വാഷിങ്ടൻ : അസർബൈജാനും അർമീനിയയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് അവസാനം കുറിച്ച് സമാധാനക്കരാർ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും തമ്മിൽ വൈറ്റ് ഹൗസിലാണു ഒപ്പുവച്ചത്.
‘സംയുക്‌ത പ്രഖ്യാപനത്തിൽ ഒപ്പുവയ്‌ക്കാൻ വാഷിങ്ടനിലെത്തിയ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനെയും അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനെയും അഭിനന്ദിക്കുന്നു. 35 വർഷത്തോളം ഇവർ ശത്രുതയിലായിരുന്നു, ഇപ്പോൾ ഇവർ സുഹൃത്തുക്കളാണ്, ഇനിയും ഒരുപാട് കാലം ഇവർ സുഹൃത്തുക്കളായിരിക്കും. പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുക. നയതന്ത്ര ബന്ധം പുനരാരംഭിക്കാനും വ്യാപാരമുൾപ്പെടെയുള്ള മേഖലകളിൽ സഹകരണം പുനസ്‌ഥാപിക്കാനും അവസരം കൈവന്നിരിക്കുകയാണ്.’ – ട്രംപ് പറഞ്ഞു.
ഊർജ, വാണിജ്യ, നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളുമായി യുഎസ് കരാറുകൾ ഒപ്പുവച്ചു. പ്രതിരോധ സഹകരണത്തിൽ അസർബൈജാന് ഏർപ്പെടുത്തിയിരുന്ന ഉപരോധം യുഎസ് പിൻവലിച്ചു. സമാധാന കരാർ ഒപ്പിട്ടതോടെ, മൂന്നു പതിറ്റാണ്ടിലേറെ പ്രദേശിക തർക്കങ്ങളിൽ അകപ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങൾക്കിടയിൽ ഒരു ഗതാഗത ഇടനാഴിക്ക് തുടക്കമാകും.അതിർത്തിപ്രശ്നത്തിൽ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ ഇരുരാജ്യങ്ങളും തമ്മിൽ 35 വർഷമായി രൂക്ഷമായ സംഘർഷത്തിലായിരുന്നു. അസർബൈജാൻ – അർമീനിയ സമാധാനക്കരാർ ട്രംപിന് നേട്ടമായപ്പോൾ തങ്ങളുടെ സ്വാധീന വലയത്തിനുള്ളിലെന്നു കണക്കാക്കുന്ന രാജ്യങ്ങൾ തമ്മിൽ സമാധാനം നടപ്പാക്കാൻ യുഎസിന് സാധിച്ചത് റഷ്യയ്‌ക്ക് കനത്ത തിരിച്ചടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.