കൊച്ചി; ഇടപ്പള്ളിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ ട്വിസ്റ്റ്. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതല്ലെന്നും മകളുടെ പ്രായമുള്ള കുട്ടികള്‍ക്കു മിഠായി നൽകാൻ ശ്രമിച്ചതാണെന്നും ഒമാൻ സ്വദേശികളായ ദമ്പതികൾ വ്യക്തമാക്കിയതോടെയാണു നിർണായക വഴിത്തിരിവ്. ഇതോെട വീട്ടുകാർ പരാതി പിൻവലിച്ചു.വെള്ളിയാഴ്ച വൈകിട്ട് 4.45ഓടെയാണ് സംഭവങ്ങളുടെ തുടക്കം.
ആറും അഞ്ചും വയസ്സുള്ള സഹോദരികൾ വീട്ടിൽനിന്നു രണ്ടു വീടുകൾ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്പോൾ കാറിലെത്തിയവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കുട്ടികൾക്ക് മധുരം നൽകാൻ ശ്രമിക്കുകയും എന്നാൽ ഇതു വാങ്ങാതിരുന്നതോടെ കയ്യിൽ പിടിച്ച് അകത്തേക്ക് വലിച്ചു എന്നുമായിരുന്നു ആരോപണം.കുട്ടികൾ ഇതു ട്യൂഷൻ സെന്ററിൽ പറയുകയും അവിടെ നിന്നു സ്ഥലം കൗൺസിലറെ വിവരമറിയിക്കുകയും ചെയ്തു. കൗൺസിലർ വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എളമക്കര പൊലീസ് കുട്ടികളിൽനിന്നു മൊഴിയെടുക്കുകയും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.കുട്ടികളുടെ മൊഴി അനുസരിച്ചു കാറിലെത്തിയ 2 പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം കുട്ടികൾക്ക് നേരെ മിഠായി നീട്ടി. ഇളയ കുട്ടി ഇത് വാങ്ങിയെങ്കിലും മൂത്ത കുട്ടി വാങ്ങിയില്ല.
ഇതിനിടെയാണു കുട്ടിയുടെ കൈയിൽ പിടിച്ചു വലിച്ചെന്ന പരാതി വന്നത്. പൊലീസ് പരിശോധനയിൽ ആളുകൾ വന്നത് ടാക്സിയിലാണെന്ന് വ്യക്തമായി തുടർന്ന് നടത്തിയ അന്വേഷണത്തിൽ യാത്രക്കാരെയും വ്യക്തമായി. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഒമാൻ സ്വദേശി, ഭാര്യ, ആറു വയസ്സുള്ള മകൾ എന്നിവരായിരുന്നു യാത്രക്കാർ. അവർ പൊലീസിനോടും കുട്ടികളുടെ രക്ഷിതാക്കളോടും കാര്യങ്ങൾ വിശദീകരിച്ചു. മൂത്ത കുട്ടി മിഠായി വാങ്ങിയില്ലെന്നും ഇളയ കുട്ടി വാങ്ങിയെന്നും വാത്സല്യം തോന്നിയപ്പോൾ കൊടുത്തതാണ് എന്നുമായിരുന്നു അവർ പറഞ്ഞത്.കേരളത്തെക്കുറിച്ച് കേട്ടറിഞ്ഞ് സ്ഥലം കാണാൻ എത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് തങ്ങളറിയുന്ന ഒരാൾ ഇവിടുത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് അറിഞ്ഞത്. ഇവിടെ പോയി തിരികെ വരുന്ന വഴിയാണ് കുട്ടികളെ കണ്ടതും മിഠായി നൽകാൻ ശ്രമിച്ചതെന്നും ഇവർ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് തിരികെ പോകാനിരിക്കെയായിരുന്നു അസാധാരണ സംഭവവികാസങ്ങൾ. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് കേട്ടതു മുതൽ ആശങ്കയിലായിരുന്ന വീട്ടുകാർക്കും ആശ്വാസമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.