അബുദാബി: മലയാളികളായ പ്രവാസികൾക്കുൾപ്പെടെ ആശ്വാസകരമായ വിധിയുമായി അബുദാബി കോടതി. ജീവനക്കാരന് മുഴുവൻ അവധിക്കാല വേതനവും ലഭിക്കാൻ അർഹതയുണ്ടെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
മുൻ തൊഴിലുടമ ഒരു യുവതിക്ക് 4,34,884 ദിർഹം (1,04,39,955.77 രൂപ) നൽകാൻ ഉത്തരവിട്ടുകൊണ്ടാണ് കോടതിയുടെ നിർണായക ഉത്തരവ്. ജോലിയുടെ മുഴുവൻ കാലയളവിലും പൂർണ അവധിക്കാല വേതനത്തിനുള്ള അവകാശം തൊഴിലാളിക്കുണ്ടെന്നും കോടതി വ്യക്തമാക്കി.2018 ജനുവരി നാല് മുതൽ 2024 ജൂൺ 30 വരെയാണ് ഹർജിക്കാരി സ്ഥാപനത്തിൽ ജോലി ചെയ്തത്. അടിസ്ഥാന ശമ്പളം 36,000 ദിർഹവും ലാഭവിഹിതം ഉൾപ്പെടെ ആകെ ശമ്പളം 60,000 ദിർഹവും ആയിരുന്നു. ജോലി അവസാനിപ്പിച്ചതിന് പിന്നാലെ നിരവധി ആവശ്യങ്ങളുമായി യുവതി കേസ് ഫയൽ ചെയ്യുകയായിരുന്നു.
വേതന കുടിശ്ശിക: 72,000 ദിർഹം
അവധിക്കാല വേതനം: 247,464 ദിർഹം
നോട്ടീസ് വേതനം: 60,000 ദിർഹം
സർവീസ് അവസാനിക്കുന്ന തീയതിക്കുള്ള ഗ്രാറ്റുവിറ്റി: 180,000 ദിർഹം
കമ്മീഷൻ: 110,000 ദിർഹത്തിൽ കൂടുതലുള്ള പ്രതിമാസ ലാഭത്തിന്റെ 25 ശതമാനം
വൈകിയ പേയ്‌മെന്റ് പലിശ: ഫയൽ ചെയ്ത തീയതി മുതൽ മുഴുവൻ പേയ്‌മെന്റ് വരെ അഞ്ച് ശതമാനം എന്നിങ്ങനെയായിരുന്നു യുവതിയുടെ ഡിമാൻഡുകൾ.
യുവതി നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ ജനുവരിയിൽ അബുദാബിയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തൊഴിലുടമയോട് 323,400 ദിർഹം നൽകാൻ ഉത്തരവിട്ടു. ഇതിൽ വേതന കുടിശ്ശിക, ജോലിയുടെ ഒരു കാലയളവിലെ അവധിക്കാല വേതനം (രണ്ട് വർഷത്തെ പരിധി), സേവനം അവസാനിക്കുന്നതിന്റെ ഗ്രാറ്റുവിറ്റി എന്നിവ ഉൾപ്പെട്ടിരുന്നു. എന്നാൽ പൂർണ കമ്മീഷൻ, പൂർണ അവധിക്കാല വേതനം എന്നിവയുൾപ്പെടെയുള്ള മറ്റ് ക്ലെയിമുകൾ നിരസിക്കപ്പെട്ടു.
ഇതിനെതിരെ യുവതി അപ്പീൽ നൽകിയതിനെത്തുടർന്ന് തൊഴിലുടമ നൽകേണ്ട തുക 379,400 ദിർഹമായി അപ്പീൽ കോടതി വർദ്ധിപ്പിച്ചു. പിന്നാലെ യുവതി അബുദാബിയിലെ കാസഷൻ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കമ്മീഷനുകളെക്കുറിച്ചുള്ള വിദഗ്ദ്ധ റിപ്പോർട്ട് കൃത്യമാണെന്ന് വ്യക്തമാക്കിയ കോടതി യുവതിയുടെ അധിക ക്ലെയിമുകൾ നിരസിച്ചു.അതേസമയം, അവധിക്കാല വേതനവിൽ ജോലിയുടെ അവസാന രണ്ട് വർഷത്തെ തുക മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും മുഴുവൻ കാലയളവിലെയും അനുവദിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. യുഎഇ നിയമ പ്രകാരം, ഒരു ജീവനക്കാരന് ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്ക് പണം ലഭിക്കാൻ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഉപയോഗിക്കാത്ത അവധി ദിവസങ്ങൾ എടുക്കുന്നതിന് മുമ്പ് തൊഴിലാളി ജോലി ഉപേക്ഷിച്ചാലും അവധിയുടെ ദൈർഘ്യം കണക്കിലെടുക്കാതെ തന്നെ, ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്കുള്ള പണം ലഭിക്കാൻ ജീവനക്കാരന് അവകാശമുണ്ടെന്നാണ് കോടതി പറഞ്ഞത്. വേതന കുടിശ്ശിക, ഗ്രാറ്റുവിറ്റി എന്നിവയുൾപ്പെടെയുള്ള ഡിമാൻഡുകളും ശരിവച്ചാണ് 4,34,884 ദിർഹം നൽകാൻ കോടതി ഉത്തരവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.