അറ്റ്‌ഹോം' പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ 'അറ്റ്‌ഹോം' പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും.

സര്‍ക്കാര്‍ പ്രതിനിധിയായി ചീഫ് സെക്രട്ടറി മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തില്ല. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, പി കെ കൃഷ്ണദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു നാളുകളായി ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുകയാണ്. ഇതിനിടെയാണ് ഗവര്‍ണര്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നത്.

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ഗവര്‍ണര്‍ രാജ്ഭവനില്‍ ചായസല്‍ക്കാരം ഒരുക്കാറുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുനിന്നുള്ളവരും ചടങ്ങില്‍ പങ്കെടുക്കുക പതിവാണ്. കാവിക്കൊടിയേന്തിയ വനിതയുമായി ബന്ധപ്പെട്ട വിഷയത്തിന് പിന്നാലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകയാണ്. ഇതിനിടെ ഗവര്‍ണറുടെ പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മനഃപൂര്‍വ്വം വിട്ടുനിന്നു എന്നാണ് വിവരം. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ ഔദ്യോഗിക വസതിയായ അജന്ത രാജ്ഭവന് എതിര്‍വശത്താണ്. പരിപാടി നടക്കുന്ന സമയം മന്ത്രി ജി ആര്‍ അനില്‍ പൊലീസ് അകമ്പടിയോടെ വസതിയിലേക്ക് പോയിരുന്നു. മന്ത്രിയും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.

രാജ്ഭവനില്‍ സര്‍ക്കാരുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടികളില്‍ സംഘ്പരിപാര്‍ ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം രാജേന്ദ്ര ആര്‍ലേക്കര്‍ പ്രദര്‍ശിപ്പിച്ചതായിരുന്നു സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാക്കിയത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ച്, പുഷ്പാര്‍ച്ചന നടത്തിയതിനെതിരെ കൃഷി വകുപ്പ് മന്ത്രി പി പ്രസാദായിരുന്നു ആദ്യം രംഗത്തെത്തിയത്. വിഷയം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ഗവര്‍ണര്‍ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. എന്നാല്‍ നിലപാട് തുടരുകയാണ് ഗവര്‍ണര്‍ ചെയ്തത്. രാജ്ഭവനില്‍ സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സുമായി ബന്ധപ്പെട്ട പരിപാടിയിലും ഗവര്‍ണര്‍ ഇതേ ചിത്രം പ്രദര്‍ശിപ്പിച്ചു. ഇതോടെ മന്ത്രി വി ശിവന്‍കുട്ടി ഇടഞ്ഞു. വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച മന്ത്രി വി ശിവന്‍കുട്ടി പരിപാടി ബഹിഷ്‌കരിച്ചു. മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും ഗവര്‍ണറുടെ നിലപാടിനെതിരെ മന്ത്രി തുറന്നടിച്ചു. ഇതോടെ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു.

ഇതിന് ശേഷം ഈ ചിത്രം വിവാദമാകുന്നത് കേരള സര്‍വകലാശാല സെനറ്റ് ഹാളിലായിരുന്നു. 'അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍' എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ എസ്എഫ്‌ഐ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് സംരക്ഷണത്തില്‍ സര്‍വകലാശാലയുടെ പിന്‍വാതിലിലൂടെയായിരുന്നു ഗവര്‍ണര്‍ പുറത്തുകടന്നത്. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചു എന്നാരോപിച്ച് രജിസ്ട്രാറെ ഗവര്‍ണര്‍ വഴി കേരള വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തു. ഇത് ഗവര്‍ണറോടുള്ള സര്‍ക്കാരിന്റെ അമര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കി. ഇതിന് പിന്നാലെയായിരുന്നു താത്ക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്. 

വൈസ് ചാന്‍സര്‍ നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണ്ടമെന്ന സുപ്രീംകോടതി ഉത്തരവ് മറികടന്ന് ഗവര്‍ണര്‍ ഡിജിറ്റല്‍ സര്‍വകലാശാലയിലും സാങ്കേതിക സര്‍വകലാശാലയിലും ഇഷ്ടക്കാരെ തുടരാന്‍ അനുവദിച്ചു. സിസി തോമസിന്റെയും കെ ശിവപ്രസാദിന്റെയും നിയമനം ആറ് മാസത്തേയ്ക്ക് കൂടി നീട്ടി. വിഷയം വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തി. വിഷയം പരിഹരിക്കാന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും അതിലേക്കുള്ള പേരുകള്‍ സര്‍ക്കാരും ഗവര്‍ണറും നിര്‍ദേശിക്കണമെന്നുമായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്. തിങ്കളാഴ്ച വിഷയം വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തുന്നുണ്ട്. ഇതിനിടെയാണ് ഗവര്‍ണറുടെ ചായസല്‍ക്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !