മുംബൈ : പ്രണയച്ചതിയൊരുക്കി 80 വയസ്സുകാരനെ കബളിപ്പിച്ച് സൈബർത്തട്ടിപ്പുകാർ കവർന്നത് 9 കോടി രൂപ. 2 വർഷത്തിനിടെ ഓൺലൈൻ ഇടപാടുകളിലൂടെയാണു തുക കൈമാറിയത്.
2023ൽ ഫെയ്സ്ബുക്കിൽ ഒരു യുവതിയുടെ പേരും പടവുമുള്ള അക്കൗണ്ടിൽനിന്നു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതാണു തട്ടിപ്പിന്റെ തുടക്കം. ഇരുവരും പിന്നീട് ചാറ്റിങ് ആരംഭിക്കുകയും വാട്സാപ് നമ്പറുകൾ കൈമാറുകയും ചെയ്തു.
ഷാർവി എന്നു പരിചയപ്പെടുത്തിയ ‘സ്ത്രീ’, താൻ ഭർത്താവുമായി വേർപിരിഞ്ഞു കുട്ടികളുമായി ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നാണു മുതിർന്ന പൗരനോടു പറഞ്ഞത്. ചാറ്റിങ്ങിലൂടെ ബന്ധം വളരുന്നതിനിടെ മക്കൾക്ക് സുഖമില്ലെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഷാർവിയുടെ സുഹൃത്താണെന്നു പരിചയപ്പെടുത്തിയ കവിതയെന്നൊരു ‘സ്ത്രീ’ കൂടി ചാറ്റ് ചെയ്യാൻ ആരംഭിച്ചു. ദിവസങ്ങൾക്കു ശേഷം ഇവരും പണം ആവശ്യപ്പെട്ടു. ഇരുവർക്കും മുതിർന്ന പൗരൻ പണം നൽകി.
ഷാർവി മരിച്ചെന്നും അവരുടെ സഹോദരിയാണെന്നും പറഞ്ഞ് മറ്റൊരു സ്ത്രീയും ഇദ്ദേഹത്തോട് ചാറ്റിങ് ആരംഭിച്ചു. ആശുപത്രി ബിൽ അടയ്ക്കാൻ പണം വേണമെന്നാണ് ആവശ്യപ്പെട്ടത്. തുടർന്നും ഇദ്ദേഹം പണം അയച്ച് നൽകി. തുക തിരികെ ചോദിപ്പിച്ചപ്പോൾ ഷാർവിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ അയച്ച് വയോധികനെ ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ പല രീതിയിൽ മുതിർന്ന പൗരന്റെ പക്കലുണ്ടായിരുന്ന പണം ഇവർ തട്ടിയെടുക്കുകയായിരുന്നു.അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന പണം തീർന്നതിനു ശേഷം മരുമകളോട് 2 ലക്ഷം രൂപ കടമായി വാങ്ങിയും തട്ടിപ്പുകാർക്ക് നൽകി. പിന്നീട് മകനോട് 5 ലക്ഷം രൂപ കടം ചോദിച്ചതോടെ വീട്ടുകാർ കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയും പരാതി നൽകുകയുമായിരുന്നു. തട്ടിപ്പാണു നടന്നതെന്നതറിഞ്ഞതോടെ ദേഹാസ്വാസ്ഥ്യമുണ്ടായ മുതിർന്ന പൗരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.