കൊച്ചി: 'ആക്ഷന്‍ ഹീറോ ബിജു 2' എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി തട്ടിയെടുത്തെന്ന കേസില്‍ നടന് നിവിന്‍ പോളിക്കും സംവിധായകന് എബ്രിഡ് ഷൈനിനും നോട്ടീസ് അയക്കാനൊരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി തലയോലപ്പറമ്പ് പോലീസാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കുക. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് എപ്പോള്‍ വേണമെങ്കിലും ചോദ്യംചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞുവെന്നും നിലവിലെ തിരക്കുകള്‍ കൂടി പരിഗണിച്ചായിരിക്കും വിളിപ്പിക്കുകയെന്നും തലയോലപ്പറമ്പ് എസ്എച്ചഒ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ 'മഹാവീര്യര്‍' ചിത്രത്തിന്റെ സഹനിര്‍മാതാവ് പി.എസ്. ഷംനാസാണ് ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കിയിരിക്കുന്നത്. ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് 'ആക്ഷന്‍ ഹീറോ ബിജു 2'-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോടതി നിര്‍ദ്ദേശപ്രകാരം തലയോലപ്പറമ്പ് പോലീസ് നിവിന്‍ പോളിക്കും സംവിധായകന് എബ്രിഡ് ഷൈനുമെതിരേ വഞ്ചനാകുറ്റത്തിന് നേരത്തെ കേസെടുത്തിരുന്നു. 406,420,34 വകുപ്പുകള്‍ ചുമത്തിയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തിരിക്കുന്നത്.
'മഹാവീര്യര്‍' സിനിമയുടെ പരാജയത്തെ തുടര്‍ന്ന് നിവിന്‍ പോളി 95 ലക്ഷം രൂപ പി.എസ്. ഷംനാസിന് നല്‍കാമെന്നും എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'ആക്ഷന്‍ ഹീറോ ബിജു 2'-വിന്റെ നിര്‍മാണ പങ്കാളിത്തം നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് 2024 ഏപ്രില്‍ മാസത്തില്‍ സിനിമ നിര്‍മാണത്തിനായി 1.9 കോടി പി.എസ്. ഷംനാസ് കൈമാറുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റില്‍ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് കത്ത് നല്കിയതിനുശേഷം എബ്രിഡ് ഷൈനിന്റെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിന്നും പി.എസ്. ഷംനാസിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ സിനിമയുടെ ബജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഷംനാസിനെ മറച്ചുവെച്ചുകൊണ്ട് മുന്‍ കരാര്‍ കാണിച്ച് ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഒരു മറ്റൊരുകമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി.
ദുബായ് ആസ്ഥാനമാക്കിയുള്ള കമ്പനിയില്‍നിന്ന് നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയേഴ്സിന് അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു കോടി രൂപയുടെ വിതരണാവകാശം ഉറപ്പിക്കുകയും രണ്ടുകോടി രൂപ അഡ്വാന്‍സായി കൈപ്പറ്റുകയും ചെയ്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.