ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ പൗരന്മാര്ക്ക് ഇന്ത്യയില്‍ ജനിച്ച കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയോട് ചില വിശദീകരണങ്ങള്‍ തേടിയിരിക്കുകയാണ്.
അനധികൃത കുടിയേറ്റം, ഇന്ത്യന്‍ വംശജര്‍ എന്നീ പദങ്ങളുടെ നിര്‍വ്വചനങ്ങള്‍ വ്യക്തമാക്കാനാണ് മന്ത്രാലയം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 2024 മെയ് 15ന് സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച വിധി ആ കേസിനെ മാത്രം സംബന്ധിച്ചാണ് എന്ന് വ്യക്തത വരുത്തണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഡെഡേലെ എന്നിവര്‍ അടങ്ങിയ ഡിവിഷന് ബഞ്ചിനോട് ആഭ്യന്ത്രമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.ഈ വിധി മറ്റ് കേസുകളില്‍ ഒരു കീഴ്വഴക്കമായി പരിഗണിക്കരുതെന്നും ഡിവിഷന് ബെഞ്ചിന് മുന്നില്‍ ഗവണ്മെന്റ് പ്ലീഡര്‍ അഭിഗ്യാന്‍ സിംഗ് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട്. സിംഗിള്‍ ബെഞ്ചിന്റെ വിധി നിരവധി അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള അവസരം ഒരുക്കിയേക്കും എന്നാണ് ആഭ്യന്തര മന്ത്രാലയം ഭയപ്പെടുന്നത്. മാത്രമല്ല്, ഇത് 1955 ലെ പൗരത്വ നിയമത്തിന്റെ അന്തസത്തയില്‍ വെള്ളം ചേര്‍ക്കുമെന്നും മന്ത്രാലയം ഭയപ്പെടുന്നു. 2026ല്‍ ആന്ധ്രാപ്രദേശിലെ നിഡമണ്ണൂരില്‍ ജനിച്ച രചിത ഫ്രാന്‍സിസ് സേവ്യറിന്റെ കേസിലാണ് സിംഗിള്‍ ബെഞ്ച് വിധി ഉണ്ടായത്.
രചിതയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാര് ആയിരുന്നു. എന്നാല്‍, 2001ലും 2005ലും ആയി അവര്‍ അമേരിക്കന്‍ പൗരത്വം നേടി. ഒസിഐ കാര്‍ഡുള്ള അവര്‍ ഇന്ത്യയില്‍ ആയിരിക്കുമ്പോഴായിരുന്നു രചിതയുടെ ജനനം. 2019ല്‍ രചിത വിദേശ പഠനത്തിനായി ഇന്ത്യന്‍ പാസ്പോര്‍ട്ടിനായി അപേക്ഷിച്ചപ്പോള്‍ അത് നിരസിക്കുകയായിരുന്നു. അവരെ ഒരു ഇന്ത്യന്‍ പൗരയായി കണക്കാക്കാന്‍ കഴിയില്ല എന്നതായിരുന്നു കാരണമായി പറഞ്ഞത്. ഇതോടെ ഇന്ത്യയിലും അമേരിക്കയിലും പൗരത്വമില്ലാത്ത അവസ്ഥയിലായി രചിത. തുടര്‍ന്നായിരുന്നു അവര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
പൗരത്വ നിയമവും, അനുബന്ധ വകുപ്പുകളും അടിസ്ഥാനമാക്കി ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചത് രചിതയെ ഒരു ഇന്ത്യന്‍ വംശജയായി കണക്കാക്കാന്‍ കഴിയില്ല എന്നാണ്. മാത്രമല്ല, പൗരത്വ നിയമത്തിലെ സെക്ഷന്‍ 2 (1) അനുസരിച്ച് അവരെ അനധികൃത കുടിയേറ്റക്കാരിയായി കണക്കാക്കുമെന്നും അറിയിച്ചു. വിസയോ മറ്റ് രേഖകളോ ഇല്ലാതെയാണ് അവര്‍ ഇന്ത്യയില്‍ താമസിക്കുന്നത് എന്നതാണ് അതിന് കാരണമായി പറഞ്ഞത്. രചിതയുടെ ജന്മ സമയത്ത് അവരുടെ മാതാപിതാക്കള്‍ക്ക് ഓവര്‍സീസ് സിറ്റിസെന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉണ്ടായിരുന്നു. മാത്രമല്ല, രചിത അവരുടെ ഇതുവരെയുള്ള ജീവിതം ജീവിച്ചത് മുഴുവനും ഇന്ത്യയില്‍ തന്നെയായിരുന്നു.
