ബിഹാർ; സാനിറ്ററി പാഡ് പായ്ക്കറ്റിൽ രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അഞ്ച് ലക്ഷം സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യുമെന്ന് കോൺഗ്രസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച പായ്ക്കറ്റുകളിലാണ് സാനിറ്ററി പാഡുകൾ വിതരണത്തിനെത്തിയത്.
പ്രിയദർശിനി ഉഡാൻ യോജന എന്ന് പേരിട്ടിരിക്കുന്ന സംരംഭം, ആർത്തവ ശുചിത്വ അവബോധം വളർത്തുക എന്ന ലക്ഷ്യമിട്ടുള്ളതും കോൺഗ്രസിന്റെ വിശാലമായ സ്ത്രീ കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗവുമാണ്. , മഹിളാ കോൺഗ്രസ് വഴി 5 ലക്ഷം സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നതിനും അവരിൽ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമുള്ള ഒരു കാമ്പയിൻ ആരംഭിക്കുമെന്ന് പാറ്റ്‌നയിൽ പത്രസമ്മേളനത്തിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം പറഞ്ഞു
'പാഡ്മാൻ' എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സാനിറ്ററി പാഡുകൾ വിതരണം ചെയ്ത് സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ ബിഹാറിൽ കോൺഗ്രസ് നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രം ഇപ്പോൾ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്.രാഹുൽ ഗാന്ധിയുടെ ചിത്രം സാനിറ്ററി പാഡിൽ വയ്ക്കാനുള്ള തീരുമാനത്തെ "സ്ത്രീകളെ അപമാനിക്കുന്നത്" എന്നാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വിശേഷിപ്പിച്ചത്.
കോൺഗ്രസ് ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണെന്നും ബിഹാറിലെ സ്ത്രീകൾ കോൺഗ്രസിനെയും ആർജെഡിയെയും ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രഖ്യാപിച്ച പ്രചാരണത്തെ കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ ചിരാഗ് പാസ്വാനും അപലപിച്ചു. സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം വച്ചതിനെ അനുചിതമായ തീരുമാനമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അതേസമയം, ബിഹാറിലെ ആർത്തവ ശുചിത്വത്തിന്റെ യഥാർത്ഥ പ്രശ്നം ഊന്നിപ്പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതാവ് അൽക്ക ലാംബ വിവാദത്തോട് പ്രതികരിച്ചു. ബിജെപിയുടെ നിലപാട് സ്ത്രീവിരുദ്ധമാണെന്ന് അവർ വിമർശിച്ചു. ആർത്തവ സമയത്ത് സ്ത്രീകൾ തുണി ഉപയോഗിക്കുന്നതും ആരോഗ്യപരമായ അപകടങ്ങൾ നേരിടുന്നതും മൂലമുള്ള പ്രശ്നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അൽക ലാംബ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
ആധുനിക യുഗത്തിൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോ സാനിറ്ററി നാപ്കിൻ ബോക്സിൽ എന്തിനാണ് പതിപ്പിച്ചത് എന്നതല്ല ചോദിക്കേണ്ടതെന്നും ബീഹാറിലെ നമ്മുടെ പെൺമക്കൾ ആർത്തവ സമയത്ത് തുണി ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ഗുരുതരമായ രോഗങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്നതാണ് യഥാർത്ഥ ചോദ്യംമെന്നും ബിജെപിയുടെ ചിന്താഗതി എപ്പോഴും സ്ത്രീവിരുദ്ധമാണെന്നും അൽക്ക എക്‌സിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.