അഹമ്മദാബാദ്: സ്വദേശി എല്ലാവരുടെയും ജീവിതമന്ത്രമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങളായിരിക്കും ലോകം ഇനി ഓടിക്കുക. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി ആഗോള, ആഭ്യന്തര നിർമ്മാതാക്കൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്തിലെ ഹൻസൽപൂരിലെ പ്ലാന്റിൽ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താര ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു മോദി. സ്വദേശി ഉത്പന്നങ്ങൾ മാത്രം വാങ്ങണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട മോദി, ആരാണ് നിക്ഷേപം നടത്തുന്നതെന്നത് പ്രധാനമല്ലെന്നും എന്നാൽ ഉത്പന്നം നിർമ്മിക്കുന്നതിനുള്ള കഠിനാധ്വാനം ഇന്ത്യക്കാരുടേതായിരിക്കണം എന്നതാണ് പ്രധാനമെന്നും കൂട്ടിച്ചേർത്തു.
'ആ രീതിയിൽ, മാരുതി സുസുക്കിയും ഒരു സ്വദേശി കമ്പനിയാണ്. ആര് പണം നിക്ഷേപിച്ചാലും ജോലി ചെയ്യുന്നത് ഇന്ത്യക്കാരായിരിക്കണം, അതാണ് സ്വദേശിയെക്കുറിച്ചുള്ള എന്റെ നിർവചനം.' അദ്ദേഹം കൂട്ടിച്ചേർത്തു.ഗുജറാത്തിലെ ഹൻസൽപൂർ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാര പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നു.
'രാജ്യത്ത് നിർമ്മിക്കുന്ന ഇ-വാഹനങ്ങൾ 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ ഇന്ന് മേക്ക് ഇൻ ഇന്ത്യക്ക് മഹത്തായ ദിവസമാണ്. ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങളായിരിക്കും ഇനി ലോകം ഓടിക്കുക.' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉത്പാദനം 500 ശതമാനവും മൊബൈൽ ഉത്പാദനം 2,700 ശതമാനവും, പ്രതിരോധ ഉത്പാദനം 200 ശതമാനവും വർധിച്ചു. ഇന്ത്യക്ക് ജനാധിപത്യത്തിന്റെ ശക്തിയും ജനസംഖ്യയുടെ നേട്ടവും നൈപുണ്യമുള്ള തൊഴിലാളികളുടെ ഒരു വലിയ നിരയുമുണ്ടെന്ന് മോദി പറഞ്ഞു.'ഇത് നമ്മുടെ എല്ലാ പങ്കാളികൾക്കും ഒരുപോലെ പ്രയോജനകരമായ സാഹചര്യം സൃഷ്ടിക്കുന്നു. ഇന്ന് ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഈ സമയത്ത് ഒരു സംസ്ഥാനവും പിന്നോട്ട് പോകരുത്. എല്ലാ സംസ്ഥാനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണം. രാജ്യത്തേക്ക് വരുന്ന നിക്ഷേപകർ ഏത് സംസ്ഥാനത്തേക്ക് പോകണം എന്നോർത്ത് ആശയക്കുഴപ്പത്തിലാകണം.' അദ്ദേഹം പറഞ്ഞു.
'ഇന്ത്യ ഇവിടെ നിർത്താൻ പോകുന്നില്ല. നമ്മൾ മികച്ച പ്രകടനം കാഴ്ചവെച്ച മേഖലകളിൽ കൂടുതൽ മെച്ചപ്പെടാനാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് മിഷൻ മാനുഫാക്ചറിങ്ങിന് ഊന്നൽ നൽകുന്നത്. വരുംകാലങ്ങളിൽ, ഭാവിയിലെ വ്യവസായങ്ങളിലായിരിക്കും നമ്മുടെ ശ്രദ്ധ.' നരേന്ദ്ര മോദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.