കോഴിക്കോട്; സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ഓഗസ്റ്റ് അഞ്ചിന് എല്ലാ ജില്ലാ കലക്ടറേറ്റുകൾക്കു മുൻപിലും സെപ്റ്റംബർ 30ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുൻപിലും ധർണ നടത്തും.
സമസ്തയുടെ മദ്രസാപഠനം നിയന്ത്രിക്കുന്ന മദ്രസ മാനേജ്മെന്റ് അസോസിയേഷന്റെ കീഴിൽ കോഴിക്കോട്ട് ടൗൺ ഹാളിൽ ചേർന്ന സമരപ്രഖ്യാപന കൺവൻഷനിലാണ് തീരുമാനം. മദ്രസാതല പ്രതിഷേധം മുതൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വരെ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസല്യാർ അറിയിച്ചു.ജൂലൈ 20നു മുൻപ് എല്ലാ ജില്ലകളിലും ജില്ലാതല പ്രതിഷേധ കൺവൻഷൻ നടത്തും. ജൂലൈ 25നു മുൻപ് റേഞ്ച്തല കൺവൻഷനുകളും സെപ്റ്റംബർ 30നു മുൻപായി മദ്രസാതലത്തിലും പ്രതിഷേധ കൺവൻഷനുകൾ നടത്താനാണ് തീരുമാനം. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പും സമസ്ത നൽകി. മദ്രസാപഠനത്തെ ബാധിക്കാതെ തന്നെ സ്കൂൾ സമയം നീട്ടാൻ സാധിക്കുമെന്നും, അതിനായി സർക്കാർ സമസ്തയുമായി ചർച്ച നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. അതേസമയം, സമസ്തയ്ക്കൊപ്പം ചേർന്ന പ്രത്യക്ഷ സമരത്തിനില്ലെന്നാണ് മുസ്‌ലിം ലീഗ് നിലപാട്.
സ്കൂൾ സമയമാറ്റത്തിൽ എല്ലാ മതപണ്ഡിതരുമായി കൂടിയാലോചിച്ച് ലീഗ് വ്യക്തമായ തീരുമാനത്തിൽ എത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചു. എട്ടു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അര മണിക്കൂര്‍ കൂടി വർധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് ഇതിലൂടെ വര്‍ധിച്ചത്.
രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം. സ്കൂൾ സമയം കൂട്ടിയതിൽ പുനരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഈ ഉത്തരവ്. തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്റേത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിൽ മാറ്റം വരുത്തിയത്.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്കൂളിൽ 1,100 മണിക്കൂർ പഠന സമയം വേണം. സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്കൂളിൽ അര മണിക്കൂർ അധിക സമയം നിർദേശിച്ചത്. സമയം പുനഃക്രമീകരിക്കാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടു. സമയമാറ്റം പുനഃപരിശോധിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.