ന്യൂഡൽഹി: ഡൽഹിയിൽ ഷോക്കേറ്റ് മരിച്ച യുവാവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൻ ട്വിസ്റ്റ്. അതിക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഇരുവരേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ജൂലൈ 12-നായിരുന്നു 36-കാരനായ കരൺ ദേവ് മരിച്ചത്. ഭാര്യ സുസ്മിതയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവിന് വൈദ്യുതാഘാതം ഏറ്റെന്നായിരുന്നു ഇവർ ഡോക്ടറോട് പറഞ്ഞത്. പരിശോധനയിൽ കരൺ മരിച്ചതായി കണ്ടെത്തി. അപകടമരണമെന്നും പോസ്റ്റ്മോർട്ടം വേണ്ടെന്നുമുള്ള നിലപാടിലായിരുന്നു കുടുംബം. ഭാര്യ സുസ്മിതയും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ നിർബന്ധം പിടിച്ചു.
എന്നാൽ, കൊല്ലപ്പെട്ട കരൺ ദേവിന്റെ പ്രായവും മരണസാഹചര്യവും ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് പോസ്റ്റ്മോർട്ടം നടണമെന്നും നിലപാടെടുത്തു. ഈ സമയത്ത് കരൺ ദേവിന്റെ ബന്ധുവായ രാഹുലും സംഭവസ്ഥലത്തുണ്ടായിരുന്നു. സുസ്മിതയ്ക്കൊപ്പം ഇയാളും പോസ്റ്റ്മോർട്ടത്തെ ശക്തമായി എതിർത്തു.
മൂന്ന് ദിവസങ്ങൾക്ക് ശേഷം കരൺ ദേവിന്റെ ഇളയ സഹോദരൻ കുണാലിന് മരണത്തിൽ സംശയമുണ്ടായതോടെയാണ് സംഭവത്തിൽ ട്വിസ്റ്റുണ്ടാകുന്നത്. സഹോദരന്റെ ഭാര്യയും ബന്ധുവായ രാഹുലും ചേർന്ന് കരണിനെ കൊലപ്പെടുത്തിയതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാൾ പോലീസിൽ പരാതി നൽകി. ഇരുവരും തമ്മിലുള്ള ഇൻസ്റ്റഗ്രാം ചാറ്റ് അടക്കം തെളിവായി പോലീസിന് നൽകുകയും ചെയ്തു. ഇതിൽ ഭർത്താവിനെ എങ്ങനെ കൊലപ്പെടുത്താം എന്നതടക്കം ഇരുവരും ചർച്ചചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.
സുഷ്മിതയും കരണിന്റെ ബന്ധുവായ രാഹുലും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ഇരുവർക്കും ഒന്നിച്ച് ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകത്തിനായി പ്രതികൾ കൃത്യമായ ആസൂത്രണം നടത്തിയിരുന്നു. ഉറക്ക ഗുളിക സംബന്ധിച്ച വിവരങ്ങൾ ഇവർ ഗൂഗിളിൽ തിരഞ്ഞിരുന്നു.
രാത്രി ഭക്ഷണത്തിൽ 15 ഉറക്ക ഗുളികകൾ ചേർത്തുനൽകി. അബോധാവസ്ഥയിലാകുന്നതുവരെ ഇരുവരും കാത്തിരുന്നു. അമിതമായി ഉറക്ക ഗുളിക കഴിച്ചാൽ എത്ര സമയത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് ഇവർ ഗൂഗിളിൽ തിരഞ്ഞ് കണ്ടെത്തിയിരുന്നു. എന്നാൽ, സമയമേറെ ആയിട്ടും കരൺ മരിച്ചില്ല. തുടർന്ന് ഇരുവരും തമ്മിൽ ചർച്ചചെയ്ത്, അപകടമരണമെന്ന് വരുത്തിത്തീർക്കാൻ വൈദ്യുതാഘാതമേൽപ്പിക്കുകയായിരുന്നു.
വിശദമായ ചോദ്യംചെയ്യലിൽ സുസ്മിത കുറ്റം സമ്മതിച്ചു. കാമുകനായ ബന്ധുവിനൊപ്പം ചേർന്ന് താൻ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സുസ്മിത പോലീസിന് മൊഴിനൽകി. ഭർത്താവ് തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും പണം ചോദിച്ച് ഉപദ്രവിച്ചിരുന്നുവെന്നും സുസ്മിത പറഞ്ഞു.
കേസിൽ പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാവുമെന്ന് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.