ഡൽഹി;ഇരുചക്ര വാഹനം മുതല്‍ വമ്പന്‍ ട്രക്ക് വരെയുള്ള വാഹനങ്ങളാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എത്തുന്നത്.
ഇന്ത്യയില്‍ എസ്യുവിയിലൂടെയാണ് മഹീന്ദ്ര തിളങ്ങുന്നതെങ്കില്‍ വിദേശ രാജ്യങ്ങളില്‍ മഹീന്ദ്രയുടെ ട്രാക്ടറാണ് താരം. ഇതിന്റെ തെളിവാണ് നോര്‍ത്ത് അമേരിക്കയില്‍ മഹീന്ദ്രയുടെ ട്രാക്ടറുകളുടെ വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ള കുതിപ്പ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് ലക്ഷം ട്രാക്ടറുകളുടെ വില്‍പ്പനയാണ് നോര്‍ത്ത് അമേരിക്കയില്‍ മഹീന്ദ്ര കൈവരിച്ചിരിക്കുന്നത്.മഹീന്ദ്ര ഫാം എക്വപ്മെന്റ് വിഭാഗം കൈവരിച്ച ഈ നേട്ടത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. ഇപ്പോള്‍ കൈവരിച്ചിരിക്കുന്ന ഈ നേട്ടം ഞങ്ങളെ സംബന്ധിച്ച് വെറും അക്കങ്ങളല്ല. മൂന്നുലക്ഷം വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പങ്കാളിത്തത്തിന്റെയും കഥകളാണെന്നാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഈ നേട്ടം സമ്മാനിച്ചവരോടുള്ള നന്ദിയും അദ്ദേഹം പറയുന്നു.
ഇതിനൊപ്പം അദ്ദേഹം ഒരു അനുഭവം കൂടി പങ്കുവയ്ക്കുന്നുണ്ട്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു പരീക്ഷണമെന്ന പോലെ ഞങ്ങളുടെ ട്രാക്ടറുകള്‍ യുഎസില്‍ അവതരിപ്പിക്കുന്നത്. ആ കാലഘട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന റിപ് ഇവാന്‍സ് എന്ന ഒരു സഹപ്രവര്‍ത്തകനെ ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. വൃത്തിയായി തേച്ച് മിനുക്കിയ ജീന്‍സും ഒരു കൗബോയി തൊപ്പിയും ബൂട്ടുകളും ധരിച്ചെത്തുന്ന അദ്ദേഹം തന്റെ പഴയ പിക്ക്അപ്പ് ട്രക്കില്‍ ഓരോ ട്രാക്ടര്‍ വീതം കയറ്റി ടെക്സസ് മുഴുവന്‍ ഓടിച്ച് നടന്നാണ് വാഹനം പരിചയപ്പെടുത്തിയിരുന്നത്.
അദ്ദേഹത്തെ സംശയത്തോടെ നോക്കുന്ന കര്‍ഷകരോട് ഇതാണ് ഇന്ത്യന്‍ ട്രാക്ടര്‍ എന്ന് ഉറക്കെ വിളിച്ചുപറയുമായിരുന്നു. ഈ സാഹചര്യത്തില്‍ നിന്ന് ഞങ്ങള്‍ ബഹുദൂരം മുന്നിലേക്ക് പോയിരിക്കുന്നു. ഇപ്പോള്‍ അമേരിക്കന്‍ കാര്‍ഷിക ഉപകരണ വിപണിയിലെ പ്രധാന ശക്തിയായി ഞങ്ങള്‍ മാറിയിരിക്കുന്നു. ഒരു ഭൂഖണ്ഡത്തിന് ഭക്ഷണം നല്കാന് പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ഉപയോക്താക്കളായ കര്‍ഷകരുടെ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിലാണ് ഏറ്റവും ശ്രദ്ധയെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.
1994-ലാണ് മഹീന്ദ്ര അഗ്രി നോര്‍ത്ത് അമേരിക്ക എന്ന പേരില്‍ ഫാം എക്വുപ്മെന്റ് വിഭാഗം അമേരിക്കയില്‍ ആരംഭിക്കുന്നത്. ഒരു പതിറ്റാണ്ടിനുള്ളില്‍ തന്നെ ഈ മേഖലയിലെ നിര്‍ണായക ശക്തിയായി മാറാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചിരുന്നു. ഒരു ഇന്ത്യന്‍ കമ്പനിക്ക് അമേരിക്ക പോലുള്ള രാജ്യത്ത് വിജയകരമായി തുടരുന്നത് അങ്ങേയറ്റം പ്രയാസമേറിയ ഒന്നാണെന്നുമാണ് ആനന്ദ് മഹീന്ദ്ര നല്കുന്ന സൂചന. ട്രാക്ടര്‍, യൂട്ടിലിറ്റി വെഹിക്കിള്‍ തുടങ്ങിയവയാണ് മഹീന്ദ്ര യുഎസ് വിപണിയില്‍ എത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.