കല്പറ്റ: മാട്രിമോണി സൈറ്റുകളിൽനിന്ന് സ്ത്രീകളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വിവാഹപരസ്യം നൽകി പണം തട്ടിയ യുവാവ് അറസ്റ്റിൽ.
തിരുവനന്തപുരം നേതാജി നഗർ ശ്രീനാരായണപുരം പൊയ്കയിൽ വീട്ടിൽ മുഹമ്മദ് റമീസി(27)നെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റുചെയ്തത്.ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ മാട്രിമോണിയൽ ഗ്രൂപ്പുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകളും നിർമിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജ അക്കൗണ്ടുകളിലൂടെ ‘വരനെ ആവശ്യമുണ്ട്’ എന്ന് പരസ്യം നൽകും. ഇതിനായി വിവിധ മാട്രിമോണി സൈറ്റുകളിൽനിന്ന് പെൺകുട്ടികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ഇയാൾ കൈവശപ്പെടുത്തും.വിവാഹക്കാര്യം അന്വേഷിച്ച് ബന്ധപ്പെടുന്നവർക്ക് പെൺകുട്ടികളുടെ ചിത്രവും ഒപ്പം ജില്ലയുടെ പേരും അയച്ചുനൽകും. ഇയാളുടെ സഹായികൾതന്നെ ഇടപാടുകാരോട് സ്ത്രീകളുടെ ബന്ധുവാണ് എന്ന വ്യാജന സംസാരിച്ച് വിശ്വാസത്തിലെടുക്കും. തുടർന്ന് രജിസ്ട്രേഷനായി 1400 രൂപ വാങ്ങിക്കും. പണം വാങ്ങിക്കഴിഞ്ഞാൽ ഇടപാടുകാരനെ ബ്ലോക്ക്ചെയ്ത് ഒഴിവാക്കും. ഇത്തരത്തിൽ തട്ടിപ്പിനിരയായ ചൂരൽമല സ്വദേശി വയനാട് സൈബർ പോലീസിൽ നൽകിയ പരാതിയാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്.
തട്ടിപ്പിനിരയായ വ്യക്തി പിന്നീട് മറ്റൊരുനമ്പർ മുഖേന റമീസിനെ ബന്ധപ്പെട്ടു. മുൻപ് അയച്ചുനൽകിയ പെൺകുട്ടിയുടെ ഫോട്ടോതന്നെ തട്ടിപ്പുകാർ മറ്റൊരുപേരിൽ അയച്ചുനൽകി. ജില്ലയും മാറ്റി. ഇതോടെ തട്ടിപ്പനിരയായ വ്യക്തി സൈബർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാവുന്നത്.പലരിൽ നിന്നായി ചെറിയ തുകവാങ്ങി വലിയ തട്ടിപ്പാണ് റമീസ് നടത്തിയിരുന്നത്. ജൂൺമാസത്തിൽ മാത്രമായി മുന്നൂറോളം പേരിൽ നിന്നായി ഇയാൾ നാലുലക്ഷത്തിലധികം രൂപയാണ് തട്ടിയതെന്ന് പോലീസ് പറഞ്ഞു.
1400 രൂപ നഷ്ടമായെന്ന് മനസ്സിലായാലും അധികമാരും പരാതിയുമായി പോകാത്തതും തട്ടിപ്പ് തുടരാൻ കാരണമായി. റമീസ് കഴിഞ്ഞ എട്ടുമാസമായിട്ട് തട്ടിപ്പ് തുടരുകയാണെന്നും സ്ത്രീകളുൾപ്പെടെ തട്ടിപ്പിൽ സഹായികളുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിനുമുൻപുള്ള തട്ടിപ്പുവിവരങ്ങൾ ശേഖരിച്ചുവരുകയാെണന്നും റമീസിന്റെ പേരിൽ 27 പരാതികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ വന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വയനാട് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫ്, എസ്ഐ ബിനോജ് സ്കറിയ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ സലാം, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ അരവിന്ദ്, മുഹമ്മദ് അനീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം ടൗണിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കല്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.