കൊച്ചി ;നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കളെ മത്സരിപ്പിക്കാൻ ബിജെപിയിൽ മുന്നൊരുക്കം. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് പ്രാഥമിക ചർച്ച.
മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ, മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ തുടങ്ങിയവർ എവിടെ മത്സരിക്കും എന്നതാണ് ചർച്ച. 22ന് കൊച്ചിയിൽ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അധ്യക്ഷന്മാരുടേയും മോർച്ച ഭാരവാഹികളുടേയും യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്.ഇതോടു കൂടി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വേഗം കൂടുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു.സുരേന്ദ്രനെ തൃശൂരിൽ മത്സരിപ്പിക്കാനുള്ള ആലോചനകൾ സജീവമാണ്. ഇക്കാര്യത്തിൽ തനിക്കുള്ള താൽപര്യം സുരേന്ദ്രനും പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ തൃശൂരിൽ മത്സരിക്കാൻ സുരേന്ദ്രനെ വെല്ലുവിളിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിലും അനുകൂലമായ സാഹചര്യമുണ്ടായേക്കാം എന്നതാണ് തൃശൂരിൽ സുരേന്ദ്രന് സാധ്യത കൂട്ടുന്നത്. തൃശൂരിൽ അല്ലെങ്കിൽ വർക്കലയിൽ സുരേന്ദ്രനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്.
ഒ. രാജഗോപാലിലൂടെ ബിജെപി നിയമസഭയിൽ ആദ്യമായി അക്കൗണ്ട് തുറന്ന നേമത്ത് രാജീവ് ചന്ദ്രശേഖറെ തന്നെ മത്സരിപ്പിക്കാനാണ് ആലോചനകൾ. കഴിഞ്ഞ തവണ മത്സരിച്ച കുമ്മനം രാജശേഖരൻ വി. ശിവൻകുട്ടിയോട് പരാജയപ്പെട്ടിരുന്നു. യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ ഇവിടെ മൂന്നാമതായി. നേമത്ത് പാർട്ടിക്ക് സാധ്യതകളുണ്ടെന്ന വിലയിരുത്തലിലാണ് ഇവിടെ സംസ്ഥാന അധ്യക്ഷൻ മത്സരിക്കട്ടെ എന്ന ആലോചന.കഴക്കൂട്ടത്ത് തന്നെ വി. മുരളീധരനെ വീണ്ടും നിർത്താനും ആലോചനയുണ്ട്.മുരളീധരൻ മണ്ഡലം മാറിയാൽ രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തൻ കൂടിയായ പാർട്ടി ജനറൽ സെക്രട്ടറി എസ്.സുരേഷിനെ ഇവിടെ മത്സരിപ്പിച്ചേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ വന്ന പുതുക്കാട് മണ്ഡലത്തില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഇവിടമല്ലെങ്കില്‍ കായംകുളം, ചാത്തന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലും ശോഭയുടെ പേര് ചർച്ചയിലുണ്ട്. കേൾക്കുന്നു. തൃശൂർ മുൻ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിനെ മണലൂരിൽ മത്സരിപ്പിക്കാൻ ആലോചിക്കുന്നു.
ആറന്മുളയിൽ കുമ്മനം രാജശേഖരൻ, കാട്ടാക്കടയില പി.കെ.കൃഷ്ണദാസ്, ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസ് തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി തിരുവല്ലയിലും വൈസ് പ്രസിഡന്റായ ഷോൺ ജോർജിനെ പാലായിലോ പൂഞ്ഞാറിലോ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ന്യൂനപക്ഷ മോർച്ച നേതാക്കളായ ജിജി ജോസഫിനെ എറണാകുളത്തും നോബിൾ മാത്യുവിനെ കാഞ്ഞിരപ്പള്ളിയിലും മത്സരിപ്പിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.