രചിതയുടെ അനിതരസാധാരണമായ സാഹചര്യം മനസിലാക്കിയ ഹൈക്കോടതി അവരെ അനധികൃത കുടിയേറ്റക്കാരിയായി കണക്കാക്കാന്‍ ആകില്ലെന്ന് വിധിച്ചിരുന്നു. മാത്രമല്ല, ഇന്ത്യന്‍ വംശജയായി പരിഗണിക്കപ്പെടാനുള്ള അര്‍ഹത രചിതയ്ക്ക് ഉണ്ടെന്നും അതുകൊണ്ട് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് നല്‍കണമെന്നും വിധിച്ചു. ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത അവസ്ഥയാണ് രചിതയുടേതെന്നും ഇത് അവരുടെ മൗലികാവകാശങ്ങള്‍ പരിമിതപ്പെടുത്തുകയാണെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് 2024 ജൂലായ് 31ന് രചിതയ്ക്ക് ഇന്ത്യന്‍ പൗരത്വം നല്കുകയുണ്ടായി.
ഇതിനെതിരായാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. രചിതയ്ക്ക് പാസ്സ്പോര്‍ട്ട് നല്‍കിയതിനെ അപ്പീലില്‍ എതിര്‍ക്കുന്നില്ലെങ്കിലും, രചിത അനധികൃത കുടിയേറ്റക്കാരി അല്ലെന്നും, ഇന്ത്യന്‍ വംശജയാകാന്‍ അര്‍ഹതയുണ്ടെന്നുമുള്ള ജഡ്ജിയുടെ പ്രഖ്യാപനത്തെ എതിര്‍ത്തുകൊണ്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. രചിതക്ക് അനുകൂലമായി വന്ന സിംഗിള്‍ ബെഞ്ച് വിധി ആ കേസില്‍ മാത്രമായി പരിമിതപ്പെടുത്തണം എന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ ജനിച്ചു എന്നതുകൊണ്ടും, ഒരിക്കലും ഇന്ത്യയ്ക്ക് പുറത്ത് പോയിട്ടില്ല എന്നതുകൊണ്ടും മാത്രം ഒരാളെ അനധികൃത കുടിയേറ്റക്കാരനായി കണക്കാക്കാതിരിക്കാന്‍ കഴിയില്ല എന്നാണ് അപ്പീലില്‍ പറയുന്നത്.
ഇന്ത്യന്‍ പൗരത്വ നിയമവും 1946 ലെ ഫോറിനേഴ്സ് ആക്റ്റും, ഇന്ത്യയില്‍ ജനിച്ച കുട്ടികള്‍ ഉള്‍പ്പടെ എല്ലാ വിദേശികള്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. വിദേശികള്‍ക്ക് ഇന്ത്യയില്‍ കുട്ടികള്‍ ജനിച്ചാല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ വിസ സേവനം നല്‍കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതുപോലെ സ്വതന്ത്ര ഇന്തയിലാണ് രചിതയുടെ അമ്മ ജനിച്ചത് എന്നതിനാല്‍ രചിതയെ ഇന്ത്യന്‍ വംശജയായി പരിഗണിക്കാം എന്ന കോടതി നിരീക്ഷണവും തെറ്റാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.