കൊച്ചി; ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു രക്ഷപെട്ടത് ദുരൂഹവും അവിശ്വസനീയവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടുന്നതിന് അകത്തുനിന്നും പുറത്തുനിന്നും സഹായം കിട്ടിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സർക്കാരിനു വേണ്ടപ്പെട്ടവരാണ് ആ ജയിലിൽ കിടക്കുന്നവരെന്നും ഗോവിന്ദച്ചാമിയും അവരുടെ പ്രിയപ്പെട്ടവരുടെ കൂടെയാണ് ഉണ്ടായതെന്നാണ് ഇപ്പോൾ മനസ്സിലായതെന്നും അദ്ദേഹം കൊച്ചിയിൽ പ്രതികരിച്ചു.‘‘അകത്തുനിന്നും പുറത്തുനിന്നും എല്ലാ പിന്തുണയും ഗോവിന്ദച്ചാമിക്ക് കിട്ടിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ ക്രിമിനലുകളുടെ കൂടാണ്, അവർക്ക് കുട പിടിച്ചു കൊടുക്കുകയാണ് അവിടെ. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഉൾപ്പെടെ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നു.അവർക്ക് ഇഷ്ടം പോലെ പരോൾ, ഇഷ്ടഭക്ഷണം, ഇഷ്ടമദ്യം, ലഹരി മരുന്ന് ഇതെല്ലാം ലഭിക്കുന്നു. മെനു പോലും അവരാണ് കൊടുക്കുന്നത്. ലഹരിമരുന്നു കച്ചവടവും ക്വട്ടേഷനും ജയിലിൽ ഇരുന്നാണ് അവർ നടത്തുന്നത്. ഏറ്റവും പുതിയ ഫോണുകളാണ് അവര്‍ ഉപയോഗിക്കുന്നത്. ജയിലിലെ രാജാക്കന്മാരായി അവർ വാഴുകയാണ്. കണ്ണൂർ സെന്‍ട്രൽ ജയിൽ ക്രിമിനലുകൾക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണ്. ഇപ്പോൾ ഗോവിന്ദച്ചാമിയും ആ പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് മനസ്സിലായി.’’– സതീശൻ പറഞ്ഞു.
സാമാന്യ ബുദ്ധിയുള്ള ഒരാൾക്കും വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ് ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു മണിക്കാണ് ജയിൽ അധികൃതർ അറിഞ്ഞത്. ഏഴു മണിക്കാണ് പൊലീസ് അറിഞ്ഞത്. അതോടെ രക്ഷപ്പെടാൻ ആവശ്യമായ സമയം ഗോവിന്ദച്ചാമിക്ക് വിട്ടുകൊടുക്കുകയായിരുന്നു. സഹായം ലഭിക്കാതെ ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് സതീശൻ പറഞ്ഞു.
ഒരു കൈക്ക് സ്വാധീനമില്ലാത്ത ഒരാൾ എത്ര ദിവസം കൊണ്ടാണ് ജയിലഴികൾ മുറിച്ച് പുറത്തു വരിക? ജയിലിൽ ഇത്ര നീളമുള്ള തുണി എങ്ങനെയാണ് അയാൾക്ക് കിട്ടിയത്? ഇത്തരം സാധനങ്ങളൊന്നും അന്തേവാസികൾക്ക് ലഭ്യമാകരുതെന്ന് ജയിൽ ചട്ടം പറയുമ്പോഴും ഗോവിന്ദച്ചാമിക്ക് ആവശ്യമായ കയറും തുണിയും ഒക്കെ ലഭിച്ചു. നാട്ടുകാരുടെ സഹായമില്ലായിരുന്നെങ്കിൽ പൊലീസിന് ഇയാളെ പിടികൂടാൻ സാധിക്കുമായിരുന്നില്ലെന്നും സതീശൻ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.