നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ടൂർ ബസ് അപകടം; 5 പേർ മരിച്ചു 50-ലധികം പേർക്ക് പരിക്ക്
നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുകയായിരുന്ന ഒരു ടൂർ ബസ് വെള്ളിയാഴ്ച അന്തർസംസ്ഥാന പാതയിൽ അപകടത്തിൽപ്പെട്ട് മറിഞ്ഞു. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ബസിലുണ്ടായിരുന്ന 50-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
യുഎസ്-കാനഡ അതിർത്തിയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് അകലെ ബഫലോയിൽ നിന്ന് ഏകദേശം ഏകദേശം 40 മൈൽ (64 കിലോമീറ്റർ) കിഴക്ക് മാറി പെംബ്രോക്കിന് സമീപമുള്ള I-90 ഹൈവേയിലാണ് അപകടമുണ്ടായത്. സ്റ്റാറ്റൻ ഐലൻഡിലെ എം ആൻഡ് വൈ ടൂർ ഇൻക്. എന്ന ബസ് കമ്പനി നൽകിയ യാത്രാ വിവരപ്പട്ടിക പ്രകാരം ബസ്സിലുണ്ടായിരുന്ന 52 പേരിൽ ഭൂരിഭാഗവും ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ജനലുകൾ തകർന്നതിനാൽ ചിലർ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു, മറ്റുള്ളവർ മണിക്കൂറുകളോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മിക്കവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് കരുതുന്നത്.
സംഭവസമയത്ത് ഡ്രൈവറും ടൂർ കമ്പനി ജീവനക്കാരനും ഉൾപ്പെടെ 54 പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറുടെ ശ്രദ്ധ മാറിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് സ്റ്റേറ്റ് പോലീസ് മേജർ ആന്ദ്രെ റേ പറഞ്ഞു.
ബസ് മീഡിയനിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയുമായിരുന്നു. വാഹനത്തിന്റെ സാങ്കേതിക തകരാറോ ഡ്രൈവറുടെ ലഹരി ഉപയോഗമോ അപകടത്തിന് കാരണമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അപകടത്തിൽ മരിച്ച അഞ്ച് പേരും മുതിർന്നവരാണെന്ന് പോലീസ് അറിയിച്ചു. ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളിൽ ഒരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമുണ്ടായിരുന്നു.
രക്ഷാപ്രവർത്തകർക്ക് സഹായമായി വിവർത്തകരെയും സ്ഥലത്തെത്തിച്ചിരുന്നു. ന്യൂയോർക്ക് സ്റ്റേറ്റ് പോലീസും ദേശീയ ഗതാഗത സുരക്ഷാ ബോർഡും (NTSB) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല, ഡാഷ്‌ക്യാം ദൃശ്യങ്ങളുള്ള ഡ്രൈവർമാരോട് മുന്നോട്ട് വരാൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.