തിരുവനന്തപുരം : ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്. സതീഷിനെ വലിയതുറ പൊലീസിനു കൈമാറി. മരണത്തിനു പിന്നിൽ സതീഷാണെന്നു അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു.
സതീഷ് നിരന്തരം പീഡിപ്പിച്ചതിനെ തുടർന്നാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. അതുല്യയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് പിതാവ് രാജശേഖരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സതീഷിനെതിരെ നേരത്തെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.ജൂലൈ 19ന് പുലർച്ചെയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷിനെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
താൻ അതുല്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി സതീഷ് പിന്നീട് മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തി. അതുല്യ മരിക്കുന്നതിന് മുൻപ്, തൊട്ടടുത്ത കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭർത്താവ് സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് അതുല്യയെ ഉപദ്രവിക്കുന്ന സതീഷാണ് ഈ വിഡിയോയിൽ ഉള്ളത്.
അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിന്റെ മുറിവുകളുണ്ടായിരുന്നു. സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് സതീഷ് പറഞ്ഞത്.സതീഷ് സ്ഥിരം മദ്യപിക്കുമെന്നും കുടിച്ചു കഴിഞ്ഞാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്കവയ്യാതെ അതുല്യ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകുന്നതിനു മുൻപേ യുവതി ജീവിതത്തോട് വിടപറഞ്ഞു.
വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. നേരത്തെ മകളെ ഷാർജയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിച്ച് പഠിക്കണമെന്ന് താൽപര്യം പ്രകടിപ്പിച്ചതിനാൽ തിരിക നാട്ടിലേക്ക് അയക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.