തിരുവനന്തപുരം: ഇടതുപക്ഷവും വലതുപക്ഷവും ജയിപ്പിക്കുന്നവരില്‍ അധികവും 'നാമധാരി' പട്ടികജാതിക്കാര്‍ മാത്രമാണെന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. പട്ടികജാതി വിരുദ്ധ മനോഭാവം തുറന്നുകാട്ടുന്നതാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. സുരേന്ദ്രന്റെ പരാമര്‍ശം അപലപനീയമാണെന്നും അത് കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു.
'ഒരു രാഷ്ട്രീയ നേതാവ്, അതും മുന്‍ സംസ്ഥാന അധ്യക്ഷന്‍, ഇത്തരമൊരു പരാമര്‍ശം നടത്തുന്നത് ആശ്ചര്യകരമാണ്. ഇത് സാമൂഹ്യ നീതിയോടുളള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അഭാവമാണ് കാണിക്കുന്നത്. രാജ്യത്ത് നിലവിലുളള സംവരണ തത്വങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ചോദ്യംചെയ്യുന്ന സമീപനമാണിത്. ജനാധിപത്യ പ്രക്രിയയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാന്‍ സംവരണം അത്യന്താപേക്ഷിതമാണ്. അതിനെ 'നാമധാരി' എന്ന് പറഞ്ഞ് തരംതാഴ്ത്തുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണ്'- വി ശിവന്‍കുട്ടി പറഞ്ഞു.
കേരളം സാമൂഹ്യനീതിക്കും സമത്വത്തിനും പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണെന്നും ഇവിടെ ജാതിയുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്നതിനോട അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനോ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിന്റെ പുരോഗമനപരമായ കാഴ്ച്ചപ്പാടുകളെ ചോദ്യംചെയ്യുന്നതാണെന്നും നമ്മുടെ സമൂഹം വര്‍ണ്ണ-ജാതി വിവേചനങ്ങളില്‍ നിന്ന് മുന്നോട്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ സാമൂഹിക ഭിന്നത വളര്‍ത്താനേ ഉപകരിക്കുകയുളളുവെന്നും മന്ത്രി പറഞ്ഞു.
പൊതുസമൂഹത്തില്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടത് അത്യാവശ്യാമാണെന്നും ഇത് ഒരു വ്യക്തിയുടെ മാത്രം അഭിപ്രായമായി കാണാനാകില്ല, മറിച്ച് ബിജെപിയുടെ സാമൂഹിക കാഴ്ച്ചപ്പാടുകളിലുളള അബദ്ധ ധാരണകളെയാണ് ഇത് വെളിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി സംവരണ മണ്ഡലങ്ങളില്‍ പോലും കേരളത്തില്‍ ജയിച്ചുവരാനുള്ള അവസരം യഥാര്‍ത്ഥ പട്ടികജാതിക്കാര്‍ക്കില്ലെന്നും ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാര്‍ മാത്രമാണെന്നുമാണ് കെ സുരേന്ദ്രൻ പറഞ്ഞത്. കൊടിക്കുന്നില്‍ സുരേഷിനെയും പി കെ ബിജുവിനെയും ലക്ഷ്യമിട്ടായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. 'ഛത്തീസ് ഗഡിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഓർമ്മിപ്പിക്കുകയാണ് .
മോദി സർക്കാർ വന്നതിനുശേഷം ഇത്തരം സംഭവങ്ങൾ കുറഞ്ഞു എന്നാണ് കണക്കുകൾ പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾ പോലും പർവ്വതീകരിക്കപ്പെടുന്ന കേരളത്തിൽ എല്ലാവരും ബോധപൂർവ്വം വിസ്മരിക്കുന്ന സത്യം ഇതാണ്. പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ പോലും കേരളത്തിൽ ജയിച്ചുവരാനുള്ള അവസരം യഥാർത്ഥ പട്ടികജാതിക്കാർക്കില്ല. ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാർ മാത്രം'-എന്നായിരുന്നു സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.