മുംബൈ : സ്വന്തം അനിയനെ കുഴിച്ചിട്ട സ്ഥലത്താണ് ടൈൽ പാകിയതെന്ന് അറിഞ്ഞിരുന്നില്ലെന്നു വിലപിച്ച് മുംബൈയിലെ യുവാവ്. നാലസൊപാരയിൽ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കാമുകനും ചേർന്നു വീട്ടിൽ കുഴിച്ചുമൂടിയ സംഭവത്തിലാണു പുതിയ വെളിപ്പെടുത്തൽ. നാലസൊപാരയിലെ ധാനിവ്‌ബാഗിൽ ഓംസായ് വെൽഫെയർ സൊസൈറ്റിയിൽ താമസിക്കുന്ന വിജയ് ചൗഹാനാണ് (34) കൊല്ലപ്പെട്ടത്. കൊന്നു കുഴിച്ചുമൂടിയതിനു പിന്നാലെ വിജയ്‌യുടെ സഹോദരൻ അജയ്‌യെ വിളിച്ച് ടൈൽ ഇടണമെന്ന് ഭാര്യ ആവശ്യപ്പെടുകയായിരുന്നു.
കേസിൽ ഭാര്യ ഗുഡിയ ദേവി (ചമൻ – 28), സുഹൃത്തും അയൽവാസിയുമായ മോനു വിശ്വകർമ (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് പരിഗണിച്ച കോടതി കൂടുതൽ ചോദ്യം ചെയ്യലിനായി 30 വരെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. 19 മുതൽ ഒളിവിലായിരുന്നു. പുണെയിൽ വച്ചായിരുന്നു അറസ്റ്റ്.
‘‘കുറച്ചു ദിവസങ്ങൾക്കു മുൻപ് ഗുഡിയ വിളിച്ചപ്പോൾ വിജയ് ദേഷ്യത്തിൽ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്നു പറഞ്ഞു. പൈപ്പിന്റെ പണി നടന്നതിനാൽ ചില ടൈലുകൾ പൊട്ടിപ്പോയെന്നും അതു മാറ്റിയിടാൻ വരണമെന്നും എന്നോടു പറഞ്ഞു’’ – നാലു സഹോദരങ്ങളിൽ ഏറ്റവും മുതിർന്നയാളായ അജയ് പറഞ്ഞു. പലവട്ടം ഫോൺ ചെയ്തെങ്കിലും ജൂലൈ 19നാണ് അജയ്ക്ക് ടൈൽ ഇടാൻ എത്താനായത്. രണ്ടു ദിവസങ്ങൾക്കുശേഷം പൊലീസ് മൃതദേഹം കണ്ടെടുത്തു.
ജൂലൈ അഞ്ചിനോ ആറിനോ ആകാം കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു ഘട്ടംഘട്ടമായി പണം അപഹരിച്ചതിനുശേഷം സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർച്ചയായി ഫോണിൽ വിളിച്ചിട്ടും പ്രതികരണം ലഭിക്കാതായതോടെ അജയ് ചൗഹാന്റെ മറ്റൊരു സഹോദരൻ അഖിലേഷ് നടത്തിയ അന്വേഷണമാണു ക്രൂരമായ കൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്.
‘‘വിജയ് എന്തുകൊണ്ട് ഫോൺ എടുക്കുന്നില്ലെന്ന് ഗുഡിയയോട് ചോദിച്ചപ്പോൾ പുതിയ ഫോൺ വാങ്ങിയെന്നും ദേഷ്യപ്പെട്ടാണ് വീട്ടിൽനിന്നു ജോലി ചെയ്യുന്ന കണ്ടിവാലിയിലേക്കു പോയതെന്നുമായിരുന്നു മറുപടി. എന്നാൽ അവിടെ അന്വേഷിച്ചപ്പോൾ എട്ടു ദിവസങ്ങൾക്കു മുൻപ് ജോലി വിട്ടെന്ന മറുപടിയാണ് ലഭിച്ചത്’’ – അജയ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.