തിരുവനന്തപുരം: വയോധികയുടെ മാല കവർന്ന കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വെഞ്ഞാറമൂട് കൊക്കോട് സീബാ ഭവനിൽ ലീലാമ്മയുടെ ഒന്നര പവൻ തൂക്കമുള്ള മാല കവർന്ന കേസിലാണ് അറസ്റ്റ്.
തൃശൂർ ഒരുമനയൂർ തങ്ങൾപടിപട്ടത്ത് വീട്ടിൽ തൊപ്പി യൂസഫ് (45) ആണ് പിടിയിലായത്. സംസ്ഥാനത്തുടനീളം ഇരുപതിലധികം കേസുകൾ ഇയാളുടെ പേരിലുണ്ട്. കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമാണ് യൂസഫെന്ന് പൊലീസ് പറഞ്ഞു.പകൽസമയം ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റ് തിരക്കുള്ള ജംഗ്ഷനുകളിലും കറങ്ങി നടന്ന് വൃദ്ധരായ സ്വർണാഭരണം ധരിച്ച ആളുകളെ കണ്ടെത്തി വിശ്വാസം ആർജിച്ച് അവരെ കവർച്ച ചെയ്യുകയാണ് യൂസഫിന്റെ രീതി.
തിരുവനന്തപുരത്ത് നിന്നും മോഷ്ടിച്ച് ലഭിച്ച പണവുമായി എറണാകുളത്തേക്ക് കടന്ന ഇയാളെ രഹസ്യ വിവരത്തെ തുടർന്ന് വൈറ്റിലയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആലുവ, അങ്കമാലി, കൈപ്പമംഗലം, പേരാവൂർ, നോർത്ത് പരവൂർ, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുകളിൽ ഉൾപ്പെട്ട പ്രതി കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.
ബാങ്കിൽ വാർദ്ധക്യ പെൻഷൻ വാങ്ങാൻ പോകുന്നതിനിടെയാണ് വെഞ്ഞാറമൂട് സ്വദേശി ലീലയുടെ മാല കവർന്നത്. മകളുടെ സുഹൃത്ത് എന്ന് പറഞ്ഞ് ഇയാൾ ലീലയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുടുംബത്തിന് ലോണുണ്ടെന്ന് മനസിലാക്കിയ ഇയാൾ മകളെ വിളിക്കുന്നതായി അഭിനയിച്ചു.
മകളോട് ലോൺ ക്ലോസ് ചെയ്യാൻ സഹായിക്കാമെന്ന് പറഞ്ഞു. പിന്നാലെ വയോധികയുടെ മാല കൈക്കലാക്കി കടക്കുകയായിരുന്നു. പഴവങ്ങാടിയിലെ ജ്വല്ലറിയിലാണ് ഇയാൾ മാല വിറ്റത്. ഒന്നര ലക്ഷം കിട്ടിയതോടെ നഗരത്തിലെ ഹോട്ടലിൽ താമസം തുടങ്ങി.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ ഇവിടെ നിന്നും മുങ്ങി. പിന്തുടർന്നെത്തിയ പൊലീസ് വൈറ്റിലയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
വർഷങ്ങളായി സംസ്ഥാനത്തുനീളം ഇതേ രീതിയിൽ ഇയാൾ നിരവധി മോഷണം നടത്തുന്നുണ്ട്. മോഷണം നടത്തി ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ഇരുപതാം വയസ് മുതൽ മോഷണം നടത്തുന്ന ഇയാൾ കേരളത്തിലെ ഒട്ടുമിക്ക ജയിലുകളിലും കിടന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.