തിരുവനന്തപുരം: 'ടോട്ടൽ ഫോർ യു' തട്ടിപ്പുകേസിലെ പ്രതി ശബരിനാഥിനെതിരെ വീണ്ടും തട്ടിപ്പ് കേസ്. അഭിഭാഷകനിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഓൺലൈൻ ട്രേഡിംഗിനായി പണം വാങ്ങി തട്ടിപ്പുനടത്തിയെന്നാണ് പരാതി.
ശബരിനാഥ് ഒരു ഇ-കൊമേഴ്‌സ് സ്ഥാപനം തുടങ്ങിയിരുന്നു. ഇതിൽ ഇ-ട്രേഡിംഗ് നടത്താൻ എന്ന പേരിൽ പലതവണയായി തന്നിൽ നിന്നും സുഹൃത്തിൽ നിന്നുമായി 34, 33000 രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.ശബരിനാഥ് തന്റെ ഉടമസ്ഥതയിലുള്ള ടോട്ടല്‍ ഫോര്‍ യു എന്ന പണമിടപാട് സ്ഥാപനത്തിലൂടെ കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസുകളിൽ ഇപ്പോഴും നടപടിക്രമങ്ങൾ നടക്കുകയാണ്. ചില കേസുകൾ സ്റ്റേ ചെയ്തിട്ടുമുണ്ട്. മലയാളികളുടെ പണക്കൊതി മുതലാക്കിയാണ് 20കാരനായിരുന്ന ശബരിനാഥ് അന്ന് വൻ തട്ടിപ്പ് നടത്തിയത്.സെക്രട്ടറിയേറ്റിന്റെ എതിർവശത്തുള്ള ബഹുനില കെട്ടിടത്തിലായിരുന്നു ശബരിനാഥിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. കോടികളുടെ ആസ്തിയുള്ള ബിസിനസുകാർ, സർക്കാർ ജീവനക്കാർ, സാമ്പത്തിക പരാധീനതകളാൽ നട്ടംതിരിഞ്ഞവർ തുടങ്ങിയവരായിരുന്നു ശബരിനാഥിന്റെ ഇരകൾ. ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് മൂന്ന് മാസത്തിനുശേഷം രണ്ടുലക്ഷം രൂപ മടക്കി നൽകിയാണ് ശബരിനാഥ് നിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റിയത്.
രണ്ടുവർഷം കൊണ്ട് ടോട്ടൽ ഫോർ യു എന്ന സ്ഥാപനം 200 കോടി രൂപ സമാഹരിച്ചെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണത്തിനിടെ ഒളിവിൽപ്പോയ ശബരിനാഥിനെ തമിഴ്‌നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 2008 മുതൽ 2011 വരെ ഇയാൾ വിചാരണത്തടവുകാരനായിരുന്നു. 2011ൽ ജാമ്യത്തിലിറങ്ങി വീണ്ടും ഒളിവിൽപ്പോയി. പിന്നീട് 2014ൽ ആണ് കീഴടങ്ങിയത്. ഇതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.