ന്യൂഡൽഹി : പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ (സർവീസ് സഹകരണ ബാങ്കുകൾ) പ്രവർത്തനത്തിൽ കാതലായ മാറ്റങ്ങൾ നിർദേശിക്കുന്ന ദേശീയ സഹകരണ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
സർക്കാർ പദ്ധതികൾ നടപ്പാക്കാനുള്ള പദ്ധതി നിർവഹണ ഏജൻസികളായി പ്രാഥമിക കാർഷിക വായ്പ സംഘങ്ങളെ മാറ്റുന്നതിനൊപ്പം സർവീസ് സഹകരണ ബാങ്കുകളെ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളാക്കാനും നയം ലക്ഷ്യമിടുന്നു. സഹകരണ ബാങ്കുകൾക്കൊപ്പം പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം, വെയർഹൗസുകൾ, പൊതു സേവനകേന്ദ്രം, ന്യായവില കട, എൽപിജി വിതരണം, പെട്രോൾ/ഡീസൽ പമ്പ്, പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രം, ഗ്രാമീണ പൈപ്പ് ജലവിതരണ പദ്ധതി എന്നിവ തുടങ്ങി വിവിധ മേഖലകളിലേക്കുള്ള വിപുലീകരണം ലക്ഷ്യമിടുന്നു.എല്ലാ പഞ്ചായത്തിലും ഒരു സർവീസ് സഹകരണ ബാങ്ക്, എല്ലാ ജില്ലയിലും ഒരു ജില്ലാ സഹകരണ ബാങ്ക്, എല്ലാ നഗരങ്ങളിലും ഒരു അർബൻ സഹകരണ ബാങ്ക് എന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് നയം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞു. കേരളം എതിർപ്പ് അറിയിച്ച ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കണമെന്നും നയത്തിലുണ്ട്. കൂടാതെ ദേശീയ തലത്തിനൊപ്പം സംസ്ഥാന തലത്തിലും സഹകരണ സംഘങ്ങളുടെ ഡേറ്റബേസ് ഉണ്ടാക്കണമെന്നും ഇത് ദേശീയ ഡേറ്റബേസുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കാർഷിക വായ്പകളിൽ പലിശയിളവ് ലഭ്യമാക്കുന്നത് എളുപ്പമാക്കാൻ സഹകരണ ബാങ്കുകളുടെ ഡേറ്റ കാർഷിക മന്ത്രാലയത്തിന്റെ അടക്കമുള്ള ഡേറ്റബേസുമായി സംയോജിപ്പിക്കണമെന്നും നയത്തിൽ പറയുന്നു.
മറ്റു പ്രധാന നിർദേശങ്ങൾ ∙ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങൾക്കും റാങ്കിങ് ∙ ദേശീയ തലത്തിൽ ഏപ്പെക്‌സ് സഹകരണ ബാങ്ക് രൂപീകരിക്കും ∙ സഹകരണ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രൂപീകരിക്കും.
തകർച്ച നേരിടുന്ന സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന തലത്തിൽ പ്രത്യേക സംവിധാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.