.
ഇൻസ്പെക്ടർ ശോഭയുടെ നേതൃത്വത്തിലുള്ള സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം 123 തെളിവുകൾ ശേഖരിച്ചു. ഏകദേശം 2,000 പേജുകളുള്ള കുറ്റപത്രമാണ് കേസിൽ അന്വേഷണ സംഘം സമർപ്പിച്ചത്. 2024 ഡിസംബർ 31-ന് കേസിൽ വിചാരണ ആരംഭിച്ചു. തുടർന്നുള്ള ഏഴ് മാസങ്ങളിൽ, കോടതി 23 സാക്ഷികളെ വിസ്തരിക്കുകയും വീഡിയോ ക്ലിപ്പുകളുടെ ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലത്തെ പരിശോധനാ റിപ്പോർട്ടുകളും വിലയിരുത്തുകയും ചെയ്തു. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാനിടയുള്ള കുറ്റകൃത്യങ്ങളാണ് പ്രജ്ജ്വൽ രേവണ്ണക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.
പ്രജ്ജ്വൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് അതിജീവിത പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയായിരുന്നു പ്രജ്ജ്വൽ. ദൃശ്യങ്ങൾ പുറത്തായതോടെ, വോട്ടെടുപ്പുനടന്ന ദിവസം രാത്രി പ്രജ്ജ്വൽ വിദേശത്തേക്ക് മുങ്ങി. തിരിച്ചുവന്നപ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് കഴിഞ്ഞവർഷം മേയ് 31-നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. തിരഞ്ഞെടുപ്പിൽ പ്രജ്വൽ നാൽപത്തിരണ്ടായിരത്തിലേറെ വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.