തിരുവനന്തപുരം: മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികസനത്തിനുമായാണ് ചലച്ചിത്രനയം രൂപവത്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
രാജ്യത്തിന് ആകെ മാതൃകയായ കേരളത്തിന്റെയും ചലച്ചിത്ര മേഖലയുടെയും ശ്രദ്ധേയമായ ചുവടുവെപ്പാണിത്. കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് സാംസ്കാരിക ഊര്‍ജം പകരുന്നതില്‍ മലയാള സിനിമ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഫിലം പോളിസി കോണ്‍ക്ലേവ് ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റ് സംസ്ഥാനങ്ങള്‍ പുരാണങ്ങള്‍ സിനിമയാക്കിയപ്പോള്‍ മലയാളം വേറിട്ട് നിന്നു. മലയാളത്തിന്റെ 'വിഗതകുമാരനും' 'ബാലനും' സാമൂഹികപ്രസക്തമായ പ്രമേയം സിനിമയാക്കി. മലയാള സിനിമ മണ്ണില്‍ ഉറച്ചുനിന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു ചിത്രതിനു ദേശീയ അവാര്‍ഡ് നല്കി. വര്‍ഗീയ വിദ്വേഷം പടര്‍ത്താനുള്ള ഉപാധിയാക്കിയ സാംസ്കാരിക ദുഷിപ്പിനുള്ള അംഗീകാരമാണത്. മതനിരപേക്ഷ പാരമ്പര്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണിത്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നല്‍കാനുള്ള തീരുമാനത്തെ സൂചിപ്പിച്ച് പിണറായി വിജയന് പറഞ്ഞു.
ചലച്ചിത്ര മേഖലയുടെ മഹത്വത്തെ ഇടിച്ചു തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ത്തു അതിന് അതിന് പകരം വര്ഗീയതവെക്കുന്നു. ചലച്ചിത്ര മേഖല ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരള സമൂഹത്തെ അപകടത്തില്‍പ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്കാരങ്ങള്‍ക്ക് അര്‍ഹമല്ല. ഒരുതരത്തിലും കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാന്‍ കഴിയില്ല. വര്‍ഗീയത പടര്‍ത്താനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്നു. സാംസ്കാരിക ദുഷിപ്പിനുള്ള അംഗീകരമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ. ഇത്തരം പ്രവണതകള്‍ ചലച്ചിത്ര മേഖലകളില്‍ ചര്‍ച്ച ചെയപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിനിമകളില്‍ നിയന്ത്രണം ഇല്ലാത്ത രീതിയില്‍ വയലന്‍സ് കടന്നുവരുന്നു എന്ന് കരുതുന്നവരുണ്ട്. ചലച്ചിത്ര സംവിധായകര്‍ ഇക്കാര്യം ഓര്‍മ്മവെക്കണം. അതിഭീകര വയലന്‍സ് ദൃശ്യങ്ങള്‍ കുഞ്ഞുങ്ങളുടെ മനോഘടനയെ പോലും ബാധിക്കും. രാസ ലഹരി ഉപയോഗം മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നവെന്നും കരുതുന്നവരുണ്ട്. അതും ശ്രദ്ധിക്കണം. ചലച്ചിത്രങ്ങളില്നിന്ന് മയക്കുമരുന്ന് ഉപയോഗം തുടച്ച് നീക്കാന്‍ കഴിയണം. ചലച്ചിത്ര- കലാരംഗത്തുള്ളവര്‍ അതിന് മാതൃക സൃഷ്ടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമാ കോണ്‍ക്ലവ് നൂതന ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കാനുള്ള തുറന്ന സംവാദവേദിയാകണം. മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നത് അതിനെ മഹത്വവത്കരിക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.